PRAVASI

ഫിലാഡൽഫിയ സെൻറ് തോമസ് പള്ളിയിൽ കൺവെൻഷൻ കിക്കോഫിന് ആവേശകരമായ പ്രതികരണം

Blog Image

ചിക്കാഗോ : രജതജൂബിലി ആഘോഷിക്കുന്ന മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കൺവെൻഷന്റെ കിക്കോഫ് ജൂബിലി കൺവീനർ ഫാദർ ജോൺ മേലേപ്പുറത്തിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയ സെൻറ് തോമസ് സീറോ മലബാർ ഫൊറോന പള്ളിയിൽ വളരെ ഉത്സാഹപൂർവ്വം നവംബർ ഒൻപതാം തീയതി നടന്നു. കൺവെൻഷന്റെ ഭാഗമായി ഇടവകകൾസന്ദർശിക്കുന്നതിനും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ആയി എത്തിച്ചേർന്നഫാ: ജോൺ മേലേപുറത്തിനെയും കൺവെൻഷൻ ചെയർമാൻ ബിജി സി. മാണി, ഫിനാൻസ് ചെയർമാൻ ആൻഡ്രൂസ് തോമസ് എന്നിവരെയും ഇടവകവികാരി ഫാ: ജോർജ് ദാനവേലിൽ, കൺവെൻഷൻ പ്രതിനിധികളായ അലക്സ് പടയാറ്റിൽ, ജെയ്സി ജോസഫ്, ജോസ് കുന്നേൽ, ജോസ് തോമസ്, സിബിച്ചൻ ചേമ്പ്ളാണിയിൽ എന്നിവരും മറ്റു ഇടവകാംഗങ്ങളും സന്തോഷപൂർവ്വം സ്വീകരിച്ചു.ഫാ: ജോൺ മേലേപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ വിവരങ്ങൾ നൽകി. നാലു ദിവസങ്ങളിലായി നടത്തപ്പെടുന്ന കൺവെൻഷൻ പരിപാടികളുടെ രൂപരേഖ ബിജി സി. മാണി അവതരിപ്പിച്ചു. രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ് അവസരങ്ങളുടെ വിശദവിവരങ്ങൾ ആൻഡ്രൂസ് തോമസ് നൽകി. ഫാ: ജോർജ് ദാനവേലിൽ ഇടവകയുടെ പിന്തുണ പ്രഖ്യാപിച്ചതോടൊപ്പം ഏവരെയും ഇതിൽ പങ്കുചേരുവാൻ ക്ഷണിക്കുകയും ചെയ്തു.

2026 ജൂലൈ 9 മുതൽ 12 വരെ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിറോ മലബാർ യുഎസ്എ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും കൊണ്ടാടുന്നു. കഴിഞ്ഞ 25 വർഷങ്ങളിലായി രൂപത കൈവരിച്ച വളർച്ചയിൽ പങ്കാളികളായ ഏവരെയും ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളുടെ ഈ സമ്മേളനം, ഏവർക്കും ഒന്നിച്ചു ചേരാനും, ആശയങ്ങളും അറിവുകളും അനുഭവങ്ങളും പങ്കുവയ്ക്കുവാനും, പ്രവാസി ലോകത്തെ സഭയുടെ ഭാവിയെക്കുറിച്ച് വിചിന്തനം ചെയ്യുവാനും, ഉള്ള ഒരു അവസരം ആയിരിക്കും. ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയോടൊപ്പം വിദഗ്ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റുകളും, സംഘടനാ കൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഒരുക്കിയിരിക്കുന്നു.

യുവജനങ്ങളെയും, മുതിർന്നവരെയും ഒരുപോലെ പങ്കാളികളാക്കി നടത്തുന്ന ഈ വിശ്വാസ കൂട്ടായ്മയിൽ അമേരിക്കയിൽ അങ്ങോളമിങ്ങോളം ഉള്ള എല്ലാ സീറോ മലബാർ വിശ്വാസികളും വന്നുചേരണമെന്നാണ് താൻ കാംക്ഷിക്കുന്നതെന്ന് ഇടവക അധ്യക്ഷൻ മാർജോയ് ആലപ്പാട്ട് രൂപതയിൽഏവർക്കും ഉള്ള സന്ദേശത്തിൽ അറിയിക്കുകയുണ്ടായി.

ഓരോ പള്ളിയിലും അവരുടെ പ്രതിനിധികളോട് ചേർന്ന് രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുവാനുള്ള ഒരു സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൺവെൻഷൻ ടീം ഈ അംഗങ്ങളുമായി ബന്ധപ്പെടുകയും വിവരങ്ങൾ പങ്കു വെയ്ക്കുകയും ചെയ്യുന്നതുവഴി രജിസ്ട്രേഷൻ പ്രക്രിയ എളുപ്പുമാക്കുകയും ചെയ്യുന്നു . ഈ സംയോജിത ശ്രമം കൂടുതൽ വിശ്വാസികളെ കൺവെൻഷന്റെ ഭാഗമാക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

ഫിലാഡൽഫിയ പള്ളിയിലെ അച്ചന്റെയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു. 30- ലേറെ രജിസ്ട്രേഷനുകൾ ഇടവകാംഗങ്ങൾ കൺവെൻഷൻ ടീമിന് കൈമാറി.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroConvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.