മാവേലിക്കര: മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊളും കഥാകൃത്തുമായ ചെട്ടികുളങ്ങര കൈത തെക്ക് 'ആനകോട്' വീട്ടിൽ ജി. അശോക് കുമാർ കർത്ത (64) അന്തരിച്ചു. കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായിരുന്നു. നൂറനാട് ലെപ്രസി സാനിറ്റോറിയം സൂപ്രണ്ട് ഡോ. എൻ . ജി കർത്തയുടെ മകനാണ്.
പി. എസ്. ശ്രീജയ (റിട്ട. അസി. കമ്മീഷണർ , തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഭാര്യയാണ്. എ.ഹരിശങ്കർ കർത്ത (എസ്. ബി.ഐ, ചെന്നിത്തല ), അഡ്വ. ശ്രീലക്ഷ്മി കർത്ത ( കാനഡ) എന്നിവർ മക്കളാണ്. ജാമാതാക്കൾ : ഡോ. പി. ലക്ഷ്മി, എസ് . ഘനശ്യാം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
മാവേലിക്കര നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'ആൾകൂട്ടം' ലിറ്റിൽ മാഗസിൻ്റെ പത്രാധിപ സമിതി അംഗമായിരുന്നു.1983,84 വർഷങ്ങളിലെ മാതൃഭൂമി സാഹിത്യമത്സരത്തിൽ ചെറുകഥയ്ക്ക് സമ്മാനം നേടിയ അശോക് കുമാർ കർത്തയുടെ ഒട്ടേറെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യകാല ബ്ലോഗാണ് അദ്ദേഹത്തിൻ്റെ 'അക്ഷരക്കഷായം'. കേരളത്തിൽ ഫേസ്ബുക്കിനെ വ്യാപകമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. "ഒരു ചൊറിയൻ പുഴു' എന്ന വിശേഷണത്തോടെ കാലിക സംഭവങ്ങളെക്കുറിച്ച് ആക്ഷേപഹാസ്യ ശൈലിയിൽ എഴുതിയ അദ്ദേഹത്തിൻ്റെ കുറിപ്പുകൾ സമാഹരിച്ചിറക്കിയ പുസ്തകമാണ് 'രഹസ്യമായി നിങ്ങളെ പ്രണയിക്കുന്നതാര്'. നിർമ്മലാനന്ദഗിരിയുടെ പ്രഭാഷണങ്ങൾ സമാഹരിച്ചിട്ടുണ്ട്.

ജി. അശോക് കുമാർ കർത്ത

