രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകളിൽ ലോകം വിറങ്ങലിച്ച് നിന്നപ്പോൾ ലോകത്ത് ശാശ്വത സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി രൂപംകൊണ്ട അന്താരാഷ്ട്ര പ്രസ്ഥാനമാണ് ഐക്യരാഷ്ട്ര സംഘടന (United Nations Organization - UNO). 1945 ഒക്ടോബർ 24-നാണ് യു.എൻ ഔദ്യോഗികമായി നിലവിൽ വന്നത്. എല്ലാ വർഷവും ഒക്ടോബർ 24 "ഐക്യരാഷ്ട്ര ദിനം" (UN Day) ആയി ആചരിക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സമാധാനം നിലനിർത്താനായി 'ലീഗ് ഓഫ് നേഷൻസ്' രൂപീകരിച്ചിരുന്നുവെങ്കിലും രണ്ടാം ലോകമഹായുദ്ധം തടയുന്നതിൽ അത് പൂർണ്ണമായും പരാജയപ്പെട്ടു.
1939 മുതൽ 1945 വരെ നീണ്ടുനിന്ന രണ്ടാം ലോക മഹാ യുദ്ധത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വൻതോതിൽ സാമ്പത്തിക തകർച്ചയുണ്ടാവുകയും ചെയ്തു. ഭാവിതലമുറയെ ഇത്തരം യുദ്ധക്കെടുതികളിൽ നിന്ന് രക്ഷിക്കാൻ ശക്തമായ ഒരു പുതിയ സംഘടന വേണമെന്ന് ലോകനേതാക്കൾ മനസ്സിലാക്കി അതേത്തുടർന്ന്
യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും ചേർന്ന് ലോകസമാധാനത്തിനായുള്ള ഒരു കരാറിൽ ഒപ്പുവെച്ചു.
യുണൈറ്റഡ് നേഷൻസ് ('United Nations') എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് ആണ്. 26 രാജ്യങ്ങൾ ഇതിൽ പങ്കാളികളായി.
1944വാഷിംഗ്ടൺ ഡി.സിയിൽ വെച്ച് നടന്ന ഡംബാർട്ടൺ ഓക്സ് സമ്മേളനത്തിലാണ് യു.എന്നിന്റെ ഘടനയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ആദ്യമായി വ്യക്തമായ രൂപരേഖ തയ്യാറാക്കിയത്.
1945ൽ സാൻ ഫ്രാൻസിസ്കോ സമ്മേളനത്തിൽ 50 രാജ്യ പ്രതിനിധികൾ പങ്കെടുത്തു. തുടർന്ന് 1945 ജൂൺ 26-ന് യു.എൻ ചാർട്ടർ ഒപ്പുവെച്ചു. സ്ഥാപക അംഗങ്ങളുടെ എണ്ണം 51 ആയിരുന്നു.
ഔദ്യോഗിക രൂപീകരണം 1945 ഒക്ടോബർ 24ന് സുരക്ഷാ കൗൺസിലിലെ 5 സ്ഥിരം അംഗങ്ങളും ഭൂരിഭാഗം മറ്റ് രാജ്യങ്ങളും ചാർട്ടർ അംഗീകരിച്ചതോടെ 1945 ഒക്ടോബർ 24-ന് ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടനയായ യു.എൻ ചാർട്ടർ അനുസരിച്ച് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുക. രാജ്യങ്ങൾക്കിടയിൽ തുല്യാവകാശവും ആത്മാഭിമാനവും മുൻനിർത്തി സൗഹൃദം സ്ഥാപിക്കുക. സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിച്ച് പ്രവർത്തിക്കുക. ജാതി, മതം, ലിംഗം, ഭാഷ എന്നിവയുടെ വേർതിരിവില്ലാതെ എല്ലാവരുടെയും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുക എന്നിവയായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയിൽ തുടക്കം മുതൽ സജീവമായി പങ്കാളിയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1945 ഒക്ടോബർ 30-നാണ് ഇന്ത്യ യു.എന്നിൽ അംഗമാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് തന്നെ യു.എന്നിന്റെ സ്ഥാപക അംഗങ്ങളിൽ ഒന്നാകാൻ കഴിഞ്ഞു എന്നത് ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നു. സമാധാന പരിപാലന സേനയിൽ (UN Peacekeeping Force) ഏറ്റവും കൂടുതൽ സൈനികരെ നൽകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ലോകമഹായുദ്ധങ്ങൾ ഒഴിവാക്കുന്നതിലും ലോകസമാധാനം നിലനിർത്തുന്നതിനും മാത്രമായിരുന്നില്ല ഐക്യരാഷ്ട്ര സംഘടന പ്രാധാന്യം നൽകിയത്, ദാരിദ്ര്യനിർമ്മാർജ്ജനം, ആഗോള ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, അഭയാർത്ഥി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിലും ഐക്യരാഷ്ട്ര സംഘടന നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പോരായ്മകളും വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും, ഒരു കൂട്ടായ ആഗോള കൂട്ടായ്മ എന്ന നിലയിൽ യു.എന്നിന്റെ പ്രസക്തി ഇന്നും അത്യന്താപേക്ഷിതമായി തുടരുന്നു.

ബെൻസൺ തെങ്ങുംപള്ളിൽ

