പ്രേമനും ഷിബുവുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ടെനിക്ക്. പാർലമെന്റിലും നിയമസഭയിലും ഏറെക്കാലം ഒന്നിച്ച് പ്രവർത്തിച്ചതിന്റെ, വ്യക്തിപരമായ അടുപ്പത്തിന്റെ, കുടുംബങ്ങൾ തമ്മിലുള്ള പരിചയത്തിന്റെ അടുപ്പം. ഒരിക്കൽക്കൂടി ആ സൗഹൃദം ഒരു വേദിയിലെത്തുന്നത് ഇന്നലെ ഷിബുവിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ്. ചവറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേ, രാഷ്ട്രീയവും വ്യക്തിപരവുമായ ഒരടുപ്പം കൂടിയാണ് ഓർത്തെടുത്തത്.
ഷിബുവിനേക്കാൾ മുൻപേ, അദ്ദേഹത്തിന്റെ പിതാവ് ബേബി ജോൺ സാറിനെ എനിക്ക് പരിചയമുണ്ട്. അന്ന് അദ്ദേഹം മന്ത്രിയും ഞാൻ എംഎൽഎയുമാണ്. നാട്ടിലെ കോളറ മൂലമുള്ള മരണങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സൂചിപ്പിക്കുന്നത് എംഎൽഎ ഹോസ്റ്റലിലെന്നാണ് ഓർമ. തൊട്ടടുത്ത മന്ത്രിസഭാ യോഗത്തിൽ കണ്ടത് അടിയന്തര നടപടികൾക്കുള്ള തീരുമാനമാണ്. അതായിരുന്നു ബേബി സാർ. എന്റെ നിയമസഭാ പ്രസംഗങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട അഭിപ്രായങ്ങളിലൊന്ന് ഇന്നും ബേബി സാറിന്റേതാണ്. പലർക്കും ബേബി സാർ എന്നാൽ പരുക്കനായ ഒരു മനുഷ്യനായിരുന്നു. ഷിബുവുമായി അടുപ്പമാവുമ്പോൾ എനിക്കാ ഭയമുണ്ടായിരുന്നു, ഷിബുവും ഒരു പരുക്കനാവുമോ എന്ന്. ശരിയായിരുന്നു. ഷിബുവിനോട് എല്ലാരേയും കാണുമ്പോഴൊന്ന് ചിരിക്കാൻ പറയണമെന്ന് ചവറയിലെ കോൺഗ്രസുകാർ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ, സത്യം അതായിരുന്നില്ല. ചിരി കുറവുള്ള ഷിബു, നാട്യങ്ങളില്ലാത്ത മനുഷ്യൻ കൂടിയാണ്.

അടിമുടി ശുദ്ധനായ ഷിബുവിനെ ഞാനും പ്രേമനുമടക്കം വളരെ ചുരുക്കം പേർക്കേ അറിയുമായിരിക്കൂ. എന്തെങ്കിലുമൊരു വിഷമഘട്ടം വന്നാൽ, എന്തുപറ്റി വേണൂ, എന്ന് വിളിച്ചുചോദിക്കാൻ എനിക്കൊരു ഷിബുവുണ്ട് എന്നഭിമാനത്തോടെ പറയാൻ കഴിയും.
എൻകെ പ്രേമചന്ദ്രൻ പാർലമെന്റിലെ എന്റെ ദീർഘകാലമായുള്ള സഹപ്രവർത്തകനാണ്. അടിയുറച്ച രാഷ്ട്രീയ ബോധ്യവും ഭരണകൂടത്തിന് നേർക്കുള്ള പതറാത്ത ചോദ്യങ്ങളും പ്രേമനിൽ നിന്ന് ലോക്സഭയിൽ നമുക്ക് കാണാം. കോൺഗ്രസ് കേരളത്തിൽ 10 വർഷമാണ് അധികാരത്തിലിരുന്നതെങ്കിൽ, കഴിഞ്ഞ 15 വർഷക്കാലമായി പ്രതിപക്ഷത്തുള്ള ആർഎസ്പിയുടെ കരുത്തും ശക്തമായ നിലപാടും എടുത്തുപറയേണ്ടത് തന്നെയാണ്.
ഇക്കുറി ചവറയുടെ മണ്ണിൽ നിന്ന് ഷിബു ഒരിക്കൽക്കൂടി ജനവിധി തേടുകയാണ്. ഭരണമാറ്റത്തിന് വേണ്ടി വെമ്പുന്ന ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിലാണ് ഷിബുവിന്റെ സ്ഥാനമെന്ന് ഇന്നലെ പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്നെനിക്ക് ബോധ്യപ്പെട്ടു. വൻ ഭൂരിപക്ഷത്തോടെ കേരളത്തിന്റെ നിയമസഭയിലേക്ക് വരാൻ ഷിബുവിന് കഴിയും, പുരോഗതിയിലേക്ക് വരാൻ ചവറയ്ക്കും. ഹൃദയം നിറഞ്ഞ വിജയാശംസകൾ ഷിബൂ.

