PRAVASI

‘കോൺഗ്രസ്’ അടുത്ത 30 വർഷത്തേക്ക് അധികാരത്തിലെത്തില്ല! രാഹുൽ ഗാന്ധിക്കെതിരെ മോദിയും അമിത് ഷായും

Blog Image

കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. വരുന്ന 30 വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയില്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ 8,941 കോടി രൂപയുടെ യമുന പുനരുജ്ജീവന പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. കോടിക്കണക്കിന് ബി.ജെ.പി. പ്രവർത്തകരും പ്രധാനമന്ത്രി മോദിയും ജനങ്ങൾക്കൊപ്പമാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെയും അമിത് ഷാ പരിഹസിച്ചു. പ്രതിഷേധംകൊണ്ട് നേട്ടമുണ്ടാകില്ലെന്നും അടുത്ത 30 വർഷവും ബി.ജെ.പി. അധികാരത്തിൽ തുടരുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ എത്തിച്ചാണ് കോൺഗ്രസ് ഡൽഹിയിൽ സമരം നടത്തുന്നതെന്നും ഇതിലൂടെ ബി.ജെ.പി.ക്ക് ലഭിച്ച ജനവിധി ഇല്ലാതാക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം പാർട്ടി രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അതേസമയം, കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. കോൺഗ്രസ് തങ്ങളുടെ ‘പരാജയപ്പെട്ട ഉത്പന്നത്തെ’ ഉയർത്തിക്കൊണ്ടുവരാൻ എത്രകാലം ശ്രമിക്കുമെന്നറിയില്ലെന്നായിരുന്നു രാഹുലിന്റെ പേര് പരാമർശിക്കാതെയുള്ള വിമർശനം. ലോകം പുതിയ ക്രമം തേടുമ്പോൾ ചിലർ രാജ്യത്ത് ക്രമരാഹിത്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദിയുടെ പരാമർശങ്ങൾ. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രസംഗം.

ശ്രീഹരിക്കോട്ടയിൽനിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളുമായി താരതമ്യം ചെയ്തും മോദി കോൺഗ്രസിനെ വിമർശിച്ചു. സ്വന്തം നേതാവിനെ ഉയർത്തിക്കൊണ്ടുവരാൻ കോൺഗ്രസ് നടത്തുന്ന പരാജയപ്പെട്ട ശ്രമങ്ങളെക്കാൾ കൂടുതൽ വിക്ഷേപണങ്ങൾ രാജ്യം ഒരു വർഷം ശ്രീഹരിക്കോട്ടയിൽനിന്ന് നടത്തുന്നുണ്ടെന്നായിരുന്നു പരിഹാസം. തുടർച്ചയായ പരാജയങ്ങളിൽനിന്ന് ഒരു കുടുംബത്തെ സംരക്ഷിക്കാൻ കോൺഗ്രസ് രാജ്യത്തിന്റെ യശസ്സിനെ അപകടത്തിലാക്കുകയാണെന്നും മറ്റുള്ളവരെ മുന്നോട്ടുവരാൻ അനുവദിക്കാത്ത പരാന്നഭോജിയായി പാർട്ടി മാറിയെന്നും മോദി ആരോപിച്ചു. ഒരു വ്യക്തിക്ക് മാത്രം പ്രാധാന്യം നൽകുന്നതിലൂടെ യുവ പ്രതിപക്ഷ നേതാക്കളുടെ ശബ്ദം അവഗണിക്കപ്പെടുകയാണെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള കുടുംബം പാർട്ടിക്ക് ഭാരമായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.