PRAVASI

പോഞ്ഞിക്കരയും പ്യാരിയും രാമൻകുട്ടിയും വീണ്ടും വരുന്നു; കല്യാണരാമൻ റീ-റിലീസ്

Blog Image

സമീപകാലത്ത് സിനിമാ മേഖലയിൽ തരംഗമായി മാറിയ റീ-റിലീസ് നിരയിലേക്ക് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്‌നറായ ‘കല്യാണരാമനും’ എത്തുന്നു. ജനപ്രിയ നായകൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമായി ചിത്രത്തിന്റെ 4K റീ-റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2002-ൽ റിലീസ് ചെയ്ത ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക 4K ദൃശ്യ മികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ സംവിധാനത്തോടെയും വീണ്ടും ബിഗ് സ്‌ക്രീനിൽ ആസ്വാദകർക്ക് മുന്നിലെത്തുന്നത്.

ഷാഫി സംവിധാനം ചെയ്ത് ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബെന്നി പി. നായരമ്പലമാണ്. മലയാളികളെ എക്കാലവും ചിരിപ്പിച്ച രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഒന്നിക്കുന്ന ദിലീപ്-ഇന്നസെന്റ്-സലിം കുമാർ കോമ്പിനേഷൻ 4K മികവിൽ വീണ്ടും കാണാമെന്ന ആവേശത്തിലാണ് സിനിമാ പ്രേമികൾ. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘കിരീടം’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങൾ റീമാസ്റ്ററിംഗ് ചെയ്ത് വിജയിപ്പിച്ച ഹൈ സ്റ്റുഡിയോസ് തന്നെയാണ് കല്യാണരാമനും പുത്തൻ സാങ്കേതിക തികവോടെ തിയറ്ററുകളിൽ എത്തിക്കുന്നത്.
ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാൽ, ലാലു അലക്സ്, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടുകളിലുണ്ട്. പി. സുകുമാർ ഛായാഗ്രഹണവും ഹരിഹരപുത്രൻ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രം പുതിയ കാലത്തെ സാങ്കേതിക മികവോടെ എത്തുമ്പോൾ ബോക്സ് ഓഫീസിൽ വീണ്ടും വൻ വിജയം കൊയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.