തന്നെ നിശിതമായി വിമർശിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും യഥേഷ്ടം ചോദ്യങ്ങൾ ചോദിക്കുന്നതിന്നായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇരുന്നുകൊടുത്തു.കുറച്ച് ദിവസമായി സഖാവ് പിണറായി വിജയൻ മിക്ക മാധ്യമങ്ങൾക്കും ഇന്റർവ്യൂ കൊടുത്തിട്ടുണ്ട്.
വ്യത്യസ്ഥ രാഷ്ട്രീയ അജണ്ടയുള്ള മാധ്യമങ്ങളും മാധ്യമ പ്രവർത്തകരുടെയും മുന്നിൽ. ഇത്ര അഭിമുഖങ്ങൾ കൊടുത്തിട്ടും അതിൽനിന്ന് ഒരു ചെറിയ ഭാഗം എടുത്ത് ട്രോളൻ പോലും ആർക്കും കഴിയാത്ത ഉഗ്രൻ പറച്ചിലുകൾ. എന്ത് രസാണ് കേൾക്കാൻ.
വർഷങ്ങളായി കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരന് മേൽ ചാർത്തിക്കൊടുക്കാൻ ശ്രമിച്ച ലേബലുകളായിരുന്നു "മാധ്യമ വിരോധി", "ധിക്കാരി", "ചോദ്യങ്ങളെ ഭയപ്പെടുന്നവൻ" എന്നിവ. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ചാനലുകളിലും നിറഞ്ഞുനിന്ന അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഈ കുപ്രചരണങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ്.
പലപ്പോഴും വാർത്തകൾ വളച്ചൊടിച്ചും, സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും അദ്ദേഹത്തെ ഒരു 'ക്രൂരനായ ഭരണാധികാരി'യായി ചിത്രീകരിക്കാനായിരുന്നു ചിലരുടെ ശ്രമം.
• "കടക്ക് പുറത്ത്": ഒരു പ്രത്യേക സാഹചര്യത്തിൽ പറഞ്ഞ വാക്കിനെ വർഷങ്ങളോളം ആഘോഷമാക്കി മാറ്റിയവർക്ക്, ഇന്ന് മണിക്കൂറുകളോളം അതേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ശാന്തമായി മറുപടി നൽകുന്ന മുഖ്യമന്ത്രിയെ കാണുമ്പോൾ മറുപടിയില്ല. ചോദ്യങ്ങളെ ഭയപ്പെടുന്ന ആളാണെങ്കിൽ ഒരേസമയം എല്ലാ പ്രധാന ചാനലുകൾക്കും അഭിമുഖം നൽകാൻ അദ്ദേഹം തയ്യാറാകില്ലായിരുന്നു.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുകമറകൾക്കിടയിലൂടെയല്ല, മറിച്ച് തന്റെ നിലപാടുകൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.
സർക്കാരിനെതിരെയുള്ള എല്ലാ ആരോപണങ്ങളെയും കണക്കുകൾ നിരത്തി നേരിടാനുള്ള ആർജ്ജവം ഈ അഭിമുഖങ്ങളിലൂടെ വെളിപ്പെടുന്നു.
മാധ്യമങ്ങൾ വിചാരിച്ചാൽ ഒരാളെ ഇല്ലാതാക്കാം എന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്. ജനകീയനായ ഒരു നേതാവിനെ തളയ്ക്കാൻ ഇത്തരം ലേബലുകൾക്ക് കഴിയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു.
.png)
ഈ ദിനങ്ങൾ അവസാനിക്കുമ്പോൾ, കേരളത്തിലെ മാധ്യമമേഖലയിലൂടെ ഒരു രാഷ്ട്രീയ വ്യക്തതയുടെ രൂപമായി ഒരു പിണറായി വിജയൻ മാറുന്നത് കണ്ടു. പിണറായി വിജയൻ എന്ന വ്യക്തി, ഒരു നേതാവെന്നതിലുപരി, ഒരു രാഷ്ട്രീയ ചിന്തയുടെ സജീവ രൂപമായി.
ഒരു രാഷ്ട്രീയ വിദ്യാർത്ഥിയുടെ ദൃഷ്ടിയിൽ നോക്കുമ്പോൾ, ഈ അഭിമുഖങ്ങൾ സാധാരണ മാധ്യമ സംഭാഷണങ്ങളല്ല; അവ ചരിത്രത്തിന്റെ പ്രവാഹത്തിൽ ഒരു ചിന്താധാരയുടെ പുനർവ്യാഖ്യാനങ്ങളാണ്.
ശരീരത്തിന്റെ പരിമിതികളെ വാക്കുകളുടെ യൗവ്വനം കൊണ്ട് മറികടന്ന്, അദ്ദേഹം സംസാരിക്കുന്നത് ഒരു വ്യക്തിയുടെ ശാരീരിക ശേഷിയുടെ തെളിവായി മാത്രം കാണാനാകില്ല; അത് ദീർഘകാല പാർട്ടി അനുഷ്ഠാനവും, സിദ്ധാന്തബോധവും, രാഷ്ട്രീയബോധവും ചേർന്നുള്ള ഒരു രൂപാന്തരമാണ്.
കഴിഞ്ഞ ഒരു ദശകത്തിൽ നിർവഹിച്ച പ്രവർത്തനങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നത് ഒരു വ്യക്തിപരമായ നേട്ടമായി അല്ല; മറിച്ച് ഒരു സമൂാഹപ്രവർത്തനത്തിന്റെ ഫലമായി ചരിത്ര ഭാരമുള്ള ഒരു പ്രസ്ഥാനത്തിന്റെ തുടർച്ചയായി മാത്രം. പാർട്ടിയുടെ വിധേയനായി. വരാനിരിക്കുന്ന കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതീക്ഷകൾ, വിഷനുകൾ.
ഒരു ചോദ്യത്തോടുപോലും അദ്ദേഹം അസ്കിതയോ അപ്രീതിയോ പ്രകടിപ്പിച്ചില്ല. തന്റേതായ ശൈലിയിൽ എല്ലാത്തിനും മറുപടി നല്കി. തൃപ്തിവരുന്നതു വരെ അദ്ദേഹം അവർക്കു മുന്നിൽ ഇരുന്നുകൊടുത്തു. വ്യക്തിപരവും ഭരണപരവും പാർട്ടിപരവുമായ ചോദ്യങ്ങൾ ആവോളം ഉയർന്ന ഓരോ അഭിമുഖത്തിലും അദ്ദേഹം സൃഷ്ടിപരമായാണ് പ്രതികരിച്ചത്.
വ്യക്തിപരമായ ആഗ്രഹങ്ങൾ അല്ല; അവ വർഗ്ഗസമരത്തിന്റെ ദീർഘഗാമിയായ ലക്ഷ്യങ്ങളുടെ പ്രതിഫലനമാണ്.
പാർട്ടിയിൽ നിന്നു വഴിതെറ്റിയവരോടുള്ള അദ്ദേഹത്തിന്റെ കർക്കശത, വ്യക്തിപരമായ അസഹിഷ്ണുതയല്ല; അത് മാർക്സിസ്റ്റ് ശാസ്ത്രീയ രാഷ്ട്രീയത്തിന്റെ ശാസനാത്മക സ്വഭാവമാണത്. വ്യക്തിയെക്കാൾ പ്രാധാന്യമുള്ളത് പ്രസ്ഥാനം തന്നെയാണെന്ന തത്വത്തിന്റെ അനുസ്മരണം.
അദ്ദേഹം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ്: നേതാവ് പാർട്ടിക്ക് മുകളിൽ ഉയരുന്നില്ല; പാർട്ടി തന്നെയാണ് നേതാവിനെ നിർവ്വചിക്കുന്നത്.വ്യത്യസ്ത മാധ്യമ പ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പോലും ഒരു വ്യക്തിയുടെ സ്വഭാവമല്ല, മറിച്ച് ഒരു രാഷ്ട്രീയ ശൈലിയുടെ മനോഹരമായ് ശൈലിയാണത്.വ്യക്തിഗത ബന്ധങ്ങൾക്കും, ആശയപരമായ അകലം പാലിക്കുന്ന കൃത്യതക്കും ഇടയിൽ ഉള്ള dialectical balance.
“ഈ പ്രായത്തിലും വാക്കുകളിൽ ഒരബദ്ധം പോലും വരാതിരിക്കാൻ കാരണം എന്ത്?” എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി “എനക്കറിയില്ല” എന്നത് അമിത വിനയമല്ല. മാത്രമല്ല; അത് വ്യക്തിയുടെ അഹന്തയെ നിഷേധിക്കുന്ന ഒരു മാർക്സിസ്റ്റ് നിലപാട് കൂടിയാണ്. ചോദ്യങ്ങളുടെ ട്രാപ്പിൽ നിന്നൊഴിഞ്ഞു മാറാതെ അവർ കുഴിച്ച കുഴിയും കടന്ന് അയാൾ പറഞ്ഞു പോയി. എന്ത് ഗംഭീരമായി.
അദ്ദേഹം തന്നെ പാർട്ടിയുടെ ആശയമായി മാറുന്ന കാഴ്ച. പാർട്ടിയുടെ ശാസ്ത്രീയത എന്നൊന്നുണ്ട്. ആ അടിത്തറയില്ലെങ്കിൽ അത്ര ഉറപ്പോടെ പറയാൻ കഴിയില്ല.

പല ഇടതുപക്ഷ രീതികളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും "സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് അധികാര വികേന്ദ്ര്യ നയം" ജനങ്ങളിലേക്ക് എത്തിക്കേണ്ട വല്യ പാഠ പുസ്തകമായിരിക്കും പിണറായി വിജയൻ
ഇനിയുള്ള കാലത്ത് ഈയൊരു കാലം ബഞ്ച് മാർക്കായി കേരള രാഷ്ട്രീയത്തിനു മുന്നിലുണ്ടാവും.ഇതൊക്കെയാണെങ്കിലും, തന്നെ മർക്കടമുഷ്ടിയുടെ രസക്കൂട്ടിലൂടെ ഇവർതന്നെ കടത്തിവിടുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം . അത് ഇനിയും തുടർന്നോളൂ എന്ന് ചെറുചിരിയോടെ ചിലരോട് സൌമ്യമായി സൂചിപ്പിക്കുകയും ചെയ്തു.ഉദാഹരണത്തിനു മനോരമയുടെ ജോണി ലൂക്കോസ് നടത്തിയ പത്ത് നാൽപത്തേഴ് മിനിറ്റുള്ള മനോരമയുടെ ഇന്റർവ്യൂവിന് ശേഷം ജോണി ലൂക്കോസ് മുഖ്യമന്ത്രിക്ക് ആശംസകൾ നേരുന്നു.
അർത്ഥ ഗർഭമായൊരു പൊട്ടി ചിരിയോടെ മുഖ്യമന്ത്രി "നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാത്തിനും നന്ദി" എന്ന് തിരിച്ചും പറയുന്നു.മുഖ്യ മന്ത്രിയുടെ തിരിച്ചു നന്ദി അറിയിക്കൽ ചിരി മാമൻ മാപ്ലയുടെ ശവക്കല്ലറ വരെ നീണ്ടു പോയോ എന്നൊരു സംശയം.. ഇക്കാലമത്രയും മനോരമ പുലര്ത്തി പോന്ന പക്ഷപാതപരമായ ക്രൂ ശിക്കലിന് ഇതിൽ പരം ഒരു മറുപിടിയില്ല ..പിണറായി വിജയന് വ്യക്തിപരമായി ജോണി ലൂക്കോസിനോട് സ്നേഹമുണ്ടായിരിക്കാം എന്നാൽ ഇത് വരെ പഠിച്ച മാധ്യമരംഗത്തെ പാഠങ്ങൾക്കൊന്നും ആ ചിരിയുടെ ആഘാത്തിൽ നിന്ന് ലൂക്കോസിനെ രക്ഷിക്കാൻ പറ്റിയില്ല ആള് ഇരുന്ന് ഉരുകി.ഒരു പക്ഷെ ഇത്ര കനപ്പെട്ട ഒര് ചിരി അങ്ങേരുടെ കരിയറിൽ കണ്ടിട്ടുണ്ടാവില്ലാ ...
ഇതിന്റെ ഒരു മറുവശം ഭരണാധികാരികളും ഭരണസംവിധാനങ്ങളും സുതാര്യമാകുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണ്ണമാകുന്നത്. വെളിച്ചം വീശേണ്ട പരമപ്രധാനമായ ദൌത്യമാണ് മാധ്യമങ്ങൾക്കുള്ളത്. എന്നാൽ, ഇന്ത്യൻ മാധ്യമ മേഖല നരേന്ദ്രമോദിയുടെ ഗർവ്വിനും ആശയത്തിനും പരിപൂർണ്ണമായി കീഴടങ്ങിയതോടെ പരിമിതമായ സ്വാതന്ത്ര്യംപോലും അസ്തമയത്തിലാണ്. കഴിഞ്ഞ 12 വർഷമായി ഒരു പത്രസമ്മേളനമോ സ്വതന്ത്രമായ അഭിമുഖമോ അദ്ദേഹത്തിന്റേതായി വന്നിട്ടില്ല. ലോകചരിത്രത്തിൽത്തന്നെ ഇത് അപൂർവ്വമായിരിക്കും. ‘സെറ്റ്’ ചെയ്യപ്പെട്ട ഏതാനും അഭിമുഖങ്ങൾ മാത്രം. അതിൽ മുൻകൂട്ടി നല്കിയ ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമായിരുന്നു അനുമതി. ക്യാമറപോലും നല്കിയത് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന്. അവസാനത്തെ ‘ഔട്ട്’, കണ്ടു തീർപ്പാക്കിയ ശേഷം മാത്രമേ അഭിമുഖക്കാർക്ക് നല്കിയുള്ളൂ.
ഇന്ത്യയിൽ ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇതുപോലെ നൈസർഗ്ഗികമായി മാധ്യമവിചാരണയ്ക്ക് നിന്നുകൊടുത്തിട്ടുണ്ടാകില്ല. എന്തിനേറെ, മോദിയുടെ ഫാസിസത്തെ എതിർക്കുന്നു എന്നു പറയുന്ന രാഹുൽ ഗാന്ധി ഇതുപോലെ എത്ര അഭിമുഖം നല്കിയിട്ടുണ്ട്?
ചുരുക്കത്തിൽ ഇത് കേവലം ഒരു ശൈലീ മാറ്റമല്ല, മറിച്ച് മാധ്യമങ്ങൾ കാലങ്ങളായി പടച്ചുവിട്ട ദുഷ്പേരുകളുടെ അന്ത്യമാണ്. പിണറായി വിജയൻ എന്നും പിണറായി വിജയൻ തന്നെയാണ്—തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന, ജനങ്ങളോട് മാത്രം ഉത്തരവാദിത്തമുള്ള നേതാവ്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത കൃത്രിമമായ ആ പ്രതിച്ഛായ ഇന്ന് ജനമധ്യത്തിൽ തകർന്നു വീണിരിക്കുന്നു!
അഭിമുഖങ്ങളിലൂടെ സത്യം പുറത്തു വരുമ്പോൾ അസ്വസ്ഥരാകുന്നത് മാധ്യമ സിൻഡിക്കേറ്റുകൾ മാത്രമാണ്.

ജോസ് കാടാപുറം

