PRAVASI

ഡാലസ് മലയാളി അസോസിയേഷൻ (DMA) ഓണാഘോഷം ആവേശകരമായി; കേരളത്തിന്റെ വികസന പ്രയാണത്തിൽ പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി

Blog Image

ഡാലസ്: വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെയും തനിമയാർന്ന കലാരൂപങ്ങളോടെയും ഡാലസ് മലയാളി അസോസിയേഷൻ (DMA) സംഘടിപ്പിച്ച ഓണാഘോഷ മാമാങ്കം ശ്രദ്ധേയമായി. അഞ്ഞൂറിലധികം പ്രവാസി മലയാളികൾ പങ്കെടുത്ത ആഘോഷപരിപാടികൾ നാടിന്റെ ഓർമ്മ പുതുക്കുന്ന ആവേശോജ്ജ്വല അനുഭവമായി മാറി.

ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിലുള്ള ചെണ്ടമേളവും താലപ്പൊലിയും വിശിഷ്ടാതിഥികളെ വേദിയേക്ക് ആനയിച്ചു. തുടർന്ന് ജൂഡി സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മുഖ്യാതിഥി ഫ്രാൻസിസ് ജോർജ് എം.പി, വിശിഷ്ടാതിഥി ഷിജു അബ്രഹാം (കേരളം അസോസിയേഷൻ ഡാളസ്,   പ്രസിഡന്റ്), ഭാരവാഹികളായ ബിജു ലോസൺ, ജൂഡി ജോസ്, ഷാജി ആലപ്പാട്ട് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.

പ്രവാസികളുടെ സംഭാവന വലുത്: ഫ്രാൻസിസ് ജോർജ് എം.പി -

പാർലമെന്റ് അംഗം ഫ്രാൻസിസ് ജോർജ് എം.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു ഓണസന്ദേശം നൽകി. കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിൽ പ്രവാസികളായ മലയാളികളുടെ സംഭാവന വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം ശരിയായ രീതിയിൽ ഉപയോഗിക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടാകണം.

പുതിയ തലമുറയെ നാടുമായി ബന്ധപ്പിച്ചു നിർത്താൻ അസോസിയേഷനുകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡി.എം.എ പോലുള്ള സംഘടനകൾക്ക് ഇത്തരം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണ നാളുകളിൽ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള അസോസിയേഷൻ ഓഫ് ഡാലസ് (KAD) പ്രസിഡന്റ് ഷിജു അബ്രഹാം വിശിഷ്ടാതിഥിയായി ചടങ്ങിൽ സംസാരിച്ചു. ഭാരവാഹികളായ ബിജു ലോസൺ, ജൂഡി ജോസ്, ഷാജി ആലപ്പാട്ട്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

അസോസിയേഷൻ ബോർഡ് ഡയറക്ടർ ബിനോയ് സെബാസ്റ്റ്യൻ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ വെച്ച് പുതിയ ദേശീയ കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഇലക്ട്, ആർ.വി.പി ഇലക്ട് ജൂഡി ജോസ്, നാഷണൽ കമ്മിറ്റി മെമ്പർ ഇലക്ട് ഷെല്ലി തോമസ് എന്നിവരെ ആദരിക്കുകയും ബിജു ലോസൺ ആശംസകൾ അറിയിക്കുകയും ചെയ്തു. ഡെക്സ്റ്റർ ഫെരേര, മധു ജോസഫ്, സൈജു അത്തിക്കളം, ഫ്രാൻസിസ് സെബാസ്റ്റ്യൻ, സാജു കുര്യൻ തുടങ്ങിയവരും  ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മനംകവർന്ന് കലാസന്ധ്യയും ഓണസദ്യയും: 

പൊതുസമ്മേളനത്തിന് ശേഷം തൂശനിലയിൽ വിളമ്പിയ പാരമ്പര്യഗത വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രവാസി പ്രതിഭകൾ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികളോടെയാണ് സാംസ്കാരിക സന്ധ്യ അരങ്ങേറിയത്. മിനി ടീച്ചറുടെ ശിഷ്യർ അവതരിപ്പിച്ച മോഹിനിയാട്ടം, അബിഗെയിലിന്റെ ഓണപ്പാട്ട്, കവിതയും സംഘവും അവതരിപ്പിച്ച തിരുവാതിര, 'ടീം ലയം' അവതരിപ്പിച്ച സെമി ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസ് എന്നിവ സദസ്സിന്റെ മനംകവർന്നു.

ലോസൺ ഗേൾസ് (അബിഗെയിൽ, ആനബെൽ, ആഡലിൻ, പ്രിസില്ല), സൗമ്യ & മൈറ കൂട്ടുകെട്ടിലെ ഓണം ഡാൻസ് എന്നിവയ്ക്കൊപ്പം സിയാന & ഇസാന എന്നിവരുടെ പരിപാടികളും ആലിഷ ഷാജിൻ, ടോം ജോർജ്ജ് എന്നിവരുടെ ഗാനമേളയും ഓണാഘോഷത്തിന് മാറ്റുകൂട്ടി.

തുടർന്ന് ജോബി പാലാ അവതരിപ്പിച്ച സ്കിറ്റും സ്റ്റാൻഡ്-അപ്പ് കോമഡിയും സദസ്യരെ ചിരിയുടെ പുതിയ ലോകത്തേക്ക് നയിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാജി ആലപ്പാട്ട്‌ നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങൾക്ക് ആവേശം പകർന്നു കൊണ്ട് നടന്ന ഓപ്പൺ മൈക്കും 'ഡാലസ് ഫാൻ ബോയ്സ്' അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് ഗംഭീര സമാപനം കുറിച്ചു.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.