പത്തനംതിട്ട: റോഡരികിൽ ബസ് കാത്തുനിന്ന വയോധിക കാറിടിച്ച് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂരില്‍ രാവിലെ 9മണിക്കാണ് അപകടമുണ്ടായത്. ആനിക്കാട് സ്വദേശി പൊടിയമ്മ (75) യാണ് മരിച്ചത്. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം.
പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

