അമ്മച്ചി..... നീട്ടികൊഞ്ചിയുള്ള വിളികേട്ട് ദേവകി അമ്മ തിരിഞ്ഞു നോക്കി. പൊന്നു ആണ്.
എന്താ മക്കളെന്നു പറഞ്ഞു അവർ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. അവൾ തിരിച്ചും.
വിശക്കുന്നു..... അവൾ പറഞ്ഞു.
മക്കള് പോയി കളിക്ക്.... അമ്മച്ചി കഞ്ഞി തരാം. ഇപ്പോൾ ആകും എന്ന് പറഞ്ഞു അവർ അവളെ പറഞ്ഞു വിട്ടു.
എന്തൊരു വേവുള്ള അരിയാ.... എത്ര നേരമായി ഇട്ടിട്ടു.... കൊച്ചിന് ആണേൽ പനിയാണ്.
ഇച്ചിരി ചൂട് കഞ്ഞിയും കുടിപ്പിച്ചു കിടത്തി ഉറക്കാന്നു വച്ചാൽ ഈ അരി ഒന്ന് വേകണ്ടായോ....
തിളയ്ക്കുന്ന അരിയും നോക്കി ഇരുന്നു അവർ നെടുവീർപ്പിട്ടു.
കുമ്മായം അടർന്ന ചുവരുകൾ... കരി പിടിച്ചു ആകെ നശിച്ചിരിക്കുന്നു. ദ്രവിച്ചു പോയ കഴുക്കോലുകൾ... തന്നേക്കാളും പ്രായമുള്ള ഒരു വീട്. ഒരു കൊച്ചുപെൺകുഞ്ഞിനേയും കൊണ്ട് അടച്ചു പൂട്ടി കിടക്കാം എങ്കിലും അത്ര കണ്ടു സുരക്ഷിതം ഒന്നുമല്ല ഈ വീട്. യാതൊരു ബലവും ഇല്ലാത്ത വാതിലും ജനാലയും ഒക്കെ തന്നെയാണ്. ആകെ ഉള്ള ആശ്വാസം വാടക കൊടുക്കാതെ കിടക്കാം എന്നുള്ളതാണ്.
ദേവകി അമ്മയ്ക്ക് കുടുംബ സ്വത്ത് വീതം വച്ചപ്പോൾ കിട്ടിയ വസ്തുവിൽ ഉണ്ടായിരുന്ന ഒരു പഴയ വീട് ആയിരുന്നു അത്. ഇടിച്ചു പൊളിച്ചു കളഞ്ഞു വേറെ വീട് വയ്ക്കാനൊന്നും ആരും ഉണ്ടായില്ല. അതൊക്കെ ഓരോ കഥകൾ ആണ്.
ജീവിതം തന്നെ പല ഏടുകൾ ഉള്ള കഥകൾ അല്ലെ... ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഇങ്ങനെ പോകും.... ഒരു ചോദ്യത്തിന് എത്ര ഉത്തരം ഉണ്ടെന്നു ചോദിച്ചാൽ അവരവരുടെ ഹിതം പോലെ ഉത്തരം പറയാം പക്ഷെ . ആ ഉത്തരം ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതാണ് വെല്ലുവിളി. അതുപോലെ ജീവിതം ദേവകി അമ്മയ്ക്ക് ഒരുപാട് ചോദ്യങ്ങൾ മുന്നിൽ ഇട്ടു കൊടുത്തു.
തെറ്റും ശരിയും കൂട്ടി കിഴിച്ചൊക്കെ വന്നപ്പോൾ ബാക്കി ആയതു ഒരു പിഞ്ചു കുഞ്ഞിന്റെ മുഖം ആയിരുന്നു.പിന്നെ ഒന്നും ചികയാൻ നിൽക്കാതെ അവളെയും കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ വീട്ടിലേക്കു വന്നു താമസിക്കാൻ തുടങ്ങിയതായിരുന്നു.
ദേവകി അമ്മയുടെ മകളുടെ മകൾ ആണ് പൊന്നു. നാല് മക്കളുണ്ട് ദേവകി അമ്മയ്ക്ക്. രണ്ടാണും രണ്ടു പെണ്ണും.ഭർത്താവ് മരിച്ചു പോയി. അച്ഛന്റെ മരണ ശേഷം മക്കളുടെ കൂടെ മാറി മാറി കുറെ നാൾ നിന്നു. അവർ വിളിക്കുമ്പോൾ പോയി നിൽക്കും എങ്കിലും തന്റെ വീട്ടിൽ കഴിയുന്നതായിരുന്നു അവർക്കു ഇഷ്ടം. പക്ഷെ ആ വീട് ഇളയ മകൾ കല്യാണിക്ക് കൊടുക്കേണ്ടി വന്നതിൽ പിന്നെ സ്ഥിരമായും അവിടെ തന്നെ നിന്നു.
കല്യാണിയുടെ മകളാണ് പൊന്നു. അവൾക്കു രണ്ടു വയസുള്ളപ്പോൾ കല്യാണി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ കാലം മുതൽ കല്യാണിയും ഭർത്താവ് ജയശങ്കറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മദ്യപാനവും വഴക്കും ഒക്കെ പതിവായിരുന്നു. കൊടുത്തത് പോരാ എന്നുള്ള പരാതിയും പ്രശ്നങ്ങളും രൂക്ഷമായപ്പോൾ ആണ് മകൾ സമാധാനത്തോടെ കഴിയട്ടെ എന്ന് വിചാരിച്ചു കൊണ്ട് തന്റെ പേരിൽ ഉണ്ടായിരുന്ന വീട് അവൾക്കു ദേവകിയമ്മ എഴുതി കൊടുത്തത്. അതോടു കൂടി ജയൻ അവളെയും കൊണ്ട് വീട്ടിൽ വന്നു താമസമായി.
ക്രമേണ ദേവകി അമ്മയുടെ മൂത്ത ആണ്മക്കളുമായി ജയൻ തെറ്റിയപ്പോൾ അവരും കുടുംബത്ത് വരാതായി.
പിന്നെപ്പിന്നെ കല്യാണിക്കും ജയനും ഇടയിൽ പ്രശ്നങ്ങൾ രൂക്ഷമായി. അവർക്കൊരു കുഞ്ഞ് ജനിച്ചതിൽ പിന്നെ ദേവകി അമ്മ കുഞ്ഞിന്റെ കളിയും ചിരിയും കണ്ടു സമാധാനിക്കാൻ ശ്രമിച്ചു.
ഒരുദിവസം അമ്പലത്തിൽ പോയി വന്ന ദേവകി അമ്മ കാണുന്നത് തൂങ്ങി നിൽക്കുന്ന കല്യാണിയെയും കട്ടിലിൽ കൈകാലിട്ടടിച്ചു കളിക്കുന്ന കുഞ്ഞിനേയും ആയിരുന്നു.
പിന്നീടുള്ള രാത്രികളിൽ കുഞ്ഞ് കരയുമ്പോൾ തന്റെ നെഞ്ചത്ത് ചേർത്ത് പിടിച്ചു അവളെ ഉറക്കാൻ കിടത്തും ദേവകി അമ്മ. കുഞ്ഞുവിരലുകൾ തന്റെ ശുഷ്കിച്ച മാറത്തു തപ്പുന്നതും ചുണ്ട് പിളർത്തി വിതുമ്പുന്നതും ദേവകി അമ്മ ഉള്ളുരുകി കരഞ്ഞു കൊണ്ട് വീക്ഷിച്ചു. ഒടുവിൽ അവരുടെ ബ്ലൗസിന്റെ ഹൂക്കിനു ഇടയിൽ കൈ കടത്തി വച്ചു സ്വന്തം വിരൽ ചൂപ്പി ഉറങ്ങാൻ കുഞ്ഞ് മകൾ ശീലിച്ചു.
ജയൻ നിരന്തര ശല്യമായി മാറി.ജയന്റെ വഴക്ക് കാരണം കല്യാണിയുടെയും ജയന്റെയും പേരിൽ ആയിരുന്നു അന്ന് വീട് എഴുതി കൊടുത്തിരുന്നത്. വീട് അവന്റെ ആണ് എന്നുള്ള രീതിയിൽ എന്നും വഴക്കും ബഹളവും തുടർന്നു.
കുഞ്ഞിന് നാല് വയസ്സായി. ഒരു ദിവസം സഹികെട്ടു ദേവകി അമ്മ മൂത്ത മകളുടെ വീട്ടിലേക്കു പോയി.ഏറേക്കാലമായി വരാതിരുന്നതിനാൽ അമ്മയെ വളരെ സ്നേഹത്തോടെ മകൾ സ്വീകരിച്ചു എങ്കിലും അനിയത്തീടെ മകളെ എന്തിനു കൊണ്ട് വന്നു എന്ന് ചോദ്യം ഉയർന്നു. അമ്മയ്ക്ക് ഇവിടെ എത്ര കാലം വേണമെങ്കിലും നിൽക്കാം പക്ഷെ കൊച്ചിന് അച്ഛൻ ജീവിച്ചിരിപ്പുണ്ടല്ലോ.... അച്ഛൻ നോക്കട്ടെ എന്ന് പറഞ്ഞപ്പോൾ ദേവകി അമ്മ മകളെ എതിർത്തു. മുഴുക്കുടിയനായ അവനാണോ തന്റെ കുഞ്ഞിനെ നോക്കുന്നതെന്നു അവർ ചോദിച്ചു. രണ്ടു ദിവസം തരക്കേടില്ലാതെ കടന്നു പോയി. മൂത്ത മകൾ പദ്മയ്ക്ക് രണ്ടു ആൺമക്കളാണ്. അവരുടെ കൂടെ കളിച്ചും ചിരിച്ചും പൊന്നു നടന്നു. മൂന്നിന്റെ അന്ന് രാത്രി കട്ടിലിൽ തിരിഞ്ഞു കിടക്കാൻ ശ്രമിക്കുമ്പോൾ താഴെ ഒരു നിഴലനക്കം കണ്ടു. പദ്മയുടെ മക്കൾക്ക് പൊന്നുവിന്റെ കൂടെ കിടന്നുറങ്ങണം എന്ന് വാശി പിടിച്ചിട്ടു രണ്ടു ദിവസമായി താഴെ ബെഡ് ഇട്ടു മൂന്നു കുട്ടികളെയും കൂടി കിടത്തും. ദേവകി അമ്മ കട്ടിലിൽ കിടക്കും. പദ്മയും ഭർത്താവും വേറെ മുറിയിലും കിടക്കും.
പെട്ടെന്ന് സൈഡിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ട ദേവകി അമ്മ തലയ്ക്കു അടി കിട്ടിയത് പോലെ ഇരുന്നു . ഗോകുലിന്റെയും ഗൗതമിന്റെയും നടുവിൽ കിടന്നുറങ്ങുന്ന പൊന്നുവിന്റെ കാലിന്റെ ഭാഗത്തു നിന്നു ചാടി എണീക്കാൻ തുടങ്ങുന്ന പദ്മയുടെ ഭർത്താവിനെയാണ് അവർ കണ്ടത്.
അയാൾ വേഗം മുറിക്കു പുറത്തേക്കു കടന്നു. ദേവകി അമ്മ നോക്കുമ്പോൾ കുഞ്ഞിന്റെ ഫ്രോക്ക് വയറിന്റെ ഭാഗത്തു ചുരുണ്ടു കിടപ്പുണ്ട്. അടിവസ്ത്രം കാലിലേക്ക് താഴ്ത്തി ഇട്ടിരിക്കുന്നു.... എന്റെ ദേവീന്നു വിളിച്ചു നെഞ്ചത്ത് അടിച്ചു കൊണ്ട് അവർ കുഞ്ഞിനെ എടുത്തു. ഒന്നും അറിയാതെ ഉറങ്ങുന്ന അവളെ വാരി വാരി ഉമ്മ വച്ചു. കണ്ണുനീർ കൊണ്ട് അവർ അവളെ കഴുകി. തന്റെ ഒരു വാക്ക് കൊണ്ട് പോലും പദ്മയുടെ ജീവിതത്തിൽ വിള്ളൽ വീഴരുത് എന്ന നിർബന്ധം അവർക്കു ഉണ്ടായിരുന്നു.പക്ഷെ നടന്നത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യണം എന്നും അവർ ഉറപ്പിച്ചു.
രാവിലെ മരുമകനെ കണ്ടു.അവൻ ആ കൊച്ചു കുഞ്ഞിനോട് എന്താ കാണിക്കാൻ ശ്രമിച്ചതെന്നും ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടാവുകയോ മകളുടെ ജീവിതം നശിപ്പിക്കാനോ നോക്കിയാൽ ഈ ഭൂലോകത്തു ആണ് എന്ന് പറഞ്ഞു നടക്കാൻ അവനെ ബാക്കി വച്ചേക്കില്ലെന്നും പറഞ്ഞിട്ട് കരണം നോക്കി ഒന്ന് പൊട്ടിച്ചു. അവരുടെ ഭാവമാറ്റം കണ്ടു അയാൾ തരിച്ചു നിന്നു.
പിന്നീട് കൊച്ചിനെയും കൊണ്ട് അവർ തിരികെ പോന്നു. എന്താ പെട്ടെന്ന് പോകുന്നത് എന്ന ചോദ്യത്തിന് പോവുകയാണ് എന്ന് മാത്രം അവർ പദ്മയ്ക്ക് മറുപടി കൊടുത്തു.
അന്ന് ദേവകി അമ്മയ്ക്ക് മനസ്സിലായി തന്റെ ദുർബലമായ ചിറകു മാത്രമേ ആ കുഞ്ഞിനു ആശ്രയം ഉള്ളുവെന്നു.കല്യാണി പോയെങ്കിലും പദ്മ അവളെ മകളെ പോലെ ചേർത്തണയ്ക്കും എന്ന് മോഹിച്ചതും വ്യാമോഹമായി.പിന്നെ അപാരമായ ഒരു ഉൾക്കരുത്തു ദേവകിയമ്മയിലേക്ക് ആവാഹിക്കപ്പെട്ടു.
മദ്യത്തിനും ലഹരിക്കും പുറമെ കൂട്ടുകാർ എന്ന് പറയുന്ന കുറെയെണ്ണം ജയന്റെ കൂടെ സ്ഥിരം വീട്ടിൽ വരാൻ തുടങ്ങി. ജയന്റെ ബന്ധുക്കൾ ഒക്കെ അയാളെ പണ്ടേ കൈവിട്ടതായിരുന്നു. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആരോടും പരാതിയും പരിഭവവും പറയാനില്ലാത്തതു കൊണ്ടോ പറഞ്ഞിട്ട് എന്തിനാണെന്ന് ചിന്തിച്ചിട്ടോ ആകണം തന്റെ മകൾ മടുത്തു എല്ലാം അവസാനിപ്പിച്ചത്.
അവനെ കളഞ്ഞിട്ടു സ്വന്തം കുഞ്ഞിനെ ചേർത്തുപിടിച്ചു വളർത്താനുള്ള ബുദ്ധിയും ധൈര്യവും തന്റെ മകൾ കാണിച്ചില്ലല്ലോ എന്നോർത്ത് ദുഖിക്കാത്ത ഒരൊറ്റ ദിവസം പോലും ആ അമ്മയ്ക്ക് ഇല്ലായിരുന്നു.പോരാ പോരാന്നു പറഞ്ഞു വഴക്കിട്ടപ്പോൾ വീണ്ടും വീണ്ടും കൊടുക്കാൻ ശ്രമിച്ച തന്റെ ഭാഗത്തും ഉണ്ട് തെറ്റ്. തന്റെ മകളെ അവൻ സ്നേഹിച്ചിരുന്നെങ്കിൽ സ്വത്തിന്റെ അളവ് നോക്കില്ലായിരുന്നല്ലോ.
എല്ലാം പറ്റിപ്പോയി.......
ജയനുമായി സ്നേഹത്തിലും വഴക്കിട്ടു പറഞ്ഞു മടുത്തു. ഒരിക്കൽ ജയൻ പൊന്നുവിനെ മദ്യലഹരിയിൽ കഴുത്തിനു കുത്തി പിടിച്ചു. കുഞ്ഞിന്റെ കണ്ണൊക്കെ തുറിച്ചു പുറത്തേക്കു വന്നു കുഞ്ഞ് മരണവെപ്രാളം കാണിക്കുമ്പോൾ ആണ് ദേവകിയമ്മ ഇത് കാണുന്നത്. കയ്യിൽ കിട്ടിയ തടി സ്റ്റൂൾ പൊക്കി അവന്റെ കഴുത്തിനു ലക്ഷ്യം ആക്കി അടിച്ചു ആ അമ്മ. ജയൻ കുഴഞ്ഞു നിലത്തു വീണു. കുഞ്ഞിനേം വാരിയെടുത്തു അന്ന് അവിടുന്ന് ഇറങ്ങി ദേവകിയമ്മ.
ആർക്കും വീതം വയ്ക്കാതെ ബാക്കി കിടന്നതാണ് തന്റെ അച്ഛൻ തനിക്കു തന്ന ഈ ഭൂമിയും അതിലെ പഴയ ഈ വീടും.. ഇവിടെ ആരും അവകാശം പറഞ്ഞു വരില്ല.വന്നാലും ഇനി തോൽക്കാൻ തനിക്കു മനസ്സില്ല. വളർത്തി വലുതാക്കാൻ തന്റെ നെഞ്ചത്തെ ചൂട് പറ്റുന്ന ഒരു പിഞ്ചോമന ഉണ്ട് തനിക്കിപ്പോൾ. ശേഷിക്കുന്ന ആയുസ്സും ആരോഗ്യവും ഈ മണ്ണും ഒക്കെ അവൾക്കു ഉള്ളതാണ്. ഒരു കാക്കയ്ക്കും പരുന്തിനും കൊടുക്കില്ല എന്റെ കുഞ്ഞിനെ.
താമസിക്കാൻ തുടങ്ങി ആദ്യം ഒക്കെ ഭയം ഉണ്ടായിരുന്നു ജയൻ വന്നു ഉപദ്രവിക്കും എന്ന്. പക്ഷെ പിന്നീട് ജയന്റെ ശല്യം ഉണ്ടായില്ല. ബാറിൽ വച്ചുണ്ടായ ഒരു അടിപിടിയിൽ കുത്തേറ്റു അയാൾ കൊല്ലപ്പെട്ടു. പക്ഷെ ആ വീട്ടിലേക്കു തിരികെ പോകാൻ ദേവകി അമ്മയ്ക്ക് മനസ്സ് വന്നില്ല. ഉണ്ടായതൊക്കെ മറന്നു ഇനി അവിടെ ജീവിക്കാൻ ആകില്ല.ആ വീടും വസ്തുവും വിൽക്കാൻ പറ്റിയാൽ കുഞ്ഞിന് വേണ്ടതൊക്കെ ചെയ്യാൻ പറ്റും. നന്മ പൂർണമായും നശിക്കാത്ത ചിലരും ഉണ്ട് തനിക്കു കൂട്ടായി.താനില്ലാതെ വന്നാലും കുഞ്ഞ് വഴിയിൽ ആയി പോകും എന്നുള്ള ഭയം ഇപ്പോൾ ഇല്ല.
അവൾക്കു നല്ലൊരു ഭാവിക്കായി വേണ്ടതൊക്കെ ചെയ്യണം. ശേഷം അവൾക്കു വില പറയാത്ത അവളെ വിലമതിക്കുന്ന ഒരു ജീവിതം അവൾ തന്നെ കണ്ടെത്തട്ടെ.
അതുവരെ അവളെ ഒരു കഴുകൻ കണ്ണിലും പെടാതെ വളർത്തണം.
കഞ്ഞി കോരികുടിക്കുന്ന പൊന്നുവിന്റെ മുടിയിഴകൾക്കിടയിലൂടെ അവർ മെല്ലെ വിരലുകൾ കൊണ്ട് കോതി.
അവൾ മുഖം ഉയർത്തി അമ്മച്ചിയെ നോക്കി ക്ഷീണത്തോടെ ചിരിച്ചു....

ഷീജ രാജേഷ്

