ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഒരു കാർ ഷോറൂമിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ചികിത്സയ്ക്കിടെ മരിച്ചു. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോർ എന്ന സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
വിവാഹം കഴിഞ്ഞ് ഒരു വർഷം മാത്രം പിന്നിട്ടിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് കുടുംബത്തെയും, സുഹൃത്തുക്കളെയും, പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയത്.
അപകടം നടന്ന ഉടൻ ദുബായ് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സമയോചിതമായ ഇടപെടലിലൂടെ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നതും ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശത്ത് ശക്തമായ പ്രകമ്പനവും പരിഭ്രാന്തിയും അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പരിക്കേറ്റവർക്ക് ഉടൻ ചികിത്സ ലഭ്യമാക്കിയതായും അപകടത്തിന്റെ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.

ഷിജിൻ പോൾ

