PRAVASI

സിഎംആർഎൽ-എക്‌സാലോജിക് കേസ്! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകണം

Blog Image

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ.ഡി നിർദേശം നൽകിയിരിക്കുന്നത്. കേസിൽ ഇ.ഡി നേരത്തെ രണ്ടിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് സർവീസ് ലീഗൽ എഗ്രിമെന്റ് വഴി 2017 മുതൽ 2019 വരെ പ്രതിമാസം മൂന്നുലക്ഷത്തിലധികം രൂപ വീതം സി.എം.ആർ.എൽ നൽകിയെന്നാണ് ഇ.ഡി കണ്ടെത്തിയിട്ടുള്ളത്. കൂടാതെ ഐ.ടി, മാർക്കറ്റിങ് കൺസൾട്ടൻസി എന്ന നിലയിലും ഇതേ കാലയളവിൽ വീണയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ആകെ 3.28 കോടി രൂപയുടെ ഇടപാടാണ് നടന്നത്. പ്രത്യേകിച്ച് സേവനങ്ങളൊന്നും നൽകാതെ ഈ തുക കൈപ്പറ്റിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ഇ.ഡിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ വിജിലൻസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തത്. രണ്ട് കേസുകളിലും ടി. വീണ പ്രതിയാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതികൾ. എന്നാൽ ഈ വിജിലൻസ് എഫ്.ഐ.ആർ റദ്ദാക്കണമെന്നും നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ്, ഹസൻ വാരിസ് എന്നിവർ ഇന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വാദം കേൾക്കുന്നതിനായി അടുത്ത ആഴ്ച പ്രത്യേക അവധിക്കാല ബെഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്.

വിജിലൻസ് നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ പരമോന്നത നീതിപീഠത്തിലേക്ക് നീങ്ങിയത്. സുപ്രീം കോടതിയിൽ അടിയന്തര സംരക്ഷണം ആവശ്യപ്പെട്ട പിണറായി വിജയനു വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറയാണ് ഹാജരായത്. അന്വേഷണത്തിന്റെ ഭാഗമായി പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് 82 വയസ്സുണ്ടെന്ന കാര്യവും ഉന്നയിച്ച് ഇന്നുതന്നെ ഇടക്കാല സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ അടുത്ത ആഴ്ച ഹർജി പരിഗണിക്കുന്ന കാര്യമായിരിക്കും കോടതി തിരുമാനിക്കുക. ഇതിനിടയിലാണ് ഇ.ഡി അന്വേഷണ സംഘം സമൻസ് അയച്ച് പ്രതിപക്ഷ നേതാവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.