ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ ഗൗരവഭാവത്തിലുള്ള ലുക്കിലാണ് നടൻ ദിലീപ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരുന്ന് ഡയറിയിൽ എന്തോ പരതുന്ന ദിലീപിന്റെ ചിത്രത്തിനൊപ്പം ചെറിയൊരു ബാഗും കാണാം. അൽപ്പം നരകയറിയ താടിയും കണ്ണടയും ധരിച്ച പക്വതയാർന്ന ഒരു കഥാപാത്രത്തെയാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.
ഉർവശി തിയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ധിപ് സേനൻ, ഡോ. ജയന്ത്‌ലാൽ ഗഡ്ഡ, അലക്‌സ്. ഇ. കുര്യൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം പൂർണമായും ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള ഇമോഷണൽ ത്രില്ലർ- ഡ്രാമ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തുടക്കം മുതൽ ഉദ്വേഗം നിറഞ്ഞ മുൾമുനയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ദിലീപിന്റേത് തികച്ചും വ്യത്യസ്തമായ ഒരു വേഷമായിരിക്കുമെന്നാണ് സൂചന.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. വിബിൻ ബാലചന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപതോളം ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ചിത്രം ഒക്ടോബറിൽ ഉർവശി തിയേറ്റേഴ്‌സ് തിയറ്ററുകളിൽ എത്തിക്കും.
ചിത്രത്തിന്റെ സംഗീതം മുജീബ് മജീദും ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയുമാണ് നിർവഹിച്ചിരിക്കുന്നത്. സൂരജ് ഇ.എസ് എഡിറ്റിങ്ങും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു. റോണക്‌സ് സേവ്യറാണ് മേക്കപ്പും സമീറാ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിച്ചിരിക്കുന്നത്. വാഴൂർ ജോസാണ് ചിത്രത്തിന്റെ പി.ആർ.ഒ.

