PRAVASI

സമൂഹ വിവാഹത്തിന് തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളുടെ കൗൺസിലിംഗ് പൂർത്തിയായി

Blog Image

പത്തനാപുരം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസും, പത്തനാപുരം ഗാന്ധിഭവനും ചേർന്നുകൊണ്ട് 2025 ഒക്ടോബർ മാസം രണ്ടാം തീയതി പത്തനാപുരം ഗാന്ധിഭവനിൽ വച്ച് നടത്തപെടുന്ന സമൂഹ വിവാഹത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദമ്പതികൾക്കായുള്ള കൗൺസിലിംഗ് പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നിർധനരായിട്ടുള്ള 25 പെൺകുട്ടികൾക്കാണ് വിവാഹം എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാനുള്ള അവസരം  ഈ സമൂഹ വിവാഹത്തിലൂടെ ലഭ്യമാകുന്നത്. ഇവരെ വിവാഹം കഴിക്കുന്ന ആൺകുട്ടികൾ ഉൾപ്പെടെയുള്ള കുടുംബവും ഒന്നിച്ചു ചേർന്നു കൊണ്ട് ഗാന്ധിഭവനിൽ എത്തുകയും, വിവാഹത്തിന് മുൻപുള്ള കൗൺസിലിംഗ് പ്രൊവിൻസും ഗാന്ധിഭവനും ചേർന്ന് വളരെ വിജയകരമായി സംഘടിപ്പിച്ചു പൂർത്തീകരിച്ചു.      കുറ്റമറ്റ രീതിയിൽ, ആഘോഷമായി, എല്ലാവരുടെയും സാന്നിധ്യത്തിൽ സമൂഹവിവാഹം നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാവുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും, മന്ത്രിമാരും, ജനപ്രതിനിധികളും, സംഘടനാ ഭാരവാഹികളും, ബന്ധുക്കളും, ഗാന്ധിഭവനിലെ മാതാപിതാക്കളും, കുട്ടികളും, സേവകരും മത നേതാക്കന്മാരും ഉൾപ്പെടെ വലിയ ഒരു വിഭാഗമാണ് സമൂഹ വിവാഹത്തിൽ പങ്കുകൊള്ളുന്നത്. ഇതിനായി പ്രധാനപ്പെട്ട വ്യക്തികളെ ഉൾപ്പെടുത്തി സുഗമമായ നടത്തിപ്പിന് കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലുമായി പ്രത്യേകം പ്രത്യേകം കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ ഫിലാഡൽഫിയ പ്രോവിൻസാണ് ഈ സാമൂഹ വിവാഹ പരിപാടി സംഘടിപ്പിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ മുപ്പതാം വാർഷികവുമായി ബന്ധപ്പെട്ടു കൊണ്ട് നടത്തുന്ന ഈ പരിപാടിയിൽ, ഫിലാഡൽഫിയ പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായി കേരളത്തിൽ എത്തി, ഗാന്ധി ഭവനുമായി സഹകരിച്ചുകൊണ്ടാണ് ഇതിന് നേതൃത്വം നൽകുന്നത്.  കേരള സാമൂഹത്തിൽ വളരെ അധികം ആളുകൾക്ക്, പെൺകുട്ടികളുടെ വിവാഹം നടത്താൻ സാധിക്കാതെയിരിക്കുമ്പോഴാണ് സമൂഹത്തിന് മാതൃകയായി ഇത്തരം കാരുണ്യ പദ്ധതികൾ ഫിലാഡൽഫിയ പ്രൊവിൻസ് പ്രാവർത്തികമാക്കുന്നത്.
വേൾഡ് മലയാളി കൗണ്സിലിനും ഈ പദ്ധതിയുടെ പൂർത്തീകരണം അഭിമാനത്തിന്റെ നിമിഷമാണെന്നു ഗ്ലോബൽ ഭാരവാഹികളും അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിവിധ പദ്ധതികൾക്ക് വേൾഡ് മലയാളീ കൌൺസിൽ നേതൃത്വം നൽകുന്നുണ്ടെന്നും നേതാക്കൾ എടുത്തു പറഞ്ഞു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.