PRAVASI

ചേരാനല്ലൂർ അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Blog Image

ബെന്‍സ് കാര്‍ ഇടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ വീഴ്ച വരുത്തിയ എറണാകുളം ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ചേരാനല്ലൂർ‌ എസ്എച്ച്ഒ വിശ്വജിത്, സി ഐ രാംകുമാർ, ഗ്രേഡ് എസ്ഐ മനോജ്, ഗ്രേഡ് എഎസ്ഐ അരുൺ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ പോലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാൻ എഡിജിപി പി വിജയൻ ചേരാനല്ലൂർ സ്റ്റേഷനിൽ നേരിട്ടെത്തിയിരുന്നു. എഡിജിപി റിപ്പോർട്ട് ഡിജിപിക്ക് മെയിൽ ചെയ്തതിനു പിന്നാലെയാണ് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ആദ്യഘട്ടത്തിൽ തെളിവ് ശേഖരിക്കുന്നതിലുണ്ടായ വീഴ്ച, എഫ്ഐആർ ഇടുന്നതിലുണ്ടായ കാലതാമസം, നാട്ടുകാർ അപകടസ്ഥലത്തെ ദൃശ്യങ്ങൾ പകർത്തിയ ഫോണുകളിൽ നിന്നും അവ ഡിലീറ്റ് ചെയ്ത സംഭവം എന്നീ വീഴ്ചകൾ പോലീസിനു സംഭവിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. വീഴ്ച സംഭവിച്ച പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് നിയമസഭയിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയിരുന്നു.പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനാണ് (55) ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടത്തിൽ പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199എ വകുപ്പ് ചുമത്തിയാണു കേസ്. 3 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
ജയബാലകൃഷ്ണന്റെ കുടുംബം ശക്തമായ പ്രതിഷേധം ഉയർത്തിയതോടെയാണ്, അപകടം നടന്ന് 32 മണിക്കൂറിനു ശേഷം പോലീസ് കേസെടുത്തത്. എന്നാൽ, ജഡ്ജിക്കെതിരെയുള്ള നടപടിക്ക് ഹൈക്കോടതിയുടെ അനുമതി തേടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്ന് പോലീസ് പറയുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.