PRAVASI

വോട്ടിന് പണം നൽകിയെന്ന ആരോപണം; ശോഭ സുരേന്ദ്രനെതിരെ സമഗ്ര അന്വേഷണത്തിന് കളക്ടറുടെ ശുപാർശ

Blog Image

പാലക്കാട്: എൻ.ഡി.എ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ ആരോപണത്തിൽ പാലക്കാട് ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പരാതി ഉയർന്ന് മണിക്കൂറുകൾക്കകം തന്നെ ഫ്ലൈയിംഗ് സ്ക്വാഡിനെ അയച്ച് അന്വേഷണം പൂർത്തിയാക്കിയാണ് കളക്ടർ റിപ്പോർട്ട് നൽകിയത്. സംഭവത്തിൽ വയോധിക പണം ലഭിച്ച കാര്യം നിഷേധിച്ചെങ്കിലും, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 8-ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശോഭ സുരേന്ദ്രൻ പണം വിതരണം ചെയ്തെന്ന പരാതിയെ തുടർന്നാണ് നടപടി. മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ സ്ഥലത്തെത്തിയ തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ്, പണം ലഭിച്ചെന്ന് പറയപ്പെടുന്ന കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി രേഖപ്പെടുത്തി. തനിക്ക് പണം ലഭിച്ചിട്ടില്ലെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. എങ്കിലും ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ തുടരന്വേഷണം അത്യാവശ്യമാണെന്ന് കളക്ടർ വ്യക്തമാക്കി.

സംഭവത്തിൽ കേസെടുക്കുന്നതിനായി ജില്ലാ കളക്ടർ പാലക്കാട് എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. കോടതിയുടെ അനുമതി തേടി കേസ് രജിസ്റ്റർ ചെയ്യാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിന്റെ പകർപ്പുകൾ തെരഞ്ഞെടുപ്പ് നിരീക്ഷകർക്കും പോലീസ് വിഭാഗത്തിനും കൈമാറി. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.