ഫൊക്കാനയുടെ തലമുതിർന്ന നേതാവും, കേരളത്തിലെ ആദ്യകാല എസ്റ്റേറ്റ് യൂണിയൻ നേതാവുമായിരുന്ന ടി.എസ് ചാക്കോ (85 )ഇരവിപേരൂരിൽ അന്തരിച്ചു. പത്തനം തിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ : സഖറിയ ജേക്കബ് , നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും.
ചിക്കാഗോ: ഫൊക്കാനയുടെ തലമുതിർന്ന നേതാവും, കേരളത്തിലെ ആദ്യകാല എസ്റ്റേറ്റ് യൂണിയൻ നേതാവുമായിരുന്ന ടി.എസ് ചാക്കോ (85 )ഇരവിപേരൂരിൽ അന്തരിച്ചു. പത്തനം തിട്ട ജില്ലയിൽ ഇരവിപേരൂർ തറുവേലി മണ്ണിൽ കുടുംബാംഗമാണ്. പരേതയായ ചേച്ചമ്മ ചാക്കോയാണ് ഭാര്യ. മക്കൾ : സഖറിയ ജേക്കബ് , നൈനാൻ ജേക്കബ് , വർഗീസ് ജേക്കബ്. സംസ്കാരം പിന്നീട് ഇരവി പേരൂരിൽ നടക്കും.
നാല് പതിറ്റാണ്ട് അമേരിക്കൻ മലയാളികൾക്കൊപ്പം , അവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി. എസ് ചാക്കോ അമേരിക്കൻ മലയാളികൾക്ക് ചാക്കോച്ചായൻ ആയിരുന്നു. 1983 ൽ അമേരിക്കയിലെത്തിയ ടി.എസ് ചാക്കോ അമേരിക്കൻ മലയാളികളെ ജാതി, മത, വർഗ വ്യത്യാസം ഇല്ലാതെ എല്ലാവരേയും ഫൊക്കാന എന്ന ഒരു കൊടിക്കീഴിൽ കൊണ്ടുവന്ന വ്യക്തിത്വമാണ്. ഇരവിപേരൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് ട്രാവൻകൂർ ടീ എസ്റ്റേറ്റിൻ്റെ വണ്ടിപ്പെരിയാർ , പീരുമേട് , ഏലപ്പാറ എന്നിവിടങ്ങളിൽ 18 വർഷം ജോലി ചെയ്തിരുന്ന കാലത്ത് തൊഴിലാളി നേതാവായി പേരെടുത്തിരുന്നു. 1966 ൽ സ്റ്റാഫ് യൂണിയനുകൾ ഉണ്ടാക്കി തൊഴിലാളികളെ ഏകോപിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം.
ഫൊക്കാനയുടെ എല്ലാ കൺവൻഷനുകളിലും മത സൗഹാർദ്ദ സമ്മേളനം കൃത്യമായി സംഘടിപ്പിച്ചിരുന്ന ടി.എസ്. ചാക്കോ അക്കാര്യത്തിൽ വലിയ ദീർഘവീക്ഷണം ഉള്ള വ്യക്തിത്വമായിരുന്നു. മതപരവും ജാതീയവുമായ വേർതിരിവുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ ഒരു കാലത്തും ഉണ്ടാകരുത് എന്ന് ചിന്തിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം.
കേരളാ കൾച്ചറൽ ഫോറത്തിൻ്റെ സ്ഥാപക പ്രസിഡൻ്റ് ആയിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബർഗൻ കൗൺസിലിൻ്റെ ദേശീയ പുരസ്കാരമാണ്. ജപ്പാൻ , ചൈന, കൊറിയ , ഇന്ത്യ എന്നീ രാജ്യങ്ങളിലെ പൗരൻമാരെയായിരുന്നു ഈ പുരസ്കാരത്തിന് പരിഗണിച്ചിരുന്നത്. ഈ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ ആയിരുന്നു അദ്ദേഹം.
ഫൊക്കാനയ്ക്ക് ഒപ്പം സഞ്ചരിച്ച ചാക്കോച്ചായൻ ഏവർക്കും പ്രിയപ്പെട്ട ഒരു ജേഷ്ഠ സഹോദരൻ കൂടിയായിരുന്നു. നല്ലൊരു കുടുംബ സ്നേഹിയായിരുന്ന അദ്ദേഹത്തിന് മാതൃകാ ഭർത്താവിനുള്ള അവാർഡും ലഭിച്ചിരുന്നു എന്നതും അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ സത്യസന്ധതയെ വിളിച്ചോതുന്നു. ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാകുന്നത് വരെ അദ്ദേഹം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു എന്നത് അദ്ദേഹത്തിൻ്റെ സാമൂഹ്യ പ്രവർത്തനത്തിൻ്റെ താല്പര്യം എത്രത്തോളം ഉണ്ടായിരുന്നു എന്ന് വ്യക്തം. ഏറ്റവും കൂടുതൽ സൗഹൃദ ബന്ധം ഉണ്ടായിരുന്ന ഫൊക്കാന നേതാവുകൂടിയായിരുന്നു അദ്ദേഹം.
പ്രിയപ്പെട്ട ചാക്കോച്ചായന് കേരളാ എക്സ്പ്രസ്സിൻ്റെ ആദരാജ്ഞലികൾ.