PRAVASI

കേരള കോണ്‍ഗ്രസ് എമ്മിന് സമ്പൂര്‍ണ്ണ പരാജയം

Blog Image

പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനുമടക്കം മത്സരിച്ച 12 സ്ഥാനാര്‍ത്ഥികളും പരാജയപ്പെട്ടതോടെ കേരള കോണ്‍ഗ്രസ് എമ്മിന് സമ്പൂര്‍ണ്ണ പരാജയം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയമാണിത്. നിയമസഭയില്‍ ഒരംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിയാത്ത നാണംകെട്ട തോല്‍വി. പാലായുടെ മാണിക്യമായിരുന്ന പിതാവ് കെ.എം മാണി 13 തവണ വിജയിച്ച പാല മണ്ഡലത്തിലാണ് ജോസ് കെ മാണി, മാണി സി കാപ്പനോട് പരാജയമേറ്റുവാങ്ങേണ്ടി വന്നത്. ജലവിഭവ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ കോണ്‍ഗ്രസിലെ റോയ് കെ പൗലോസിനോടും ദയനീയമായി തോല്‍വി ഏറ്റുവാങ്ങി.

യു.ഡി.എഫില്‍ ധനകാര്യവകുപ്പും ജലവിഭവ വകുപ്പും ചീഫ് വിപ്പ് സ്ഥാനവും വഹിച്ചിരുന്ന യു.ഡി.എഫിലെ രണ്ടാമത്തെ ഘടകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് എം 2020 ലാണ് ഇടതുപക്ഷത്തേക്ക് മാറിയത്. മുന്നണി ധാരണപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് പുറത്താക്കിയത്. നാലുപതിറ്റാണ്ട് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമായിരുന്ന കേരള കോണ്‍ഗ്രസ് എം പിന്നീട് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു. 2015ല്‍ ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് കെ.എം മാണി ധനകാര്യ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. ബാര്‍കോഴക്കേസില്‍ കെ.എം മാണിയെ കോഴ മാണി എന്ന് വിളിച്ച് ആക്ഷേപിച്ച ഇടതുപക്ഷം പറഞ്ഞതെല്ലാം വിഴുങ്ങി മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കി 2021ലെ പിണറായി വിജയന്‍ സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിലെ റോഷി അഗസ്റ്റിന് നല്‍കി. കെ.എം മാണിയുടെ പുത്രനും പാര്‍ട്ടി ചെയര്‍മാനുമായ ജോസ് കെ മാണിക്ക് രാജ്യസഭാ അംഗത്വവും നല്‍കി.

2021ല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി നല്‍കിയ 12 സീറ്റില്‍ 5 ഇടത്ത് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. കെ.എം മാണി 13 തവണ തുടര്‍ച്ചയായി വിജയിച്ച പാലാ സീറ്റില്‍ ഇടതുതരംഗമുണ്ടായിട്ടും മകന്‍ ജോസ് കെ മാണി 15378 വോട്ടിന് പരാജയപ്പെട്ടത് തിരിച്ചടിയായിരുന്നു. ഇത്തവണ പാല തിരിച്ച്പിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് ജോസ് കെ മാണി മത്സരിച്ചത്. രണ്ടാം വട്ടവും പരാജയപ്പെട്ടത് അപ്രതീക്ഷിത തിരിച്ചടിയാണ്.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ യു.ഡി.എഫ് പ്രവേശനത്തിന് കത്തോലിക്കാ സഭാ നേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിട്ടും മന്ത്രി റോഷി അഗസ്റ്റിനാണ് ഇതിനെ എതിര്‍ത്തത്. റോഷിയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി പിളര്‍ത്തുമെന്ന ഭീഷണി സി.പി.എം മുഴക്കിയതോടെയാണ് ജോസ് കെ മാണി മുന്നണി മാറ്റം ഉപേക്ഷിച്ചത്. ഈ പിന്‍മാറ്റം കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ അസ്ഥിത്വം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.

റോഷി അഗസ്റ്റിയന്‍ (ഇടുക്കി), ചീഫ് വിപ്പ് എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കല്‍ (ചങ്ങനാശേരി), സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), പ്രമോദ് നാരായണന്‍ (റാന്നി) എന്നിവരായിരുന്ന കഴിഞ്ഞ നിയമസഭയില്‍ കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍. യു.ഡി.എഫ് സര്‍ക്കാരില്‍ ധനകാര്യ വകുപ്പും , ജലവിഭവവകുപ്പും ചീഫ് വിപ്പ് സ്ഥാനവുമാണ് കേരള കോണ്‍ഗ്രസിന് പതിവായി ലഭിച്ചിരുന്നത്. എന്നാല്‍ ഇടതുമുന്നണിയിലേക്ക് മാറിയപ്പോള്‍ ജലവിഭവവകുപ്പ് എന്ന ഒറ്റ മന്ത്രിസ്ഥാനത്തില്‍ ഒതുങ്ങി. ആശ്വാസമായി എന്‍.ജയരാജിന് ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചു. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം മാണി ധനകാര്യ മന്ത്രിയും പി.ജെ ജോസഫ് ജലവിഭവവകുപ്പ് മന്ത്രിയും പി.സി ജോര്‍ജ് ചീഫ് വിപ്പുമായിരുന്നു. യു.ഡി.എഫില്‍ ലീഗിന് പിന്നാലെ മൂന്നാമത്തെ ഘടകകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനവും സമ്മര്‍ദ്ദ ശക്തിയും പക്ഷേ ഇടതുമുന്നണിയില്‍ പയറ്റാന്‍ കഴിഞ്ഞില്ല. സി.പി.ഐയുടെ എതിര്‍പ്പുകളും കേരള കോണ്‍ഗ്രസിന് അമിത പരിഗണനക്കുള്ള സി.പി.എം നീക്കത്തിന് തടയിടുകയായിരുന്നു. കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഇടപെടലില്‍ യു.ഡി.എഫിലേക്ക് മടങ്ങാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിച്ചത് കേരള കോണ്‍ഗ്രസ് എമ്മിന് രാഷ്ട്രീയ ആത്മഹത്യയുമായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.