ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും സമീപ സ്റ്റേറ്റുകളിലും അറിയപ്പെടുന്ന മികച്ച വാഗ്മിയും ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ബോര്‍ഡ് ഓഫ് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണല്‍ സര്‍വ്വീസില്‍ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലുള്ള മിഡില്‍ സ്കൂളുകളിലും ഹൈസ്കൂളുകളിലും ദീര്‍ഘകാലം അദ്ധ്യാപനം നടത്തി അനേകായിരം ശിഷ്യഗണങ്ങളെ സമ്പാദിച്ച ഡോ. വിദ്യാസാഗര്‍ ഡിസംബര്‍ 11-ന് വിഷ്ണുപാദം പൂകി.
ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍, റോക്ക്ലാന്‍റ്, യോങ്കേഴ്സ്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ നടക്കാറുണ്ടായിരുന്ന അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്കാരിക സമ്മേളനങ്ങളില്‍ അദ്ദേഹവും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി ലളിതയും മകള്‍ കവിതയും മകന്‍ കൃഷ്ണകുമാറും നിറസാന്നിദ്ധ്യമായിരുന്നു.
ഭാരതീയ നാട്യകലകളില്‍ സ്വന്തമായി പ്രാഗത്ഭ്യം തെളിയിച്ച ഒരു നല്ല നര്‍ത്തകിയാണ് അദ്ദേഹത്തിന്‍റെ മകള്‍ കവിത. ഹിന്ദു പുരാണങ്ങളില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഡോ. വിദ്യാസാഗര്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും ഗീതാക്ലാസുകള്‍ നടത്തിയിരുന്നു. "ഭഗവാന്‍റെ ഇഷ്ടപ്രകാരമല്ലാതെ ഒരു ഇലപോലും അനങ്ങില്ല" എന്ന പരമമായ സത്യം തന്‍റെ ഗീതാപ്രഭാഷണങ്ങളില്‍ അദ്ദേഹം തന്‍റെ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്കിയിരുന്നു.
ഭാരതീയ സംസ്കാരത്തെ അന്യനാട്ടിലും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്‍റെ കഴിവനുസരിച്ച് പ്രയത്നിച്ചിരുന്നു. തന്‍റെ മക്കളായ കൃഷ്ണകുമാറിനെയും മകള്‍ കവിതയെയും മലയാളവും ഭാരതീയ സംസ്കാരവും പഠിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു എന്നുള്ളതും അദ്ദേഹത്തിന്‍റെ കുടുംബത്തെ അടുത്തറിയുന്നവര്‍ക്കറിയാം. ഈ വാര്‍ത്ത എഴുതുന്ന ലേഖകനുമായി അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും 20 വര്‍ഷത്തിലേറെ അടുത്ത ബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്നത്തെ ഭാരതീയരുടെ പുതുതലമുറ ഇക്കാര്യത്തില്‍ യാതൊരു താല്പര്യവും പ്രകടിപ്പിക്കുന്നില്ല എന്നുള്ളത് ഒരു സത്യമാണ്.
ഡോ. വിദ്യാസാഗറിന്‍റെ മലയാളി സമൂഹത്തോടുള്ള പ്രതിബദ്ധതയ്ക്കു തെളിവായ മറ്റൊരു കാര്യം എടുത്തു പറയാനുള്ളത് വിഷു ആഘോഷം നടക്കുന്ന സമയങ്ങളില്‍ അദ്ദേഹം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാറുണ്ടായിരുന്നു എന്നുള്ളതാണ്. പുതിയ തലമുറയെ അദ്ദേഹം എത്രമാത്രം സ്നേഹിച്ചിരുന്നു എന്നും അവര്‍ക്ക് ഭാരതീയ സംസ്കൃതി പകര്‍ന്നു നല്കാന്‍ എത്രമാത്രം ഉത്സുകത കാട്ടിയിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിയും. ഡോ. വിദ്യാസാഗര്‍ യൂട്യൂബിലും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ യൂ ട്യൂബില്‍ ലഭ്യമാണ്.
അങ്ങനെ വിശ്രമമില്ലാതെ താനുള്‍പ്പെട്ട മലയാളി സമൂഹത്തെ മലയാള ഭാഷയിലൂടെ ഉദ്ധരിക്കാന്‍ ശ്രമിച്ച ഒരു അമേരിക്കന്‍ മലയാളിയെയാണ് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരില്‍ പെരുമ്പോടത്ത് വീട്ടില്‍ വേലപ്പന്‍ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ച ശശി എന്ന നാമധേയനാണ് പില്‍ക്കാലത്ത് ഡോ. വിദ്യാസാഗര്‍ എന്ന പേരില്‍ പ്രശസ്തനായത്. അദ്ധ്യാപകനായും ലക്ചററായും പ്രൊഫസറായും പ്രഭാഷകനായും അദ്ദേഹം തന്‍റെ ജീവിതം ധന്യമാക്കി. അദ്ദേഹത്തിന് ഒരു സഹോദരിയും അഞ്ച് സഹോദരങ്ങളുമുണ്ട്. രഘുനാഥ് പണിക്കര്‍, രമേശ്, സോമന്‍, മാധവന്‍കുട്ടി. സഹോദരി രാജി മډഥന്‍.
മക്കള്‍: കൃഷ്ണകുമാര്‍ വിദ്യാസാഗര്‍, മകള്‍: കവിതാ വിദ്യാസാഗര്‍. മരുമകന്‍: മനോജ് രവീന്ദ്രന്‍. കൊച്ചുമക്കള്‍: പ്രണവ് മനോജ്, പവിത്ര മനോജ് എന്നിവരാണ്.
ഡിസംബര്‍ 13-ന് വെള്ളിയാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 മുതല്‍ 12 വരെ മാമറോനെക്ക് അവന്യൂവിലുള്ള മക്മഹോന്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും അതിനുശേഷം സംസ്കാര ശുശ്രൂഷകളും നടത്തുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫോണ്‍-914 886 2655. കൃഷ്ണകുമാര്‍ വിദ്യാസാഗര്‍ (കണ്ണന്‍) 914 908 0368.


