PRAVASI

ജനകീയ സമിതി പുരസ്കാരങ്ങള്‍ ഗോവ ഗവര്‍ണര്‍ ഡോ.പി.എസ്.ശ്രീധരന്‍പിള്ള നല്‍കും

Blog Image

ന്യൂയോർക് /കോട്ടയം: സ്വാതന്ത്ര്യസമര സേനാനി യശ്ശശരീരനായ കെ.ഇ.മാമ്മന്‍ രൂപം കൊടുത്ത് കേരളത്തിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ മുപ്പതാം വാര്‍ ഷികാഘോഷവും 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന ജനകീയ സമിതി കെ.ഇ.മാമ്മന്‍ സ്മാരക പുരസ്കാര സമര്‍പ്പണവും 2025 ജനുവരി 7, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം പ്രസ്സ് ക്ലബ് ആഡിറ്റോറിയത്തില്‍ ബഹു. ഗോവ ഗവര്‍ണര്‍ ഡോ. പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും.
ജനകീയ സമിതി സംസ്ഥാന പ്രസിഡന്‍റും കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാനുമായ ഡോ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും.
മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജനകീയ സമിതി പ്രസിദ്ധീകരിക്കുന്ന ദര്‍ശന രേഖ ബഹു. മുന്‍ മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പ്രകാശനം ചെയ്യും.

ആത്മീയതയില്‍ അധിഷ്ഠിതായി, കാരുണ്യപ്രവര്‍ത്തനങ്ങളില്‍ സദാവ്യാപരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ രാഷ്ട്രസേവ പുരസ്കാരവും; കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്‍ മാധ്യമ പുരസ്കാരവും; ജീവകാരുണ്യപ്രവര്‍ത്തകനും ഐ.എന്‍.എ.സമരഭടനുമായ ലഫ്റ്റനന്‍റ് കെ.സി.ഏബ്രഹാമിന്‍റെ ജീവചരിത്രഗ്രന്ഥകാരനുമായ ഡോ. ഉമ്മന്‍ പി.ഏബ്രഹാം പ്രവാസി പുരസ്കാരവും ഏറ്റുവാങ്ങും.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ബഹ്മശ്രീ. സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ പരമഹംസ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തും.

വര്‍ക്കിങ്ങ് ചെയര്‍മാന്‍ എന്‍.വി.പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്,  ട്രഷറര്‍ അഴീക്കോട് ഹുസൈന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.പി.ജയചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍, വര്‍ഗീസ് ചെമ്പോല എ ന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍. ആത്മീയാചാര്യന്‍, വേദശാസ്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച സന്യാസശ്രേഷ്ഠന്‍. പതിനേഴ് ജീവകാരുണ്യപ്രസ്ഥാനങ്ങളുടെ സ്ഥാപകന്‍ എന്ന നിലയില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും, ശാരീരക- മാനസ്സിക വെല്ലുവിളി നേരിടുന്നവര്‍ക്കും അത്താണിയും ആശ്വാസവുമായി മാറുന്ന, നിഷ്കാമമായ സേവന പ്രവര്‍ത്തനങ്ങളാണ് പരിശുദ്ധ ബാവായില്‍ നിന്നും പൊതുസമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് എം.ജി.രാധാകൃഷ്ണന്‍. രാഷ്ട്രീയ നിരീക്ഷകന്‍. നാലു പതിറ്റാണ്ടുകാലം അച്ചടിമാധ്യമത്തിലും ദൃശ്യമാധ്യമത്തിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരന്‍ എന്ന നിലയിലും വിവര്‍ത്തകന്‍ എന്ന നിലയിലും വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഡ്യ ടുഡെ മാഗസിന്‍ അസോസിയേറ്റ് എഡിറ്റര്‍, മാതൃഭൂമി പത്രത്തിലും ചാനലിലും തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ എഡിറ്റോറിയല്‍ അഡ്വൈസര്‍  തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദ് ടെലിഗ്രാഫ്, മാതൃഭൂമി ഇംഗ്ലീഷ് ഓണ്‍ലൈന്‍ എന്നിവയില്‍ പംക്തി എഴുതുന്നു.

പ്രവാസി സാംസ്കാരിക പ്രവര്‍ത്തകനാണ് ഡോ.ഉമ്മന്‍ പി.ഏബ്രഹാം ന്യൂയോര്‍ക്കില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍സ് ഡവലപ്മെന്‍റില്‍ ജോലി ചെയ്യുന്നു. തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും; പി.എച്.ഡിയും നേടിയിട്ടുണ്ട്. ധീരദേശാഭിമാനി ലഫ്റ്റനന്‍റ് കെ.സി. ഏബ്രഹാം ഐ.എന്‍.എയുടെ ജീവചരിത്രം പിതാവിനെക്കുറിച്ചുള്ള അനുസ്മരണമാണ്. നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നു.ടൈംസ് ഓഫ് അമേരിക്കന്‍ മലയാളി ഡോട്ട് കോമിന്‍റെ സീനിയര്‍ എഡിറ്ററാണ്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.