PRAVASI

വട്ടപ്പാറയിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം

Blog Image

മലപ്പുറം: ദേശീയപാതയിലെ വട്ടപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ചരക്കുലോറികൾക്കിടയിൽ സ്കൂട്ടർപ്പെട്ടതിനെ തുടർന്ന് ദമ്പതികൾക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം എടച്ചലം കുന്നുംപുറം സലഫി മസ്ജിദിന് സമീപം താമസിക്കുന്ന ആന്തൂർ വളപ്പിൽ മുഹമ്മദ് അഫ്സൽ (39), ഭാര്യ പൊട്ടിപ്പാറ സാബിറ (36) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെ ആറുവരിപ്പാതയിലെ വട്ടപ്പാറ വയഡക്ടിന് മുകളിലായിരുന്നു അപകടം.

കോട്ടക്കൽ ഭാഗത്തുനിന്ന് വരികയായിരുന്ന ദമ്പതികളുടെ സ്കൂട്ടർ അമിതവേഗത്തിലെത്തിയ ചരക്കുലോറികൾക്കിടയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ രോഗിയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

കുറ്റിപ്പുറത്തെ ടൈൽസ് ഷോപ്പിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് അഫ്സൽ. കുന്നുംപുറത്തെ പൊട്ടിപ്പാറ മൂസയുടെയും ആമിനയുടെയും മകളാണ് സാബിറ. ഫഹ്മിൻ ഫതു, ഫൈഹ എന്നിവരാണ് മക്കൾ. അപ്രതീക്ഷിത അപകടത്തിൽ ദമ്പതികളെ നഷ്ടമായതോടെ കുടുംബം വലിയ ദുരിതത്തിലായി.

വിവരമറിഞ്ഞ് വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും തിരൂരിൽനിന്നുള്ള ഫയർഫോഴ്‌സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദേശീയപാതയിലെ വട്ടപ്പാറയിൽ വീണ്ടും ഉണ്ടായ അപകടം റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.