KERALA

മാധ്യമങ്ങൾക്കും നിയന്ത്രണം; മുഖ്യമന്ത്രിയുടെ പരിപാടികളിൽ ഇനി കൂടുതൽ കാവൽ

Blog Image

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ തിക്കുംതിരക്കും ഒഴിവാക്കാൻ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരിപാടികളിൽ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഉൾപ്പെടെ അനിയന്ത്രിതമായി അടുത്തെത്തുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുന്നുവെന്ന ഇന്റലിജൻസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പോലീസിനെ വിന്യസിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം.

കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പരിപാടികളിലുണ്ടായ ചില സംഭവങ്ങൾക്ക് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്. ഇടുക്കിയിലെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി പുറത്തിറങ്ങുന്നതിനിടെ തിക്കുംതിരക്കും ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകരെ മാറ്റിനിർത്താൻ അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ എറണാകുളത്തെ പരിപാടിയിലും മൈക്കുമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്നും അദ്ദേഹം സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണെന്നും പോലീസ് മാധ്യമപ്രവർത്തകരോട് നിർദേശിച്ചു. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനും അനുമതി നൽകിയില്ല. തൃശ്ശൂരിലും മാധ്യമപ്രവർത്തകരെ മാറ്റിനിർത്തിയിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന് സെഡ് പ്ലസ് സുരക്ഷയാണ് നിലവിലുള്ളത്. അധിക സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രിയുടെ അടുത്തേക്ക് അനിയന്ത്രിതമായി എത്തുന്നത് ഒഴിവാക്കണമെന്നാണ് പോലീസ് നിർദേശത്തിന്റെ ഭാഗം. മഫ്തി പോലീസിനെയും അധിക സേനയെയും വിന്യസിച്ച് പരിപാടി നടക്കുന്ന സ്ഥലത്ത് സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം.

അതേസമയം, മുഖ്യമന്ത്രിയായി ചുമതലയേറ്റ സമയത്ത് തന്നെ വലിയ വാഹനവ്യൂഹം ഒഴിവാക്കി പരമാവധി കുറഞ്ഞ സുരക്ഷാ അകമ്പടി മതിയെന്ന നിലപാട് സതീശൻ വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് യാത്രാബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊതുപരിപാടികളിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇപ്പോൾ ജനക്കൂട്ട നിയന്ത്രണത്തിനും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കും കൂടുതൽ പോലീസിനെ നിയോഗിക്കുന്ന നടപടിയിലേക്കാണ് പോലീസ് നീങ്ങുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.