ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മലങ്കര ടൂറിസം പദ്ധതിയുടെ കരാർ നൽകിയതിൽ 112 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് നടപടി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ഒരാഴ്ച തികയുന്നതിന് മുൻപാണ് മുൻ മന്ത്രിക്കെതിരെ നിർണ്ണായകമായ ഈ നീക്കം ഉണ്ടായിരിക്കുന്നത്.
മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിന് ലഭിച്ച പരാതി. കോഴിക്കോട് ആസ്ഥാനമായുള്ള ‘FSIT റീഡിഫൈൻ ഡെസ്റ്റിനേഷൻസ്’ എന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിൽ വലിയ ക്രമക്കേടുണ്ട്. സ്വകാര്യ കമ്പനിക്ക് അമിത ലാഭമുണ്ടാക്കുന്ന രീതിയിലാണ് ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് മേധാവി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫാണ് പരാതി നൽകിയത്.

