കുര്യൻ, ജോർജ്ജ് കുര്യൻ, മന്ത്രി ജോർജ് കുര്യൻ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ... ഇനി എംഎൽഎ ജോർജ്ജ് കുര്യൻ, സംസ്ഥാന മന്ത്രി ജോർജ് കുര്യൻ ഒക്കെ ആയേക്കാം. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിയസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാണ്. ജയിക്കാൻ സാധ്യത ഏറെയുള്ള അനുകൂല ഘടകങ്ങളുള്ള മണ്ഡലമാണ്.
എന്തൊക്കെയാണെങ്കിലും ഇന്നത്തെ ഈസ്റ്റർ ദിവസത്തിനും അനുബന്ധ ചടങ്ങുകളിലും കുര്യൻ പെസഹ അപ്പവും പാലും തയാക്കിയിട്ടുണ്ടാവും. പള്ളിയിൽ കുർബാനയ്ക്ക് പോയിട്ടുണ്ടാവും. അതൊന്നും മുടക്കാതെ ബിജെപിയിൽ അംഗമായി, പാർട്ടിയുടെ സമുന്നത സ്ഥാനങ്ങളിലെത്തി ആ പാർട്ടി നിയോഗിച്ച കേന്ദ്ര മന്ത്രിയായി തുടരാൻ കഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ സാക്ഷ്യം.
കുര്യൻ യുവമോർച്ച നേതാവായിരിക്കെ ഒരിക്കൽ ബിജെപി അദ്ധ്യക്ഷനായിരിക്കെ ലാൽ കൃഷണ അദ്വാനി ഒരു സ്വകാര്യ വർത്തമാനത്തിൽ കുര്യനോട് ചോദിച്ചു; പള്ളിയിലൊക്കെ പോകാറുണ്ടോ? കുര്യൻ ഒരു നിമിഷം ആലോചിച്ചു: എന്തു പറയണം. ഉവ്വ്... എന്നു മറുപടി. അദ്വാനി പറഞ്ഞു: ബിജെപിയിൽ വന്നുവെന്ന് കരുതി കുര്യന്റെ മത വിശ്വാസങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും അത് തടസ്സമാകരുത്. മാത്രമല്ല, അത് തടസ്സമാകുന്നില്ല എന്ന കാര്യം സ്വന്തം മതത്തിലെ വിശ്വാസികൾക്ക് ബോധ്യപ്പെടുകയും വേണം. അതിന് പള്ളിയിൽ കൃത്യമായി അതത് ചടങ്ങുകൾക്ക്, പ്രത്യേകിച്ച വിശേഷ ദിവസങ്ങളിൽ പങ്കുചേരണം.

അതേക്കുറിച്ച് കുര്യൻ ഒരിക്കൽ പറഞ്ഞു: 30 വർഷം മുമ്പാണ്. പറഞ്ഞത് അദ്വാനിയാണ്. പാർട്ടിയുടെ നയമാണ്. എനിക്ക് പുതിയൊരു കാഴ്ചപ്പാടാണ് ആ വിഷയത്തിൽ കിട്ടിയത്.
അതായത് പറഞ്ഞു വരുന്നത് ചിലർ, - അവർ നിരീക്ഷകരും വിശകലനക്കാരും രാഷ്ട്രീയ പണ്ഡിതരും അവലോകനക്കാരും വിചക്ഷണക്കാരും ഒക്കെയാണ് കേട്ടോ...- തട്ടി വിടുന്നത് കേൾക്കാം, ബിജെപി ക്രിസ്ത്യൻ വിഭാഗത്തോട് അടുക്കാൻ നയ നിലപാടുകൾ മാറ്റുന്നു, മൃദുസമീപനം സ്വീകരിക്കുന്നു എന്നൊക്കെ. നിലപാടുകളല്ല, നടപടി ക്രമങ്ങളാണ് പുതുക്കുന്നത്. ഏറെക്കാലമായി ശ്രമിക്കുന്നു, പക്ഷേ സ്വയം മനസ്സിലാക്കി ക്രിസ്തീയ സമൂഹം അടുത്തില്ല, അപ്പോൾ അവരിലേക്ക് പോയി തോളിൽ കൈയിട്ടു. അത് ഫലിച്ചു.
ബിജെപി ഒരു പരിധിവരെ ഒ.കെ. പക്ഷേ ആർഎസ്എസ്് അതു പറ്റില്ല, അവരോട് അടുക്കാൻ കഴിയില്ല, അവർക്ക് ഉൾക്കൊള്ളാനാവില്ല എന്നൊക്കെ ചില 'പുംഗവന്മാർ' പറയുന്നതു കേൾക്കുമ്പോൾ ചിരിക്കണോ കരയണോ എന്ന് സംശയിക്കും. പണ്ടുപണ്ട്, പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദർശവും ആശയവുമൊക്കെ ആഴത്തിൽ പഠിച്ചുവന്നപ്പോൾ ഈ സംശയം ജനിച്ചു: ക്രിസ്ത്യൻ മതസമൂഹത്തോട് എന്താണ് സമീപനം. കാവാലത്തിനടുത്ത് പുളിങ്കുന്ന് കണ്ണാടിയിൽ ഒരു സംഘ സാംഖിക്കിന് അന്ന് പ്രാന്ത പ്രചാരക് ആയിരുന്ന ഹരിയേട്ടൻ (ആർ.ഹരി) വന്നു. അതിൽ പങ്കെടുത്തു. അവിടെ ചോദ്യങ്ങൾ ചോദിക്കാൻ അവസരമില്ലായിരുന്നു. പക്ഷേ, കഴിഞ്ഞപ്പോൾ വട്ടം ചുറ്റിനിന്ന ചിലരോട് എന്തുചെയ്യുന്നു എന്നൊക്കെ ഹരിയേട്ടൻ ചോദിച്ചു: വിദയാർത്ഥി എന്നു പറഞ്ഞപ്പോൾ ഏതു കോളെജിലാ എന്ന് ചോദിച്ചു. (ആ സോപ്പിന്റെ പരസ്യം അന്ന് ഇറങ്ങിയിട്ടില്ല...) ആലപ്പുഴ എസ് ഡി കോളെജ് എന്നു മറുപടി. എസ്ഡിയുടെ പൂർണ്ണരൂപം അറിയാമോ എന്ന് അടുത്ത ചോദ്യം. ഉവ്വ്, സനാതന ധർമ്മ കോളെജ് എന്നു പറഞ്ഞപ്പോൾ എന്തോ എഴുതിക്കൊണ്ടിരുന്ന ഹരിയേട്ടൻ നോക്കി.

അപ്പോൾ പയ്യെപ്പയ്യെ ചോദിച്ചു... സംഘവും ക്രിസ്തീയ വിശ്വാസികളും തമ്മിൽ എതിർപ്പാണോ... (അന്ന് നിലയ്ക്കൽ സംഭവമൊന്നും ആയിട്ടില്ല, പിന്നെയും രണ്ടു വർഷം കഴിഞ്ഞായിരുന്നു അത് എന്നു തോന്നുന്നു. പുളിങ്കുന്ന്, കണ്ണാടി ഒക്കെ അത് ബാധിച്ച സ്ഥലമാണ്.) ഹരിയേട്ടൻ പറഞ്ഞു: വിശദമായി പറയേണ്ട വിഷയമാണ്. പക്ഷേ, ഒറ്റവാക്യത്തിൽ പറയാം: 'ക്രിസ്തുമതത്തെ സംഘം എതിർക്കുന്നില്ല, പള്ളിമതത്തെയാണ് എതിർക്കുന്നത്.' അതിൽ എല്ലാമുണ്ടായിരുന്നു.
അങ്ങനെ ചിന്തിച്ചപ്പോൾ, അതു സംബന്ധിച്ച് വീട്ടിൽ വന്ന് അച്ഛനുമായി സംസാരിച്ചപ്പോൾ കൂടുതൽ ബോധ്യമായി. സ്വാമി വിവേകാനന്ദൻ നീലക്കണ്ണുകളുള്ള, യോഗീഭാവത്തിലുള്ള ക്രിസ്തുവിന്റെ ചിത്രം സ്വന്തം മുറിയിൽ തൂക്കിയിരുന്നുവെന്ന് എവിടെയോ വായിച്ചുവെന്ന് അച്ഛൻ പറഞ്ഞതോർക്കുന്നു. ക്രിസ്തുവിന്റെ നിസ്സ്വാർത്ഥ ജീവിതത്തെ വിവേകാനന്ദ സ്വാമി പുകഴ്ത്തിയിട്ടുണ്ട് എന്നും അച്ഛൻ അന്ന് പറഞ്ഞു.
കുര്യൻ മത്സരിക്കുമ്പോൾ, കുര്യനെപ്പോലെ ഏറെപ്പേർ ആ മത വിഭാഗത്തിൽനിന്ന് ബിജെപിക്കു വേണ്ടി മത്സരിക്കുമ്പോൾ ചിലർ ഉണ്ടാക്കി പ്രചരിപ്പിക്കുന്ന വ്യാജങ്ങൾ പൊളിയുകയാണ്. പി.സി. ജോർജ്ജ്, മകൻ ഷോൺ ജോർജ്ജ്, ഇന്നലെ പ്രധാനമന്ത്രി ഏറെ പുകഴ്ത്തിയ അനൂപ് ആന്റണി, മങ്കടയിലെ സ്ഥാനാർത്ഥി ലിജോയ് പോൾ, ഒല്ലൂരിലെ ബിജോയ് തോമസ്, ആലപ്പുഴയിലെ എം.ജെ.ജോബ് ... ഇനിയുമുണ്ട് സ്ഥാനാർത്ഥികൾ, സ്ഥാനാർത്ഥികളല്ലാത്ത, ബിജെപിയുടെ സജീവ പ്രവർത്തകരായ ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അനിൽ ആന്റണി, ടോം വടക്കൻ തുടങ്ങിയ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവർ വേറേ..
കാഞ്ഞിരപ്പള്ളിയിൽ, പൂഞ്ഞാറിൽ, പാലായിൽ, ആലപ്പുഴയിൽ, തിരുവല്ലയിൽ, മങ്കടയിൽ, ഒല്ലൂരിൽ, ട്വന്റി 20 യിലൂടെ എൻഡിഎ ഭാഗമായ കൊടുങ്ങല്ലൂരിലെ വർഗീസ് ജോർജ്ജ് (ഉമ്മൻ ചാണ്ടിയുടെ മരുമകൻ) ഒക്കെ നൽകുന്നത് ഒരു സന്ദേശമാണ്, മാറ്റത്തിന്റെ സന്ദേശം....

കാവാലം ശശികുമാർ

