ടാമ്പാ (ഫ്ളോറിഡ): 2024-2026 കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടു റീജിയണുകളില്‍ നിന്നും പ്രഥമ സ്ഥാനത്തേക്ക് 'ഫ്ളോറിഡ സണ്‍ഷൈന്‍ റീജിയനെ' ഫോമാ നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുത്തു. പ്രവര്‍ത്തന മികവിനും സംഘടനാ പ്രതിബദ്ധതയ്ക്കും ലഭിച്ച ഈ അംഗീകാരം 'സണ്‍ഷൈന്‍ റീജിയന്‍' കുടുംബത്തിന്‍റെ സമര്‍പ്പണത്തിന്‍റേയും കൂട്ടായ പ്രവര്‍ത്തനത്തിന്‍റേയും ഉജ്ജ്വല പ്രതിഫലനമായി മാറി.
"ഈ അംഗീകാരം 'സണ്‍ഷൈന്‍ റീജിയനിലെ' ഓരോ അംഗങ്ങള്‍ക്കുമുള്ള പുരസ്കാരമാണ്. നിങ്ങളുടെ തുടര്‍ച്ചയായ പ്രോത്സാഹനവും ആത്മാര്‍ത്ഥമായ സഹകരണവും ഇല്ലായിരുന്നെങ്കില്‍ അഭിമാനകരമായ ഈ നേട്ടം സാദ്ധ്യമാകുമായിരുന്നില്ല" എന്ന് റീജിയണല്‍ വൈസ് പ്രസിഡണ്ട് ജോമോന്‍ ആന്‍റണി പ്രസ്താവിച്ചു.
വിവിധ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ 'സണ്‍ഷൈന്‍ റീജിയന്‍' കാഴ്ചവെച്ച സജീവ പങ്കാളിത്തത്തിനുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ വിലയിരുത്തുന്നു.
'സണ്‍ഷൈന്‍ റീജിയന്‍റെ' ഈ നേട്ടം ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും ആത്മവിശ്വാസവും പകരുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
"ഈ മഹത്തായ സണ്‍ഷൈന്‍ റീജിയന്‍റ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുവാന്‍ കഴിഞ്ഞത് ഒരു ബഹുമതിയും അംഗീകാരവുമായി കണക്കാക്കുന്നു. എനിക്ക് ഈ അവസരം തന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു"- ജോമോന്‍ ആന്‍റണി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
"ഈ പുരസ്കാരം നമ്മള്‍ എല്ലാവരുടേതുമാണ്. ഒരുമിച്ചു നിന്ന് സമൂഹത്തിന്‍റെ നന്മയ്ക്കായി നമ്മള്‍ക്ക് കൂടുതല്‍ പ്രകാശം പരത്താം"- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സണ്‍ഷൈന്‍ റീജിയന്‍റെ അഭിമാനകരമായ ഈ നേട്ടത്തിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!





