PRAVASI

മുപ്പത് അറുപത് നൂറ് -വിത്തും വിതയും 1

Blog Image

യേശുക്രിസ്തുവിന്റെ ഉപമകളിൽ പലപ്പോഴും പല സംഖ്യകളെപ്പറ്റി പരാമർശിക്കാറുണ്ട്. നൂറ്  ആടുകൾ, പത്തു ദ്രഹ്മ, അഞ്ച് താലന്ത്, രണ്ടു വെള്ളിക്കാശ് തുടങ്ങി സന്ദർഭോചിതമായി പല സംഖ്യകളും സുവിശേഷങ്ങളിൽ പറഞ്ഞിരിക്കുന്നത് നമുക്ക് വായിക്കുവാൻ കഴിയും. അതിൽ വിത്തിന്റെ വിവരണം നൽകുന്നയിടത്താണ് മുപ്പതും അറുപതും നൂറും എന്നീ സംഖ്യകൾ കാണുന്നത്. 

മർക്കൊസ് 4:20 ഇങ്ങനെ പറയുന്നു: “നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.” ഈ വചനത്തിൽ യേശു പഠിപ്പിക്കുന്നത് ആത്മീയ ഫലത്തെക്കുറിച്ചാണ്. വിത്ത് ദൈവവചനമാണ് എന്ന് കർത്താവ് പറയുന്നുണ്ട് (മർക്കൊസ് 4:14). നോക്കുക! വിത്ത് ഒരേ തരമാണ്, വിതച്ചവൻ ഒരാളാണ്, വയൽ ഒന്ന് തന്നെയാണ്. എന്നിരുന്നാലും വിളവിൽ വ്യത്യാസം കാണുന്നു. അതെങ്ങനെ സംഭവിച്ചു? 

ഈ ഉപമ സാധാരണയായി ഹൃദയത്തിന്റെ ഒരുക്കത്തെക്കുറിച്ചും തയ്യാറെടുപ്പിനെക്കുറിച്ചുമാണ് പറയാറുള്ളത്. നല്ലമണ്ണ് എന്നത് വചനം കേൾക്കുകയും അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഹൃദയമാണ്. യോഹന്നാൻ 15:5-ൽ യേശു പറയുന്നു: “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായക്കും.” അതായത് ബന്ധത്തിന്റെ ആഴം ഫലത്തിന്റെ അളവിനെ നിർണ്ണയിക്കുന്നു.

എന്നാൽ ഇതിനെ മറ്റൊരു ദൃശ്യമാനത്തിൽ കൂടി നോക്കാം. ഈ വയൽ നോക്കാൻ ചുമതലപ്പെടുത്തിയത് മൂന്നു ജോലിക്കാരെയാണെന്ന് ചിന്തിക്കുക. യജമാനൻ ഒരേ വിത്ത് എല്ലാവർക്കും നൽകുന്നു. വളവും വെള്ളവും ആയുധങ്ങളും നൽകുന്നത് മുഖപക്ഷമില്ലാതെയാണ്. അവരുടെ മുമ്പിലുള്ള അവസരവും ഒരുപോലെയാണ്. എന്നാൽ എല്ലാവരും പൂർണ്ണമായി ഫലം നൽകുന്നതായി കാണുന്നില്ല. ചിലർ അവരുടെ മുഴുവൻ ശേഷിയും വിനിയോഗിക്കുന്നു; ചിലർ ഭാഗികമായി മാത്രം ഉപയോഗിക്കുന്നു. അതുകൊണ്ട് വിളവിലെ വ്യത്യാസം ലഭിച്ചതിലുള്ള കുറവല്ല, ഉപയോഗത്തിന്റെ വ്യത്യാസമാണ്.

മുപ്പത് മേനി വിളവ് ലഭിച്ചവർ: വളമിട്ടു; എന്നാൽ താമസിച്ചുപോയി , വെള്ളമൊഴിച്ചു; പക്ഷെ ആവശ്യമുള്ളപ്പോൾ നൽകിയില്ല, കളകൾ പറിച്ചുകളഞ്ഞു; സമയത്തു നിർവ്വഹിച്ചില്ല, വിളവെടുത്തു; പക്ഷെ മുഴുവനും ശേഖരിച്ചില്ല. ചുരുക്കത്തിൽ, ചെയ്യേണ്ടതെല്ലാം ചെയ്തു, ചെയ്യേണ്ടപ്പോൾ ചെയ്തില്ല.

അറുപത് മേനി വിളവ് ലഭിച്ചവർ: വളമിട്ടു , വെള്ളമൊഴിച്ചു, കളകൾ പറിച്ചുകളഞ്ഞു, വിളവെടുത്തു. എന്നാൽ സാദ്ധ്യതകൾ പൂർണ്ണമായും ഉപയോഗിച്ചില്ല. സമയത്തൊക്കെ ചെയ്യേണ്ട കാര്യങ്ങൾ നിർവ്വഹിച്ചതുകൊണ്ട് വിളവ് തീരെ മോശമായില്ല, പക്ഷെ നൂറുമേനിയിലേക്ക് എത്തിയില്ല. ഉദാഹരണത്തിന്,  ചില രോഗബാധകൾ ചെടികളിൽ വന്നത് തക്ക സമയത്തു നോക്കേണ്ടതുപോലെ നോക്കിയില്ല; അത് ഫലത്തിന്റെ പൂർണ്ണതയെ ബാധിച്ചു. ചുരുക്കത്തിൽ, ചെയ്യേണ്ടതൊക്കെ ചെയ്തു, ചെയ്യേണ്ടപ്പോൾ ചെയ്തു. എന്നാൽ സാഹചര്യങ്ങൾ പരിശോധിച്ച് തക്ക തീരുമാനങ്ങൾ കൈക്കൊണ്ടില്ല.

നൂറു മേനി വിളവ് ലഭിച്ചവർ: വളമിട്ടു , വെള്ളമൊഴിച്ചു, കളകൾ പറിച്ചുകളഞ്ഞു, വിളവെടുത്തു എന്നാൽ സാദ്ധ്യതകൾ പൂർണ്ണമായും ഉപയോഗിച്ചു. സമയത്തൊക്കെ ചെയ്യേണ്ട കാര്യങ്ങൾ നിർവ്വഹിച്ചതു മാത്രമല്ല നെൽച്ചെടികളിൽ വന്ന ചില രോഗബാധകൾ തക്ക സമയത്തു നോക്കേണ്ടതുപോലെ നോക്കിയതുകൊണ്ട് അത് ഒരു ചെടിപോലും പാഴാകാതെപൂർണ്ണ ഫലം നൽകി. ചുരുക്കത്തിൽ, ചെയ്യേണ്ടതെല്ലാം ചെയ്തു, ചെയ്യേണ്ടപ്പോൾ ചെയ്തു. സാഹചര്യങ്ങൾ പരിശോധിച്ച് തക്ക തീരുമാനങ്ങൾ കൈക്കൊണ്ടു. 

യാക്കോബ് 1:22 നമ്മെ ഓർമ്മിപ്പിക്കുന്നു: “എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.” കേൾക്കുന്നത് മാത്രം 30 മേനി വിളവാകാം; പ്രവർത്തനം ചേർന്നാൽ 60; പൂർണ്ണ സമർപ്പണം 100 മേനി വിളവിലേക്ക് നയിക്കും. 

മത്തായി 25-ലെ താലന്തുകളുടെ ഉപമയും ഇതേ സത്യം പഠിപ്പിക്കുന്നു. യജമാനൻ ഓരോരുത്തർക്കും താലന്ത് നൽകി; എന്നാൽ അതിന്റെ വർദ്ധനവ് അവരുടെ പ്രവർത്തനത്തെ ആശ്രയിച്ചു. ഉപയോഗിച്ചവർക്ക് വർദ്ധനവുണ്ടായി; മറച്ചുവെച്ചവൻ നഷ്ടപ്പെട്ടു. ദൈവം നൽകിയ സാധ്യത ഉപയോഗിക്കണമോ എന്നത് മനുഷ്യന്റെ ഉത്തരവാദിത്വമാണ്.

ഗലാത്യർ 6:7-ൽ പറയുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” വിതച്ചതിന്റെ ഗുണവും അളവും കൊയ്ത്തിനെ നിർണ്ണയിക്കുന്നു. അതുകൊണ്ട് 30, 60, 100 എന്ന വ്യത്യാസം ദൈവത്തിന്റെ പക്ഷപാതമല്ല; മനുഷ്യന്റെ പ്രതികരണത്തിന്റെ അളവാണ്.

ഈ ഉപമ നമ്മെ ആത്മപരിശോധനയിലേക്ക് വിളിക്കുന്നു. ഞാൻ വചനം കേൾക്കുന്നവനോ, പ്രവർത്തിക്കുന്നവനോ? ഞാൻ ലഭിച്ച സാധ്യത മുഴുവൻ ഉപയോഗിക്കുന്നുവോ? നമ്മുടെ ഫലം 30-ൽ നിർത്താൻ ദൈവം ആഗ്രഹിക്കുന്നില്ല; 100 മേനി ആത്മീയ ഫലം കാണാൻ ദൈവം ആഗ്രഹിക്കുന്നു.

“നിങ്ങൾ വളരെ ഫലം കായക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു” (യോഹന്നാൻ 15:8).

തോമസ് മുല്ലയ്ക്കൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.