ഇന്ന് മേയ് ഒന്ന് .....
തൊഴിലാളി ദിനം എന്ന രീതിയിൽ ഏവർക്കും പരിചിതം ...
എന്നെ സംബന്ധിച്ച് , ' മണിയൻപിള്ള അഥവാ മണിയൻ പിള്ള' എന്ന ചിത്രത്തിന്റെ പിറന്നാൾ കൂടിയാണ് മെയ് ഒന്ന് . 1981 മെയ് ഒന്നിനാണ് ആ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്. എനിക്ക് പറയാനുള്ളത് ആ കഥ എങ്ങിനെ എന്റെ മനസ്സിൽ രൂപം കൊണ്ടു എന്നാണ് ...
എന്റെ അച്ഛന്റെ വീട് അമ്പലപ്പുഴയാണ് .റെയിൽവേ സ്‌റ്റേഷൻ മാസ്റ്ററായ അച്ഛനോടൊപ്പം പലയിടത്തായിട്ടാണ് എന്റെ ബാല്യം കഴിച്ചു കൂട്ടിയത് . എന്നാൽ ഓണത്തിനും മധ്യവേനലിനുമൊക്കെ അച്ഛൻ എന്നെ അമ്പലപ്പുഴയിൽ കൊണ്ട് വന്ന് കയറൂരി വിടും .
ആഹാ ,,,എന്താ രസം ! അമ്പലപ്പുഴയിലെ പുഴകളും തോടുകളും വയൽ പരപ്പുകളുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു . എന്നാൽ , അതിനേക്കാളൊക്കെ എന്നെ ആകർഷിച്ച "ഗോപാലിച്ചേട്ടനാണ് ' ഫോട്ടോയിൽ എന്നോടൊപ്പം നിൽക്കുന്നത് .
നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവനായിരുന്നു ഗോപാലി . ബെല്ലും ബ്രേക്കുമില്ലാത്ത ഒരു സിനിമാ ഭ്രാന്തൻ എന്നു പറയാം .പരോപകാരിയുമാണ് . ഏതു വീട്ടിൽ എന്താവശ്യം വന്നാലും ഗോപാലി അവിടെ ഉണ്ടാവും. മാറി മാറി വരുന്ന സിനിമകൾ മുടക്കമില്ലാതെ കാണുക , അതിന്റെ നോട്ടീസും പാട്ടു പുസ്തകവും ശേഖരിക്കുക, കണ്ട സിനിമാവിശേഷങ്ങൾ വീടുകൾ മാറി മാറി പ്രചരിപ്പിക്കുക, ഇതൊക്കെ ആയിരുന്നു 'ഗോപാലിച്ചേട്ടന്റെ ' ബാലലീലകൾ . ഗ്രാമവാസികൾക്ക് പ്രിയങ്കരനായ ഗോപാലിച്ചേട്ടനും ഞാനുമായി ഒരു തരം ഇണ പിരിയാത്ത സൗഹൃദം എങ്ങിനെയോ ഉടലെടുത്തു. ഒരു ഗ്രാമത്തിന്റെ നിഷ്ക്കളങ്കതയുടെ പ്രതീകമായ ഗോപാലിച്ചേട്ടനെ ചുറ്റി പ്പറ്റി ഞാനൊരു കഥ മെനഞ്ഞെടുത്തു ആ കഥ ചർച്ചയായി വന്നപ്പോൾ വേണു നാഗവള്ളിയാണ് ഗോപാലിച്ചേട്ടനെ 'മണിയൻപിള്ള " എന്ന് നാമകരണം ചെയ്തത് . ഇതെഴുതുമ്പോഴും ഗോപാലിച്ചേട്ടന്റെ സ്വത സിദ്ധമായ ചേഷ്ടകൾ എന്റെ മനസ്സിലേക്ക് ഓടി വരുന്നു ...
മണിയൻപിള്ള ഷൂട്ടിങ്ങിനു മുൻപ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിയുക്തനായ രാജുവിനെ (മണിയൻപിള്ള രാജു എന്ന് പറഞ്ഞാലേ ശരിയാവു )അമ്പലപ്പുഴയിൽ കൊണ്ട് വന്നു ഗോപലായ ചേട്ടനെ പരിചയപ്പെടുത്തി ..രാജു നന്നായി നിരീക്ഷിക്കുകയും ആ കഥാപാത്രത്തെ അനുഭവവേദ്യമാക്കുകയും ചെയ്തു എന്ന് പറയാം ...
ഏഷ്യാനെറ്റിന്റെ ഒരു ഓണപ്പരിപാടിയിൽ എന്നോടൊപ്പം ഗോപാലിച്ചേട്ടനും പങ്കെടുത്തത് ഞാൻ ഓർത്തു പോകുന്നു .
എന്ന് ഞാൻ അമ്പലപ്പുഴയിൽ കാലു കുത്തിയാലും ഗോപാലി ചേട്ടൻ അറിഞ്ഞിരിക്കും, എന്നെ കണ്ടിരിക്കും .അമ്പലത്തിലെ പ്രസാദം എനിക്ക് സമ്മാനിക്കും .ഞാൻ നെറ്റിയിൽ ചന്ദനം തൊടുന്നത് നിറകണ്ണുകളോടെ നോക്കി ഗോപാലിച്ചേട്ടൻ പറയും ...
"വല്ലപ്പോഴുമൊക്കെ വന്ന് അമ്പലപ്പുഴ കൃഷ്ണനെ കണ്ടാമതി ..ചന്ദ്രന് ( എന്റെ ചെല്ലപ്പേര് ) ഒരു കൊഴപ്പോം വരില്ല . .."
ഞാൻ ഓർത്തു പോകയാണ് ...എന്റെ ഒരു സിനിമാക്കഥക്കു കാരണഭൂതനായ ഒരാൾ . ...
രാജു എന്ന ഒരു സാധാരണക്കാരനെ അറിയപ്പെടുന്ന ഒരു നടനാകാൻ കാരണമായ ഒരാൾ ..
വ്യസനത്തോടെ പറയട്ടെ,2013 ജനുവരി 8 നു ഗോപാലിച്ചേട്ടൻ കാലയവനികക്കുള്ളിൽ മറഞ്ഞു.. .
എന്നെ സംബന്ധിച്ചു മെയ് ഒന്ന് തൊഴിലാളിദിനം മാത്രമല്ല ....ഗോപാലിച്ചേട്ടൻ എന്ന മണിയൻപിള്ളയെ കേരളക്കര അറിഞ്ഞ ദിവസം കൂടിയാണ് . ചിത്രത്തിന്റെ നിർമ്മാതാവായ ദിവംഗതനായ ശ്രീ ഈ .ജെ പീറ്ററിനെയും ഞാൻ വിനയപൂർവ്വം സ്മരിക്കുന്നു
that's ALL your honour !


