കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബിജെപിയിലേക്ക് വോട്ടൊഴുകിയതിൽ പരിശോധനയ്ക്ക് സിപിഎം. സംഘപരിവാർ വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടും ജില്ലാ സെക്രട്ടറിയെ തന്നെ മത്സരിപ്പിച്ചിട്ടും പാർട്ടി ആധിപത്യമുളള ബൂത്തുകളിൽ വോട്ട് പോയതാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്.
കണ്ണൂരിലെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ബിജെപിയിലേക്ക് വോട്ടൊഴുകിയതിൽ പരിശോധനയ്ക്ക് സിപിഎം. സംഘപരിവാർ വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടും ജില്ലാ സെക്രട്ടറിയെ തന്നെ മത്സരിപ്പിച്ചിട്ടും പാർട്ടി ആധിപത്യമുളള ബൂത്തുകളിൽ വോട്ട് പോയതാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്.
തിരിച്ചടിയില്ലെന്ന് പുറമേക്ക് പറയുന്നുണ്ടെങ്കിലും കണ്ണൂരിൽ കണക്കെടുക്കുമ്പോൾ സിപിഎം ഞെട്ടുന്നുണ്ട്. വോട്ട് കുറഞ്ഞു. അത് യുഡിഎഫിലേക്കും ബിജെപിയിലേക്കും പോയി. കുഴപ്പിക്കുന്നത് ബിജെപിയേക്കുളള വോട്ടൊഴുക്കാണ്. പാർട്ടി ഗ്രാമങ്ങളിൽപ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് സിപിഎം തലപുകയ്ക്കുകയാണ്. പാർട്ടി ഉരുക്കുകോട്ടയായ ആന്തൂരിലെ വിപ്ലവ മണ്ണാണ് മൊറാഴ. സിപിഎം മാത്രം വാഴുന്ന ഇവിടുത്തെ രണ്ട് ബൂത്തുകളിൽ 2019 ൽ ബിജെപി ആകെ പിടിച്ചത് 79 വോട്ടാണ്. ഇത്തവണ അത് 273ലെത്തി. മൂന്നിരട്ടിയിലധികം കൂടി.
ബിജെപിയുടെ പ്രചാരണ ബോർഡുകളോ പതാകകളോ ഉയരാത്ത പിണറായി വില്ലേജ്. ഇവിടെ പന്ത്രണ്ട് ബൂത്തുകളിലായി ബിജെപി ആയിരത്തി ഇരുനൂറിലധികം വോട്ട് പിടിച്ചു. പിണറായി പഞ്ചായത്തിൽ 2019 ൽ 1376 വോട്ട് മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 2715 വോട്ട് നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബൂത്തിൽ 53ൽ നിന്ന് ബിജെപി വോട്ട് 115 ആയി ഉയർന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന കരിവെളളൂരും കല്യാശ്ശേരിയും പോലുളള ചെങ്കോട്ടകളിലും പാർട്ടി വോട്ട് കുറഞ്ഞു. കരിവെളളൂർ സമരം നടന്ന കുണിയൻ പ്രദേശത്ത് മാത്രം ബിജെപി 172 വോട്ട് പിടിച്ചതിൽ അമ്പരപ്പ് ഉയരുകയാണ്. യുഡിഎഫിനോ ബിജെപിക്കോ ഏജന്‍റുമാരില്ലാത്ത ബൂത്തുകളിൽ പോലും ഇടത് വോട്ട് ചോർന്നു.
ജില്ലാ സെക്രട്ടറിമാർ മത്സരിച്ചാൽ പാർട്ടി വോട്ടുകൾ ഉറപ്പെന്ന് സിപിഎം കരുതിയതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, കൂടുതൽ ക്ഷീണവുമായി. യുഡിഎഫ് ബിജെപി വോട്ട് വാങ്ങി ജയിച്ചെന്ന ആരോപണമുന്നയിക്കാനും ഇത്തവണ വകുപ്പുണ്ടായില്ല. പാർട്ടി ഘടകങ്ങൾ നൽകുന്ന കണക്കുകളുടെ വിശ്വാസ്യതയും ചോദ്യ ചിഹ്നമായി. ചിഹ്നം കണ്ടാൽ മുൻപിൻ നോക്കാതെ വോട്ടിടുന്ന അണികളുടെ കാലം കഴിഞ്ഞോ എന്നാണ് ഉയരുന്ന ചോദ്യം. ബൂത്ത് തല കണക്കെടുപ്പിലേക്ക് വൈകാതെ കടക്കുമ്പോൾ ആഴത്തിലുളള പരിശോധനയെന്ന് നേതാക്കൾ പറയുന്നു.