കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിലുണ്ടായ വാഹനാപകട കേസിൽ അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
അപകടമുണ്ടാക്കിയ ബെൻസ് കാറിന്റെ ആർസി ഉടമയായ പതിനേഴുകാരന്റെ പിതാവ് അഡീഷണൽ ജില്ലാ ജഡ്ജിയെ പൊലീസ് ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു. ജഡ്ജിയെ കേസിൽ പ്രതിചേർത്തിട്ടുമുണ്ട്. എന്നാൽ, തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. ജഡ്ജിയെ പ്രതിചേർത്ത വിവരം പൊലീസ് ഹൈക്കോടതിയെ അറിയിക്കും. കൂടാതെ, അപകടമുണ്ടാക്കിയ പതിനേഴുകാരന് 25 വയസ്സ് വരെ ലൈസൻസ് എടുക്കുന്നതിന് വിലക്കേർപ്പെടുത്താനും ബെൻസ് കാറിന്റെ ആർസി സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹനവകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.
കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ജാമ്യം റദ്ദാക്കാൻ വേഗത്തിൽ നീക്കം നടത്താനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിരുന്നു. കേസിന്റെ തുടർനടപടികൾ വിലയിരുത്താൻ എഡിജിപി പി. വിജയൻ കൊച്ചിയിലെത്തും. തുടക്കത്തിൽ എഫ്ഐആർ ഇടുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വൈകീട്ടോടെ നടപടിയുണ്ടായേക്കും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ വൈകീട്ട് നാലുമണിക്കുള്ളിൽ നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കാനാണ് അപകടത്തിൽ മരിച്ച മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.
വാഹനം ഓടിച്ച പതിനേഴുകാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് ശേഷമാണ് പതിനേഴുകാരനെതിരെ നരഹത്യാ കുറ്റം ചുമത്തിയതും പിതാവിനെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തതും. അതിനിടെ, മുൻപ് വാഹനമോടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി പതിനേഴുകാരൻ തന്റെ ഇൻസ്റ്റഗ്രാം പേജ് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്.

