കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനാദാസ് കൊലക്കേസിൽ ശിക്ഷാവിധി ഈ മാസം 21ന്. പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ശിക്ഷാവിധി മാറ്റിവെച്ചതായി കോടതി അറിയിച്ചത്. മാർച്ച് 21ന് ശിക്ഷാവിധി പ്രഖ്യാപിക്കും. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോയെന്ന് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 2023 മെയ് 10 ന് പുലർച്ചെയാണ് കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപിനെ വൈദ്യ പരിശോധനയ്ക്ക് പൂയപ്പള്ളി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാദാസിനെ സന്ദീപ് ആക്രമിച്ചു. ആശുപത്രിയിലെ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഒട്ടേറെ തവണ കുത്തി. മറ്റ് ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു.
ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വന്ദനാദാസ് രാവിലെ 8.30 യോടെ മരിച്ചു. അരുംകൊലയിൽ കേരളം ഞെട്ടി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 2025 ഫെബ്രുവരിയിലാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ തുടങ്ങിയത്. സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. എന്നാൽ പ്രോസിക്യൂഷൻ തെളിവുകൾ നിരത്തി എതിർത്തു. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ പ്രതി നടത്തിയ ശ്രമങ്ങൾ പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചു.
യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി എന്തിനീ കൃത്യം നടത്തിയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. മാനസിക പ്രശ്നം ഉണ്ടെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴി തിരിച്ചു വിടാൻ സന്ദീപ് നടത്തിയ നീക്കങ്ങൾ പൊലീസ് തുടക്കത്തിലേ തിരിച്ചറിഞ്ഞു. 70ൽ അധികം സാക്ഷികളെയാണ് വിചാരണയുടെ ഘട്ടത്തിൽ വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2026 മാർച്ച് 7 വിചാരണ പൂർത്തിയായി. മാർച്ച് 17 ന് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

