ഫോമയുടെ സർവോത്മുഖമായ വളർച്ചക്കും, അതോടൊപ്പം മലയാളികളുടെ ഉന്നമനത്തിനും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് ഫോമാ പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ പറഞ്ഞു. "ഫോമാ യുണൈറ്റഡ് ടീമിൻറെ പ്രകടനപത്രിക പുറത്തിറക്കികൊണ്ടു , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ന്യൂയോർക്ക്: ഫോമയുടെ സർവോത്മുഖമായ വളർച്ചക്കും, അതോടൊപ്പം മലയാളികളുടെ ഉന്നമനത്തിനും വേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് ഫോമാ പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ പറഞ്ഞു.
"ഫോമാ യുണൈറ്റഡ് ടീമിൻറെ പ്രകടനപത്രിക പുറത്തിറക്കികൊണ്ടു , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
മലയാളികൾക്ക് വേണ്ടി റിട്ടയർമെൻറ് ഹോമുകൾ , യുവജനങ്ങളെ അമേരിക്കൻ മുഖ്യ ധാര രാഷ്ട്രീയ - സാമൂഹിക രംഗത്തേക്ക് കൊണ്ടുവരിക , കുട്ടികളുടെ മലയാളം ഭാഷാ പഠനം തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു.
ടീം യുണൈറ്റഡ് ജനറൽ സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ്, ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി, വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ എന്നിവരും അവരുടെ നയങ്ങളും പദ്ധതികളും അവതരിപ്പിച്ചു.
"ഫോമായിലെ വിവിധ അംഗ സംഘടനകളിൽ പ്രസിഡൻറ് ആയും മറ്റുപല സംഘടനാ ചുമതലകളും ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമുള്ള പ്രഗത്ഭരായ ആറ് പേരാണ് ടീം യുണൈറ്റഡ് എന്ന പാനലിലൂടെ അടുത്ത രണ്ട് വർഷം ഫോമായേ മുൻപോട്ടു നയിക്കുവാൻ മത്സരിക്കുന്നത് എന്നത് ഫോമായുടെ സുഗമമായ ഭാവി പ്രവർത്തനങ്ങൾക്ക് പ്രയോജനകരമാണ്. അംഗങ്ങളുടെ ഇടയിൽ നല്ല രീതിയിലുള്ള കൂട്ടായ്മ ഉണ്ടാക്കുവാനും എല്ലാവരെയും ഒരു നൂലിൽ കോർത്തിണക്കി ഒറ്റക്കെട്ടായി ഫോമായേ ഉന്നതികളിലേക്കു എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സെക്രട്ടറിയായി മത്സരിക്കുന്ന ബൈജു വർഗ്ഗീസ് കേരളാ അസ്സോസ്സിയേഷൻ ഓഫ് ന്യൂജേഴ്സി (KANJ) എന്ന സംഘടനയിൽ നിലവിൽ പ്രസിഡന്റായി വളരെ പ്രഗല്ഭമായ നേതൃത്വം കാഴ്ച്ച വയ്ക്കുന്ന വ്യക്തിയാണ്. ട്രഷറർ സ്ഥാനാർഥി സിജിൽ പാലക്കലോടി ഫോമയ്ക്കു വേണ്ടി വളരെ വർഷങ്ങളായി ആല്മാർത്ഥമായ സേവനം കാഴ്ചവക്കുകയും അക്കൗണ്ടിങ്ങിലും ഓഡിറ്റിംഗിലും സ്റ്റേറ്റ് ജോലിയിൽ സ്തുത്യർഹ സേവനം കാഴ്ച വച്ച് വരുന്നയാളാണ്. വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലു പുന്നൂസ് മലയാളി അസ്സോസ്സിയേഷൻ ഓഫ് ഫിലഡെൽഫിയയുടെ ഏറ്റവും ജനസമ്മതനായ രീതിയിൽ രണ്ടു ടേമിലെ പ്രസിഡൻറ് ആയിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ് ന്യൂയോർക്ക് മെട്രോ റീജിയണിലെ നിലവിലെ ആർ.വി.പി-യും ന്യൂയോർക്ക് കേരളാ സമാജം, ഇന്ത്യൻ കത്തോലിക് അസ്സോസിയേഷൻ എന്നിവയിലെ പ്രസിഡൻറ് ആയി പ്രഗത്ഭ സേവനം കാഴ്ചവച്ചിട്ടുണ്ട്. ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ ഒഹായോ മലയാളി അസോസിയേഷൻ പ്രസിഡൻറ് ആയും, ഫോമാ വിമൻസ് ഫോറം ചെയർമാനായും പ്രശംസനീയ സേവനം ചെയ്ത ആളാണ്. അങ്ങനെ എല്ലാവരും ഒന്നിനൊന്ന് മിടുക്കരും പ്രവർത്തിപരിചയം ഉള്ളവരുമായതിനാൽ ഫോമായേ അടുത്ത രണ്ടു വർഷം കൊണ്ട് കൂടുതലുന്നതങ്ങളിലേക്ക് എത്തിക്കുവാൻ കഴിവുള്ളവരാണ്." മത്സരാർഥികളെ പരിചയപ്പെടുത്തിക്കൊണ്ടു പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ പ്രസ്താവിച്ചു.
"2020-2022 കാലഘട്ടത്തിൽ ഫോമാ മിഡ്-അറ്റ്ലാന്റിക് റീജിയൻറെ ആർ.വി.പി.-യായി സേവനമാനുഷ്ഠിക്കുവാനും ഫോമായുടെ 2018-ലെ ചിക്കാഗോ കൺവെൻഷന്റെയും 2022-ലെ കാൻകൂൺ കൺവെൻഷന്റെയും രെജിസ്ട്രേഷാൻ കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കുവാനും, കോവിഡ്കാലത്ത് ന്യൂജേഴ്സി പ്രദേശത്ത് ധാരാളം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും, നിലവിൽ കേരളാ അസ്സോസ്സിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ പ്രസിഡന്റായി സേവനം ചെയ്യുവാനും ലഭിച്ച പ്രവൃത്തി പരിചയമാണ് അടുത്ത രണ്ടു വർഷത്തേക്ക് ഫോമായുടെ ജനറൽ സെക്രട്ടറി എന്ന പദവിയിലേക്ക് മത്സരിപ്പിക്കുവാൻ എന്നെ പ്രേരിപ്പിച്ചത്. കൂടാതെ ബേബി മണക്കുന്നേൽ എന്ന പ്രഗത്ഭ സംഘടനാ നേതാവിനോടൊപ്പം മല്സരിക്കുവാനും പ്രവർത്തിക്കുവാനും ലഭിക്കുന്ന അവസരം ഏറ്റവും നല്ലതായിരിക്കുമെന്നു വിശ്വാസവുമുണ്ട്" സെക്രട്ടറി സ്ഥാനാർഥി ബൈജു വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
"25 വർഷം മുൻപ് അമേരിക്കൻ ജീവിതം ഫ്ലോറിഡയിൽ ആരംഭുച്ചതു മുതൽ പിന്നീട് കാലിഫോർണിയയിലെ സെക്ക്രമെന്റോ എന്ന സ്ഥലത്തേക്ക് താമസം മാറ്റിയപ്പോഴും വിവിധ മലയാളീ സംഘടനകളിൽ ട്രഷറർ ആയും സെക്രട്ടറി ആയും പ്രസിഡൻറ് ആയും പ്രവർത്തിച്ച് വർഷങ്ങളുടെ പരിചയ സമ്പത്തുമായാണ് ഞാൻ ഫോമയുടെ ട്രഷറർ സ്ഥാനത്തേക്ക് അടുത്ത രണ്ടു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ മത്സരിക്കുന്നത്. അക്കൗണ്ടിങ്ങിലെ മാസ്റ്റേഴ്സ് ഡിഗ്രിയും കാലിഫോർണിയാ സ്റ്റേറ്റ് ഗവൺമെൻറ് ഡിപ്പാർട്മെന്റിൽ അക്കൗണ്ടൻറ് ആയും, ഓഡിറ്ററായും, ഫിനാൻസ് ഓഫീസർ ആയും, വിവിധ നോൺ പ്രോഫിറ്റ് 501(3)(c) സംഘടനകളുടെ അക്കൗണ്ടൻറ്, ഓഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ച പരിചയം ഫോമയ്ക്കു പ്രയോജനപ്പെടുമെന്നതിനാൽ ട്രഷറർ ആയി മത്സരിക്കുവാൻ ഞാൻ താൽപ്പര്യപ്പെട്ടത്." ട്രഷറർ സ്ഥാനാർഥി സിജിൽ ജോർജ് പാലക്കലോടി തന്റെ അനുഭവങ്ങൾ പങ്കു വച്ചു.
"ഫോമായുടെ ഏറ്റവും നല്ല സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട മലയാളീ അസ്സോസ്സിയേഷൻ ഓഫ് ഫിലാഡൽഫിയയിലൂടെയാണ് (MAP) ഞാൻ ഫോമായുടെ പ്രവർത്തനങ്ങളിലേക്ക് കടന്നു വന്നത്. നിസ്വാർഥമായ സേവനത്തിലൂടെ മാപ്പ് എന്ന സംഘടനയുടെ പ്രസിഡൻറ് ആയി പ്രവർത്തിച്ച് ഏറ്റവും ജനസമ്മതനായി തീരുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. യുവജനങ്ങളുടെ ഇടയിൽ ആല്മാർഥമായി പ്രവർത്തിച്ചത് മൂലം ഏതാണ്ട് ഇരുന്നൂറോളം യുവജനങ്ങളെ മാപ്പ് എന്ന സംഘടനയിൽ അംഗത്വം എടുപ്പിക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ അമേരിക്കൻ ലോക്കൽ രാഷ്ട്രീയത്തിലും, ഫിലാഡൽഫിയ പോലീസ് അഡ്വൈസറി ബോർഡ് മെമ്പറായും പ്രവർത്തിക്കുവാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. എന്റെ സേവനം ഫോമായിലും പ്രയോജനപ്പെടുത്തുവാനാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുവാൻ തീരുമാനിച്ചത്." വൈസ് പ്രസിഡൻറ് സ്ഥാനാർഥി ഷാലു മാത്യു പുന്നൂസ് പറഞ്ഞു.
"കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ അൻപതാമത് വർഷത്തെ പ്രസിഡൻറ് എന്ന നിലയിൽ എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന പ്രവർത്തനം കാഴ്ചവക്കുവാൻ സാധിച്ചത് എന്റെ ഭാഗ്യമായി കണക്കാക്കുന്നു. ഇന്ത്യൻ കാത്തോലിക് അസ്സോസ്സിയേഷൻ പ്രസിഡൻറ് ആയും ട്രസ്റ്റീ ബോർഡ് ചെയർമാനായും പ്രവർത്തിക്കുവാൻ സാധിച്ചത് സംഘടനാ പ്രവർത്തനത്തിൽ നല്ല അനുഭവ സമ്പത്ത് ലഭിക്കുവാൻ ഇടയായി. ഫോമായിൽ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി-യായി നിലവിലെ പ്രവർത്തനം ഫോമയ്ക്കുവേണ്ടി കൂടുതൽ പ്രവർത്തിക്കണം എന്ന് എന്നെ പ്രേരിപ്പിച്ചു. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡ് എന്ന പാനലിലെ മറ്റ് ആറ് പേരുമായി ഒത്തൊരുമിച്ചു സഹകരിച്ച് പ്രവർത്തിക്കുവാൻ ഇടയായതിൽ ചാരിതാർഥ്യമുണ്ട്. ഫോമാ ജോയിന്റ് സെക്രട്ടറി ആയി അടുത്ത രണ്ടു വർഷം പ്രവർത്തിക്കുവാൻ ഞാൻ തയ്യാറാണ്." ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി പോൾ പി. ജോസ് തന്റെ ആഗ്രഹം പങ്കു വച്ചു.
"കേരളാ അസ്സോസ്സിയേഷൻ ഓഫ് ഒഹായോ എന്ന സംഘടനയിൽ കഴിഞ്ഞ 25 വർഷമായി ഞാൻ സജീവ പ്രവർത്തനം കാഴ്ച വക്കുന്നു. പ്രസ്തുത അസോസിയേഷന്റെ വൈസ് പ്രസിഡൻറ് ആയി സ്തുത്യർഹ സേവനം ചെയ്തിട്ടുണ്ട്. ഫോമായുടെ വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സണായി പ്രവർത്തിച്ച പരിചയം ഫോമായുടെ ജോയിന്റ് ട്രഷറർ ആയി മല്സരിക്കുവാൻ യോഗ്യതയാക്കി. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡിൽ മറ്റ് അഞ്ച് സ്ഥാനാർഥികളോടൊപ്പം പ്രവർത്തിക്കുവാൻ കിട്ടിയ അവസരം എന്റെ ഭാഗ്യമാണ്." ജോയിന്റ് ട്രഷറർ സ്ഥാനാർഥി അനുപമ കൃഷ്ണൻ പ്രസ്താവിച്ചു.
"ഫോമയ്ക്ക് സീനിയർ കെയർ സ്ഥാപിക്കുവാനും യുവജനങ്ങളെ ഫോമായിലേക്കു ആകർഷിക്കുവാൻ ഉതകുന്ന നൂതന പരിപാടികൾ സംഘടിപ്പിക്കുവാനുമാണ് ഞങ്ങളുടെ പദ്ധതി. വിമൻസ് ഫോറം കൂടുതൽ ശക്തിപ്പെടുത്തുവാനും ഓരോ റീജിയൻ തലത്തിൽ സ്പോർട്സ് ഫോറങ്ങൾ സ്ഥാപിക്കുവാനും, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുവാനും ഞങ്ങൾക്ക് പദ്ധതിയുണ്ട്. ഇതിനായെല്ലാം ഞങ്ങൾ ആറുപേരെയും ഒരുമിച്ചു വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു." പ്രസിഡൻറ് സ്ഥാനാർഥി ബേബി മണക്കുന്നേൽ എല്ലാവരോടുമായി അഭ്യർഥിച്ചു,
ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബ് അംഗങ്ങളായ ജോസ് കാടാപുറം, സജി എബ്രഹാം, ജേക്കബ് മാനുൽ, മാത്യുക്കുട്ടി ഈശോ എന്നിവർ പ്രസ് മീറ്റിൽ പങ്കെടുത്തു