വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി വൻ ഗതാഗത പരിഷ്കരണത്തിനൊരുങ്ങി ഡൽഹി സർക്കാർ. 2026-2030 കാലയളവിലേക്കുള്ള പുതിയ ഇലക്ട്രിക് വാഹന (ഇ.വി) നയത്തിന്റെ കരട് പ്രകാരം, 2028 ഏപ്രിൽ ഒന്ന് മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കൂ. മുച്ചക്ര വാഹനങ്ങൾക്ക് 2027 ജനുവരി ഒന്ന് മുതൽ തന്നെ ഈ നിയന്ത്രണം ബാധകമാകും.
വാണിജ്യ വാഹനങ്ങൾ: 2026 ജനുവരി ഒന്ന് മുതൽ 3.5 ടൺ വരെയുള്ള ചെറിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള പുതിയ പെട്രോൾ-ഡീസൽ വാഹനങ്ങൾക്ക് അനുമതിയുണ്ടാവില്ല. സർക്കാർ വാഹനങ്ങളും സ്കൂൾ ബസുകളും ഘട്ടം ഘട്ടമായി പൂർണ്ണമായും ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറും. പുതിയ അന്തർസംസ്ഥാന ബസുകളും ഇലക്ട്രിക് ആയിരിക്കും, എന്നാൽ ഭാവിയിൽ ഹൈഡ്രജൻ സാങ്കേതികവിദ്യയ്ക്കും ഇതിൽ ഇടമുണ്ട്.
സബ്‌സിഡിയും ആനുകൂല്യങ്ങളും: 2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ബാറ്ററി ശേഷി അനുസരിച്ച് സബ്‌സിഡി ലഭിക്കും. ഇലക്ട്രിക് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയും, പഴയ വാഹനങ്ങൾ പൊളിക്കുന്നവർക്ക് (Scrappage) 10,000 മുതൽ ഒരു ലക്ഷം രൂപ വരെയും ആനുകൂല്യം ലഭിക്കും. അർഹമായ വാഹനങ്ങൾക്ക് റോഡ് ടാക്‌സിലും രജിസ്‌ട്രേഷൻ ഫീസിലും 100 ശതമാനം ഇളവ് നൽകാനും കരടിൽ നിർദ്ദേശമുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ: ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് ശൃംഖല വിപുലീകരിക്കുന്നതിനായി ഡൽഹി ട്രാൻസ്‌കോ ലിമിറ്റഡിനെ നോഡൽ ഏജൻസിയായി നിശ്ചയിച്ചു. വാഹന നിർമ്മാതാക്കൾ ഡീലർഷിപ്പുകളിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കേണ്ടി വരും.
വായു മലിനീകരണത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ കരട് നയത്തിൽ പൊതുജനങ്ങൾക്ക് 30 ദിവസത്തിനുള്ളിൽ അഭിപ്രായങ്ങൾ അറിയിക്കാം. ഇതിനുശേഷമായിരിക്കും നയം അന്തിമമാക്കുക.

