PRAVASI

ഉപ്പാ നോക്കിക്കൊള്ളും!ഉയരത്തിലെ ഉടമസ്ഥൻ കാണുന്നു!

Blog Image

സുഹൈൽ സജീവ് എന്ന 19 കാരൻ ആഡംബര പുത്രൻ മദ്യത്തിൻ്റെയും പണത്തിൻ്റെയും കൊഴുപ്പും മത്തും തലയിൽ കയറിപ്പിടിച്ചിട്ട് മൂന്ന് നിരപരാധികളെ നിർദയം നടുറോഡിൽ ഇടിച്ച് തെറുപ്പിച്ച് കൊന്നു.  നാടിനെ നടുക്കിയ ഈ മഹാ ദുരന്തം ഇവൻ വരുത്തിവെച്ചിട്ട് ഓടി കൂടിയ നാട്ടുകാരോട് തട്ടിക്കയറി പ്രതികരിക്കുന്നു 
ഉപ്പാ നോക്കിക്കൊള്ളും.  മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കുന്ന അഹങ്കാരത്തിൻ്റെയും ഹുങ്കിൻ്റെയും വാക്കുകൾ ഇപ്പോൾ എല്ലായിടത്തും കേൾക്കുകയാണ് .  ഗോപിക, ദേവിക, ഇയാസ് ഇവരുടെ രക്തം നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ ഒഴുകുമ്പോൾ ഒട്ടും കൂസലില്ലാതെ വെറും നിസ്സംഗ മനോഭാവത്തോടെ കാറിൻ്റെ ഡോർ തുറന്നാൽ സെൻസർ കേടാകും എന്ന് പറഞ്ഞ ഇവൻ ഒരുതരം സൈക്കോപാത്ത് രോഗിയാണ്.  മനുഷ്യ ജീവന് വില എവിടെ? 

മൂന്ന് കുടുംബങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് തല്ലി  കെടുത്തിയവൻ യാതൊരു സംങ്കോജമോ ഭയമോ ഇല്ലാതെ എല്ലാവരെയും തുറിച്ച് നോക്കുന്നു എനിക്കെന്ത് കുഴപ്പം എന്ന മട്ടിൽ.  മൂന്ന് മദ്യഷാപ്പുകളിൽ നിന്നും മാറിമാറി കൂട്ടുകാരുമൊത്ത് കുടിച്ച് അഹങ്കാരത്തിൻ്റെ വഴിയിൽ ഞാൻ പാറായി എന്ന മട്ടിൽ ഇവൻ പാഞ്ഞു.  പാതിരാത്രിയിൽ 218 കിലോമീറ്റർ വേഗതയിൽ മിനി കൂപ്പർ ഓടിച്ച ഈ ദ്രോഹി ഉലകത്തിൽ ആരെയെങ്കിലും ഭയപ്പെട്ടിരുന്നുവോ?  ദുഷ്ടന് അവൻ്റെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല തൻ്റെ കുറ്റം തെളിഞ്ഞ് വെറുപ്പായി തീരുകയില്ല എന്ന് അവൻ തന്നോട് തന്നെ മധുര വാക്ക് പറയുന്നു (സങ്കീ: 36 1) എളിയവനെയും ദരിദ്രയും വീഴിപ്പാനും സന്മാർഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ല് കുലച്ചിരിക്കുന്നു.  അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും (സങ്കീ 37: 14).   

നിയമത്തെയും അധികാരത്തെയും വെല്ലുവിളിക്കുന്ന തലമുറ മുളയ്ക്കുന്ന ദേശങ്ങൾ.  അപ്പനെയും അമ്മയെയും ദുഃഖിപ്പിക്കുന്ന തലമുറ ജനിക്കുന്ന കുടുംബങ്ങൾ.  ദൈവത്തെ ഭയവും മനുഷ്യനെ ശംങ്കയുമില്ലാതെ കടിഞ്ഞാൺ ഇല്ലാത്ത കുതിരകൾക്ക് സമാനമായ തലമുറകൾ ഉള്ള മത സമൂഹം.  ഇവിടെയാണ് പതനത്തിൻ്റെ വാതിൽ തുറക്കപ്പെടുന്നത്.   ഇത് ഓരോരുത്തരും തിരിച്ചറിയണം.  സാമൂഹിക സംസ്കാരിക ധാർമിക അതിർവരമ്പുകൾ വിച്ഛേദിച്ച് സ്വാർത്ഥത മാത്രം ചിന്തിക്കുന്നവർ  
വിഷ പാമ്പുകളാണ്.  തിരുവചനം പറയുന്നു അവരുടെ തൊണ്ട തുറന്ന ശവക്കുഴി നാവുകൊണ്ട് അവർ ചതിക്കുന്നു.  സർപ്പ വിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്.  അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട് (റോമർ 3.13-18).   ആര് ചത്താലും ജീവിച്ചിരുന്നാലും വേണ്ടില്ല സ്വന്തം സുഖം, സ്വന്തം സാമ്രാജ്യം, സ്വന്തം കാര്യം സിന്ദാബാദ് ഇതാണ് ഇവരുടെ മുഖമുദ്ര.   
സ്വാർത്ഥതയുടെയും അധർമ്മത്തിൻ്റെയും നിഴലുകളായി പ്രത്യക്ഷപ്പെടുന്ന ഈ മനുഷ്യ കോലങ്ങൾക്ക് മനസ്സാക്ഷി എന്ന പദം പോലും അറിയില്ല.  കാട്ടുമൃഗങ്ങൾ പോലും കരുണ കാണിക്കുമ്പോൾ  കണ്ണിൽ ചോരയില്ലാത്ത  ഈ ആരാച്ചാരൻമാർക്ക് സാധാരണക്കാരുടെ വേദനയും കണ്ണുനീരും കാണുവാൻ കഴിയാതെ തിമിരം ബാധിച്ചിരിക്കുന്നു.  

കേരളത്തിൻ്റെ മണ്ണിൽ ഇപ്പോൾ 19 കാരനും കുടിച്ച് പൂസാകം എം ടി എം എ MDMA , ചരസ് തുടങ്ങിയ മയക്കുമരുന്നുകൾ സ്കൂൾ കോളേജ് ക്യാമ്പസുകളിൽ സുലഭം.  അധ്യാപകർ എന്ന് പറയുന്ന ചില ലോകോത്തര ദുരന്തങ്ങളും അതിൻ്റെ വിതരണക്കാർ എന്ന് കേൾക്കുമ്പോൾ ഭയം തോന്നുന്നു.  ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചുവോ എന്ന് ചോദിച്ചു പോയി.  അശ്ലീലതയുടെയും അധാർമികതയുടെ അരങ്ങേറ്റം വേമ്പനാട്ട് കായൽപോലെ പരക്കുകയാണ്.   ഇത്  പടർന്ന് പന്തലിക്കുവാൻ വളകൂറുള്ള മണ്ണുകൾ ആയി മാറി ഇപ്പോഴത്തെ നമ്മുടെ ആധുനിക ഡിജിറ്റൽ സംസ്കാരം.  

റോക്കറ്റിനേക്കാൾ വേഗത്തിൽ കുതിക്കുന്ന ജൻസി ജനറേഷൻ ആറ്റം ബോംബുകളായി മാറാതിരിക്കണമെങ്കിൽ സമൂഹവും സഭയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  ഒത്തിരി നോട്ടുകൾ വാരി വിതറിയാൽ തലമുറ നന്നാകുമോ?  ഇല്ല ഒത്തിരി മാതാപിതാക്കൾ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചു.  അവരുടെ ആഗ്രഹം കുഞ്ഞുങ്ങൾ  
വേദനിക്കരുത് കഷ്ടപ്പെടരുത്.   അങ്ങനെ വേണ്ടതെല്ലാം വെച്ചു നീട്ടുമ്പോൾ ഒപ്പം ചൊല്ലും ചോറും കൊടുക്കുവാൻ മറക്കരുത്.  അഗതികളെയും അനാഥരെയും സ്നേഹിക്കുവാനും സഹജീവികളോട് കരുണ കാണിക്കുവാനും നാം നമ്മുടെ തലമുറയോട് പറഞ്ഞു കൊടുക്കുന്നില്ല എങ്കിൽ നാം പരാജയപ്പെട്ടു.  

മനസ്സാക്ഷി നഷ്ടപ്പെട്ട് മരവിച്ച ഒരു സമൂഹമാണോ സാക്ഷരത തുളുമ്പുന്നു എന്ന് കേളികൊട്ടുന്ന കേരളത്തിൽ  ഇന്ന് എഴുന്നേൽക്കുന്നത്?  ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാതെ അഴിച്ചുവിട്ട കാട്ടുമൃഗം പോലെ മനുഷ്യൻ സമൂഹത്തിൽ ഇറങ്ങിയാൽ അത് വളരെ ദോഷം ചെയ്യും.   സ്ത്രീധന പീഡനം, പെൺവാണിഭം, ശിശു പീഡനം, കൊലപാതകം, മയക്കുമരുന്ന്, തട്ടിക്കൊണ്ടുപോകൽ പോലീസ് മൂന്നാം മുറ ഈ ദുരന്തങ്ങളുടെ കാലൊച്ച കേൾക്കുന്ന ഇറ്റില്ലമായി മാറിയോ കേരളം? നമ്മുടെ സമൂഹത്തിൽ നിന്ന് ഇതിന് ഒരു മാറ്റം ഉണ്ടായില്ലെങ്കിൽ ചന്ദ്രനിൽ നാം കാലുകുത്തിയാലും ചതുപ്പിലാണ് കിടക്കുന്നത്, പ്രശംസിക്കുവാൻ ഒന്നുമില്ല. 

വിദ്യാഭ്യാസ രംഗത്തും മത മേഖലയിലും ലഹരി വിരുദ്ധ ക്ലാസ്സുകളും ലൈംഗിക വിദ്യാഭ്യാസവും തലമുറകൾക്ക് ഇന്ന് കൈമാറണം.  എതിർ ലിംഗത്തിൽ പെട്ടവർ കേവലം ഉപഭോഗ വസ്തുവല്ലന്നും, വെറുമൊരു പ്രണയ നൈരാശ്യം അരും കൊല ചെയ്യുവാനുള്ള ലൈസൻസ് അല്ല എന്നും യുവതലമുറ തിരിച്ചറിയണം.  സ്വതന്ത്ര ഭൂമിയിൽ ആരും ആർക്കും അടിമകളല്ല.   ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും വ്യക്തി സ്വാതന്ത്ര്യവും നോ എന്ന് പറയുവാനുള്ള അധികാരവും, സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന സത്യങ്ങൾ ചെറിയ ക്ലാസുകൾ തുടങ്ങി യുവ മനസ്സുകളിൽ കുത്തി നിറയ്ക്കണം.   ഇല്ലാ എങ്കിൽ വർധിച്ച സോഷ്യൽ മീഡിയ സ്വാധീനം മൂലം മാനസിക വൈകൃതം ഉള്ള  സ്വന്തം സുഖത്തിനു വേണ്ടി എന്തും ചെയ്യുവാൻ മടി കാണിക്കാത്ത കൊച്ചുകട്ടാളൻമാർ സമൂഹത്തിൽ എഴുന്നേൽക്കും..  മനുഷ്യ ജീവൻ വിലപ്പെട്ടതും ഓരോ മനുഷ്യരും ദൈവത്തിൻ്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരും ദൈവത്തിന് വിലയേറിയവരും ആണ് എന്ന് നാം തിരിച്ചറിയണം.   ഉയരത്തിലെ ഉടമസ്ഥൻ എല്ലാം ദർശിക്കുന്നു ആ കണ്ണുകൾക്കൊന്നും മറവല്ല.  

ഒരു ഇദി അമീൻ തലമുറയെ നാം സൃഷ്ടിക്കരുത്.  മറ്റുള്ളവരുടെ വേദനയും ജീവിതത്തിൻ്റെ നൊമ്പരങ്ങളും തിരിച്ചറിയുവാൻ കഴിയുന്നില്ലങ്കിൽ നാം പാപ്പരാണ് .  പാശ്ചാത്താപവും അനുതാപവും നമ്മുടെ നിഘണ്ടുവിൽ നിന്ന്  പോയി മറ ഞ്ഞുവോ?  കാശും കാറും കൊട്ടാരവും നമ്മെ രക്ഷിക്കുകയില്ല അതെല്ലാം വെറും ചവറാണ്.   എന്നാൽ ഓർക്കുക കപടതയില്ലാത്ത കണ്ണുകളും  കറപുരളാത്ത കൈകളും 
നമുക്കുണ്ടെങ്കിൽ നാം ധന്യരാണ്.  ഡോളർ കൊണ്ടും നോട്ടുകൾ കൊണ്ടും പരവതാനി വിരിച്ചാലും തലമുറ നന്നാകണമെന്നില്ല.  അവരെ ഉത്തരവാദിത്വങ്ങൾ പഠിപ്പിക്കുകയും നിയമങ്ങൾ അനുസരിക്കുന്നവരുമായി വളർത്തിയെടുക്കുകയുമാണ് ചെയ്യേണ്ടത്. 

20 കിലോമീറ്റർ വേഗതയിൽ പോലും വാഹനം ഓടിക്കുവാൻ ഭയപ്പെടുന്ന കേരളത്തിൻ്റെ റോഡുകളിൽ 218 കിലോമീറ്റർ വേഗതയിൽ വാഹനം പായിച്ച ഈ   ആഡംബര കുട്ടൻ ഇപ്പോൾ ജയിലിൽ കിടക്കുകയായിരിക്കും.  നാളെ ഒരുപക്ഷേ ഇവൻ വീണ്ടും കേരളത്തിൻ്റെ നിരത്തിൽ കൂടി ഇനിയും വേറൊരു കൂപ്പർ എടുത്ത് പായുമായിരിക്കും എന്നാൽ ഇവൻ്റെ കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയുടെ  പരിണിതഫലം അനുഭവിക്കുന്നത് മൂന്ന് കുടുംബങ്ങൾ.  ആ കണ്ണുനീർ ആര് തുടക്കും?  

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.