തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിലെ പോലീസ് നടപടിക്കെതിരെ നിയമസഭയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നെടുമ്പാശ്ശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാടെടുത്തിട്ടും പോലീസിന്റെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
സമ്പന്നർക്കും സ്വാധീനമുള്ളവർക്കും ഒരു നീതിയും പാവപ്പെട്ടവർക്ക് മറ്റൊരു നീതിയുമാണ് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. “ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോ എന്ന് അപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ മകൾ ചോദിച്ചത് സങ്കടകരവും അപമാനകരവുമാണ്. ആ അച്ഛന്റെ ചിത അടങ്ങുന്നതിന് മുൻപാണ് ആ കുട്ടിക്ക് അത് ചോദിക്കേണ്ടി വന്നത്. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്,” പിണറായി നിയമസഭയിൽ പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ വാക്കും നിലപാടും പോലും പോലീസ് അംഗീകരിക്കുന്നില്ലെന്നും ഈ ഗുരുതരമായ അവസ്ഥയിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

