PRAVASI

ഫൊക്കാന കൺവൻഷൻ ഓർമ്മകൾ

Blog Image
അമേരിക്കയിലെ എഴുപതോളം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത അമേരിക്ക 'ഫൊക്കാന' യുടെ 21-ാമത് സമ്മേളനം ജൂലൈ 18 മുതൽ 20 വരെ തീയതികളിൽ അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നടന്നു. അമേരിക്കയിലും കാനഡയിലുമായി രൂപം കൊണ്ട നിരവധി മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ 1983 ജൂലൈ 4 ന് രൂപീകൃതമായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ തലയെടുപ്പോടെ ഇന്നും അനസ്യൂതം തുടരുകയാണ്. 

അമേരിക്കയിലെ എഴുപതോളം മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത അമേരിക്ക 'ഫൊക്കാന' യുടെ 21-ാമത് സമ്മേളനം ജൂലൈ 18 മുതൽ 20 വരെ തീയതികളിൽ അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ നടന്നു. അമേരിക്കയിലും കാനഡയിലുമായി രൂപം കൊണ്ട നിരവധി മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ 1983 ജൂലൈ 4 ന് രൂപീകൃതമായ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ തലയെടുപ്പോടെ ഇന്നും അനസ്യൂതം തുടരുകയാണ്. 
വടക്കേ അമേരിക്കയുടെയും മലയാള നാടിന്റേയും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെയും സാമൂഹികവും ജീവകാരുണ്യവുമായ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കർമ്മ രംഗത്ത് സജീവ സാന്നിദ്ധ്യമായി മാറുകയും ചെയ്ത 'ഫൊക്കാന' നാല് പതിറ്റാണ്ടുകൾക്കിപ്പുറം അഞ്ചുലക്ഷത്തിലധികം അംഗങ്ങളുമായി അമേരിക്കൻ മലയാളികളുടെ തിലകക്കുറിയായി നിലകൊള്ളുകയാണ്. 


മഹാസമുദ്രങ്ങൾ താണ്ടി മറ്റൊരു ഭൂഖണ്ഡത്തിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉപജീവനാർത്ഥം എത്തിച്ചേർന്ന മലയാളികളെ  സ്‌നേഹവായ്‌പോടെ  നെഞ്ചോട് ചേർത്ത്  നാടിന്റെ സംസ്‌കാരം കണ്ണിചേർത്തു നിർത്തുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന അമേരിക്കയിലെ പ്രധാന സംഘടനായി മാറാൻ ഫോക്കാനയ്ക്ക് കഴിഞ്ഞുവെന്നത് അഭിമാനാർഹമാണ്.
1994-ൽ ഫൊക്കാനയുടെ അഞ്ചാമത് കൺവെൻഷനിലും 2024 ലെ ഇരുപത്തൊന്നാമത് കൺവെൻഷനിലും പങ്കെടുക്കുവാൻ ലേഖകന് അവസരം ലഭിക്കുകയുണ്ടായി. പത്രപ്രവർത്തന രംഗത്തെ കുലപതിയും  കലാകൗമുദിയുടെ ചീഫ് എഡിറ്ററും എല്ലാമെല്ലാമായിരുന്ന എം.എസ് മണിസാറിന്റെ സഹായത്താൽ എൻ.ആർ.എസ് ബാബു സാറിനോടൊപ്പമാണ് 1994-ൽ ടെക്‌സാസിൽ നടന്ന കൺവെൻഷനിൽ പങ്കെടുത്തത്.
1970-80 കാലഘട്ടത്തിലാണ് അമേരിക്കയിലേക്ക് മലയാളികളുടെ വൻതോതിലുള്ള കുടിയേറ്റം ആരംഭിക്കുന്നത്. മലയാളികൾക്ക് പരസ്പരം ബന്ധം പുലർത്താനുള്ള മാർഗ്ഗങ്ങൾ അക്കാലത്ത് വളരെ പരിമിതമായിരുന്നു. എന്നാൽ 1983-ൽ രൂപീകൃതമായ 'ഫൊക്കാന' മലയാളികൾക്ക് അതിനുള്ള വേദിയൊരുക്കി നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ജാതി-മത ഭേദമന്യേ ഒരു കുടുംബമായി ഒന്നിച്ചു നിലകൊള്ളേണ്ടവരാണ് മലയാളികൾ എന്ന ബോധ്യം ഫൊക്കാനയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കുണ്ടായിരുന്നു. ഇന്ന് നമ്മുടെ രാജ്യം ആഗ്രഹിക്കുന്നതും ഇതുതന്നെയാണ് എന്നതാണ് വസ്തുത.


കുട്ടികളുടെ കലാമത്സരങ്ങളുൾപ്പെടെ വിവിധങ്ങളായ സാംസ്‌കാരിക പരിപാടികളും കേരളത്തിലെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും ഫൊക്കാന സമ്മേളനങ്ങളെ അവിസ്മരണീയവും ശ്രദ്ധേയവുമാക്കാറുണ്ട്. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് വിവിധ സാധ്യതകൾ തേടാൻ പുത്തൻ തലമുറയ്ക്ക് അവസരമൊരുക്കുന്നതിനും ഫൊക്കാനയുടെ ഇടപെടലുണ്ടാകുന്നുണ്ട്. 
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന എന്ന നിലയിൽ കേരളത്തിലുണ്ടാകുന്ന പൊതുപ്രശ്‌നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നതിൽ ഫൊക്കാന എക്കാലത്തും ജാഗ്രത പുലർത്തിയിരുന്നു. ഭവനരഹിതരായ നിർദ്ധനർക്കായി വീട് നിർമ്മിച്ചുനൽകൽ, നിരാലംബരായ രോഗികൾക്കുള്ള ചികിത്സാ സഹായം തുടങ്ങി പ്രളയം കവർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായുള്ള 'റീ  ബിൽഡ് കേരള' യിലും പഠനം ക്ലാസ് മുറിയിൽ നിന്നും വീടുകളിലേക്ക് മാറിയ കോവിഡ് മഹാമാരിക്കാലത്ത് നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതിലുൾപ്പെടെ, കേരളത്തിന്റെ പുരോഗതിക്കും വികാസത്തിനും സർക്കാരുമായി സഹകരിച്ച് നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും ഇക്കാലയളവിൽ ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കുവൈറ്റ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമെന്ന നിലയിൽ രണ്ട് ലക്ഷം രൂപ വീതം നൽകി 'ഫൊക്കാന' സഹായിച്ചതും മലയാളികളോടും വിശിഷ്യ നാടിനോടും ഫൊക്കാന സ്വീകരിച്ചുവരുന്ന പ്രതിബദ്ധതയുടെ നേർസാക്ഷ്യമായി. 


മലയാള ഭാഷയുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുമായി 'ഭാഷയ്‌ക്കൊരു ഡോളർ' എന്ന പേരിൽ പി.എച്ച്.ഡി വിദ്യാർത്ഥികൾക്കായി ഫോക്കാന നൽകിവരുന്ന അവാർഡ് ഇന്ന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഒരു പ്രധാന അവാർഡായി നിലനിൽക്കുകയാണെന്നും ഈ അവസരത്തിൽ വിസ്മരിക്കാനാവുന്നതല്ല. ഭാഷയ്‌ക്കൊരു ഡോളർ എന്ന പേരിൽ ഫൊക്കാനയുടെ അംഗങ്ങളിൽ നിന്നും സമാഹരിക്കുന്ന തുക ഉപയോഗിച്ച് കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നും മലയാള ഭാഷയിൽ പി.എച്ച്.ഡി നേടുന്നവർ സമർപ്പിക്കുന്ന പ്രബന്ധങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രബന്ധത്തിന് 50,000/- രൂപയുടെ ക്യാഷ് പ്രൈസ് നൽകുന്നതാണ് പദ്ധതി.
ഫൊക്കാനയുടെ 21-ാമത് കൺവെൻഷന്റെ പ്രവർനങ്ങൾക്ക് നേതൃത്വം നൽകിയത് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ അകമ്പടിയിൽ വർണ്ണശബളമായ ഘോഷയാത്രയോടെയാണ് 2024 ജൂലൈ 18 ന് വാഷിംഗ്ടൺ ഡിസിയിൽ കൺവെഷൻഷന് തുടക്കം കുറിച്ചത്. യു.എസ് കോൺഗ്രസ്മാൻ രാജകൃഷ്ണമൂർത്തിയാണ് 21-ാമത് ഫൊക്കാന കൺവെൻഷന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബുസ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഫ്രാൻസിസ് ജോർജ്ജ് എം.പി, എം.എൽ.എ മാരായ എം. മുകേഷ്, മോൻസ് ജോസഫ്, പ്രശസ്ത കവിയും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ മുരുകൻ കാട്ടാക്കട, അനീഷ് രവി, പത്രപ്രവർത്തനരംഗത്തെ പ്രധാനികളായ വി.എസ് രാജേഷ്, മുരളി .ആർ, ലാലു ജോസഫ് എന്നിവർക്കൊപ്പം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ലേഖകനും ആദ്യാവസാനം കൺവെൻഷനിൽ പങ്കെടുത്തു.
മലയാളികളുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിരവധി കലാപരിപാടികൾ കൺവെൻഷന് വർണ്ണപൊലിമയേകി. 

അഡ്വ. എ. എ റഷീദ്,
ചെയർമാൻ, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.