ന്യൂ യോർക്ക് ക്യുൻസ് ബെൽറോസിലെ ബിന്ദു ജോണിനെ നോർത്ത് വെൽ ഹെൽത് സുക്കർ ഹിൽസൈഡ് ഹോസ്പിറ്റൽ ഡെയ്‌സി അവാർഡ് നൽകി ആദരിച്ചു. അസാധാരണമായ അനുകമ്പയും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കുന്ന, അനന്യസാധാരണവും മാതൃകാപരവുമായ ആതുരസേവനമാണ് ബിന്ദുവിനെ ഈ അംഗീകാരത്തിന് അർഹയാക്കിയത്.
ന്യൂ യോർക്ക് ക്യുൻസ് ബെൽറോസിലെ ബിന്ദു ജോണിനെ നോർത്ത് വെൽ ഹെൽത് സുക്കർ ഹിൽസൈഡ് ഹോസ്പിറ്റൽ ഡെയ്‌സി അവാർഡ് നൽകി ആദരിച്ചു. അസാധാരണമായ അനുകമ്പയും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കുന്ന, അനന്യസാധാരണവും മാതൃകാപരവുമായ ആതുരസേവനമാണ് ബിന്ദുവിനെ ഈ അംഗീകാരത്തിന് അർഹയാക്കിയത്. നോർത്തവെൽ ഹെൽത്തിലെ മാനസികാരോഗ്യമേഖലയുടെ പതാകകപ്പലെന്നറിയപ്പെടുന്ന സുക്കർ ഹിൽസൈഡ് ഹോസ്പിറ്റലിൽ ഡിമെന്ഷിയ, അൽസ്‌ഹൈമേർഴ്സ്, പലതരം മാനസിക അനാരോഗ്യങ്ങൾ മൂലം ഹോസ്പിറ്റലിൽ ചികിത്സയ്‌ക്കെത്തുന്ന പ്രായമുള്ളവരെ സുസ്രൂഷിക്കുന്ന യൂണിറ്റിലെ രെജിസ്റ്റേർഡ് നേഴ്സ് ആയ ബിന്ദുവിനെ അവാർഡ് കമ്മിറ്റി നിശ്ചിത മാനദണ്ഡങ്ങൾക്ക് വിധേയമാക്കിയാണ് തെരഞ്ഞെടുത്തത്.
മുപ്പത്തിമൂന്നാം വയസ്സിൽ ഒരു ഓട്ടോ ഇമ്മ്യൂൺ അസുഖം ബാധിച്ചു മരണമടഞ്ഞ ജെ. പാട്രിക് ബാൺസിന്റെ കുടുംബം 1999-ൽ സ്ഥാപിച്ച ഡെയ്‌സി അവാർഡ് ഇതിനകം അനേകമനേകം നഴ്സുമാരെ ദേശീയതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. ആദ്യവര്ഷങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമായിരുന്നെങ്കിലും ഇന്ന് ഇൻഡ്യ, ഫിലിപ്പീൻസ്, സൗദി അറേബ്യ, യൂ എ ഇ, ഫ്രാൻസ്, ബെൽജിയം, ജപ്പാൻ തുടങ്ങി അനേക രാജ്യങ്ങളിലെ പ്രമുഖ ആശുപത്രികൾ ഡെയ്സി ഫൗണ്ടേഷനുമായി സഹകരിച്ചു അവാർഡുകൾ നൽകുന്നുണ്ട്.
ഔദ്യോഗിക വൈദഗ്ധ്യത്തോടെ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന അനുകമ്പയോടെയുള്ള സുസ്രൂഷ, രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും താൽപ്പര്യങ്ങൾക്കുവേണ്ടിയുള്ള വാദം, രോഗഫലത്തിനുവേണ്ടി മറ്റു സഹപ്രവർത്തകരുമായുള്ള സഹകരണം, ഉന്നത നിലവാരവും ധാർമ്മികതയും നിറഞ്ഞ ഔദ്യോഗികത എന്നിവയെ ആസ്പദമാക്കി രോഗികളും അവരുടെ കുടുംബങ്ങളും സഹപ്രവർത്തകരും നൽകുന്ന നോമിനേഷനുകളിൽ നിന്നാണ് ഡെയ്‌സി അവാർഡ് കമ്മിറ്റി ജേതാവിനെ തെരഞ്ഞെടുക്കുന്നത്.
സിംബാബ്‌വെയിൽ കൈകൊണ്ടു നിർമ്മിച്ച ഒരു ശിൽപ്പവും അവാർഡ് സർട്ടിഫിക്കറ്റും പ്രത്യേകമായി അവാർഡ് ദാനത്തിനു മാത്രമായി തെയ്യാറാക്കിയ ആഘോഷച്ചടങ്ങിൽ ഡെയ്‌സി ഫൗണ്ടേഷനുവേണ്ടി കമ്മിറ്റി ചെയർ ഡോ. സൂസൻ ഫിറ്റ്സ്ജെറാൾഡ് ബിന്ദുവിന് സമ്മാനിച്ചു. ബിന്ദുവിന്റെ കഠിനാദ്ധ്വാനം, അർപ്പണബോധം, നഴ്സിംഗ് കെയർ രോഗികളിൽ ചെലുത്തിയ സ്വാധീനം എന്നിവയെ അംഗീകരിക്കുന്ന ഒരു സുപ്രധാന ബഹുമതിയാണ് ഇതെന്ന് ഡോ. ഫിറ്റ്‌സ്‌ജെറാൾഡ് ബിന്ദുവിനെ അനുമോദിച്ചുകൊണ്ടു പറഞ്ഞു. യൂണിറ്റ് മാനേജർ ജെന്നിഫർ ഡിപിയെട്രോ ബിന്ദുവിന് ഡെയ്‌സി പിൻ അണിയിച്ചു. ഡെയ്‌സി ഫൗണ്ടേഷന്റെ വെബ് സൈറ്റിൽ ബഹുമതി ലഭിച്ചവരുടെ ലിസ്റ്റിൽ ബിന്ദുവിന്റെ ഫോട്ടോയും വിവരങ്ങളും അതോടൊപ്പം പോസ്റ്റ് ചെയ്യും.