പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണവും പൊടിപൊടിക്കുകയാണ്. യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർഥി നിർണയം ജില്ലയിൽ പൂർണമായിട്ടില്ല. വരും ദിവസങ്ങളിൽ ഇരു മുന്നണികളും മണ്ഡലത്തിലെ തങ്ങളുടെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുന്നത്തോടെ പ്രചാരണം കനക്കും.
അടൂർ, ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നിവയാണ് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങൾ. നിലവിൽ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎ മാരാണുള്ളത്. ജില്ലയിലെ നാല് സിറ്റിങ് എംഎൽഎമാരെയും കളത്തിലിറക്കിയാണ് എൽഡിഎഫ് വീണ്ടും ജനവിധി തേടുന്നത്.
അടൂർ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാർ മാത്രമാണ് ഇക്കുറി മത്സര രംഗത്ത് നിന്നും ഒഴിവായത്. കോന്നിയിലും അറന്മുളയിലും സിപിഎം, അടൂരിൽ സിപിഐ, തിരുവല്ലയിൽ ഐഎസ്ജെഡി, റാന്നിയിൽ കേരള കോൺഗ്രസ് എന്നിങ്ങാനെയാണ് എൽഡിഎഫ് സ്ഥാനാർഥി പട്ടിക.
ജില്ലയിലെ ഏക സംവരണ മണ്ഡലമാണ് അടൂർ. സിപിഐയിലെ പ്രിജി കണ്ണനാണ് എൽ ഡി എഫ് സ്ഥാനാർഥി. ജില്ലയിൽ ആദ്യം പ്രചരണം ആരംഭിച്ച സ്ഥാനാർഥിയാണ് കൊല്ലം ജില്ലയിൽ നിന്നുള്ള പ്രിജി കണ്ണൻ. ചിറ്റയം ഗോപകുമാർ തുടർച്ചയായി മൂന്ന് തവണ വിജയിച്ച മണ്ഡലമാണിത്. സിറ്റിങ് സീറ്റ് പ്രിജി കണ്ണനിലൂടെ നിലനിർത്തുക എന്നതാണ് ലക്ഷ്യം. മണ്ഡലത്തിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ആറന്മുള മന്ത്രി വീണ ജോർജ് ഇത് മൂന്നാം തവണയാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. സിറ്റിങ് എംഎൽഎ ആയ വീണ ജോർജ് കഴിഞ്ഞ രണ്ടു തവണയും മത്സരിച്ചു വിജയിച്ച മണ്ഡലത്തിൽ ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്. 2016 ലാണ് വീണ ജോർജ് മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥി ആകുന്നത്.
ആദ്യ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ കെ. ശിവദാസൻ നായരെ 7646 വോട്ടുകൾക്കാണ് വീണ പരാജയപ്പെടുത്തിയത്. 2021 ലും വീണ ജോർജും കെ ശിവദാസൻ നായരും തമ്മിൽ ആയിരുന്നു മത്സരം. രണ്ടാം തവണ 19003 വോട്ടുകളായിരുന്നു വീണയുടെ ഭൂരിപക്ഷം.
കോന്നി സിറ്റിങ് എംഎൽഎ ആയ കെ യു ജനീഷ് കുമാർ തന്നെയാണ് ഇക്കുറിയും എൽഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും വിജയിച്ച ജനീഷ് കുമാർ മൂന്നാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്.
2019 ൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം ആദ്യമായി കോന്നിയിൽ നിന്നും മത്സരിച്ചു വിജയിക്കുന്നത്.
അടൂർ പ്രകാശ് ആറ്റിങ്ങൽ എംപിയായി മത്സരിച്ചു വിജയിച്ചത്തോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തുടർന്ന് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ജനീഷ് കുമാർ വിജയിച്ചു.
ഇത്തവണയും കോന്നിയിലേക്ക് ജനീഷ് കുമാറിൻ്റെ പേര് മാത്രമാണ് പാർട്ടി പരിഗണിച്ചത്. ഇക്കുറി യുഡിഎഫ് സ്ഥാനാർയി ആയി അടൂർ പ്രകാശ് കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. എങ്കിൽ കനത്ത മത്സരം ആകും മണ്ഡലത്തിൽ നടക്കുക.
തിരുവല്ല മണ്ഡലത്തിൽ എല്‍.ഡി.എഫ്, യു ഡി എഫ്, എൻഡിഎ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ മൂന്ന് മുന്നണി സ്ഥാനാർഥികളും പ്രചരണവുമായി രംഗതുണ്ട്. സിറ്റിങ് എംഎൽഎ ഇൻഡ്യൻ സോഷ്യലിസ്‌റ്റ് ജനതാദളിലെ മാത്യു ടി. തോമസ് ആണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അഡ്വ വർഗീസ് മാമൻ ആണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആൻ്റണിയാണ് എൻഡിഎ സ്ഥാനാർത്ഥി.
റാന്നി സിറ്റിംങ് എംഎൽഎ കേരള കോണ്‍ഗ്രസ് എമ്മിലെ പ്രമോദ് നാരായണൻ ആണ് എല്‍.ഡി.എഫ് സ്ഥാനാർത്ഥി. തുടർച്ചയായി രണ്ടാം തവണയാണ് പ്രമോദ് നാരായൺ മത്സരിക്കുന്നത്. ട്വൻ്റി ട്വൻ്റിയിലെ തോമസ് കെ സാമുവൽ ആണ് എൻഡിഎ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഔദ്യോഗിക പ്രഖ്യാപണം ഉടൻ ഉണ്ടാകും.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയില്‍ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,77,921 ആണ്. ഇതിൽ സ്ത്രീകള്‍ 5,09,792 പുരുഷൻമാർ 4,68,124 ട്രാൻസ്ജെൻഡർ 5 എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിലാണ്.
2,14,575 പേരാണ് മണ്ഡലത്തിലുള്ളത്. റാന്നി, 1,75,565. അടൂർ, 2,00,864, തിരുവല്ല 1,97,960, കോന്നി 1,88,957 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. ജില്ലയിലെ മൊത്തം പ്രവാസി വോട്ടർമാരുടെ എണ്ണം 3,917 ആണ്. ആറന്മുള 1,013, തിരുവല്ല 962, അടൂർ 821, കോന്നി 557, റാന്നി 564 എന്നിങ്ങനെയാണ് കണക്ക്.







