കോഴിക്കോട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി തുടക്കം കുറിച്ചു. ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംഘടനാ രേഖ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് പരാജയത്തിലെ സ്വയംവിമർശനങ്ങളും തിരുത്തൽ നടപടികളും യോഗം ചർച്ച ചെയ്യും. നേതൃത്വത്തിന് കനത്ത വിമർശനം നേരിടേണ്ടി വരുമെന്ന് സൂചനയുള്ള സംഘടനാ രേഖയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പോഷക സംഘടന പ്രതിനിധികളുമാണ് ചർച്ച നടത്തുന്നത്. സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഈ ചർച്ചകളിൽനിന്ന് വിട്ടുനിൽക്കും.
ചരിത്രത്തിലെ തന്നെ കനത്ത തോൽവിയെത്തുടർന്ന് അസാധാരണമായ തിരുത്തൽ പാതയാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. മേൽക്കമ്മിറ്റി റിപ്പോർട്ട് കീഴ്ഘടകങ്ങളിൽ അവതരിപ്പിക്കുന്ന പതിവ് രീതിക്ക് വിരുദ്ധമായി, ബ്രാഞ്ച്തലം മുതൽ ചർച്ച നടത്തി രൂപീകരിച്ച റിപ്പോർട്ടാണ് ഇപ്പോൾ പരിഗണിക്കുന്നത്. പാർട്ടി ചരിത്രത്തിൽ അപൂർവ്വമായ വിപുലീകൃത സംസ്ഥാന സമിതിയിൽ ഒമ്പത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്.

