കനത്ത മഴയെ തുടർന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ട് മന്ത്രി മോൻസ് ജോസഫ്. കനത്ത മഴയ്ക്കിടെ റബ്ബർമരം കടപുഴകി വൈദ്യുത ലൈനിലേക്ക് വീണതിനെത്തുടർന്ന് രണ്ട് വൈദ്യുതത്തൂണുകൾ റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതുവഴി കടന്നുപോവുകയായിരുന്ന മന്ത്രി മോൻസ് ജോസഫും പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെ ഞീഴൂർ പാഴുത്തുരുത്തിലായിരുന്നു സംഭവം.
പാടത്തുനിന്നിരുന്ന റബ്ബർമരം കടപുഴകി 11 കെ.വി. വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ഇതോടെ രണ്ട് വൈദ്യുതത്തൂണുകളും മരവും റോഡിലേക്ക് പതിച്ചു. അപകടത്തെത്തുടർന്ന് കടുത്തുരുത്തി–ഞീഴൂർ റോഡിൽ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് എസ്.കെ.പി.എസ്. പുളിക്കിയിൽ–കുടിലപ്പറമ്പ് റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടു.
മന്ത്രിയുടെ അറിയിപ്പിനെത്തുടർന്ന് കെ.എസ്.ഇ.ബി. ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതത്തൂണുകൾ നീക്കം ചെയ്തതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു സെക്കൻഡ് കൂടി വൈകിയിരുന്നെങ്കിൽ വൈദ്യുതത്തൂണുകൾ കാറിനു മുകളിലേക്ക് പതിക്കുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഞീഴൂരിൽ ഒരു സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മന്ത്രി. ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ലെന്നും പിന്നീട് മാത്രമാണ് അപകടത്തിന്റെ വ്യാപ്തി വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ദൈവാനുഗ്രഹത്താൽ വലിയൊരു ദുരന്തം ഒഴിവായെന്നും മന്ത്രി പ്രതികരിച്ചു.

