തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളും ക്രമസമാധാന വെല്ലുവിളികളും എപ്പോഴും നിഴല്‍ വീഴ്ത്തുന്ന വടക്കന്‍ കേരളത്തില്‍ പിടിമുറുക്കാന്‍ 'ശക്തരെ' ഇറക്കി സര്‍ക്കാരിന്റെ വന്‍ പോലീസ് അഴിച്ചുപണി. കണ്ണൂരിന്റെ ക്രമസമാധാനച്ചുമതലയുള്ള ഡി.ഐ.ജി.യായി തന്റേടിയായ ഉദ്യോഗസ്ഥന്‍ കെ. കാര്‍ത്തിക് എത്തുമ്പോള്‍, നോര്‍ത്ത് സോണ്‍ ഐ.ജി.യുടെ കസേരയിലേക്ക് പുട്ട വിമലാദിത്യനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലെ ഈ സുപ്രധാന നീക്കങ്ങള്‍ക്ക് പുറമെ കോഴിക്കോട് ക്രൈംബ്രാഞ്ചില്‍ പി. ഷൗക്കത്തലിയുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ അക്രമ രാഷ്ട്രീയത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീര്‍ക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ ലക്ഷ്യം. വടക്കന്‍ മേഖലയിലെ ഈ പുതിയ റൂട്ട് മാപ്പില്‍ നിര്‍ണായക സ്വാധീനമാകുമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. നാല് പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ താല്ക്കാലികമായി സൃഷ്ടിച്ചാണ് ജൂണ്‍ 16-ലെ ഉത്തരവ് പ്രകാരം ഈ സ്ഥലംമാറ്റങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവിന്‍പ്രകാരം പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് ജി.ആര്‍. ആണ് അടിയന്തിര പ്രാബല്യത്തോടെയുള്ള ഈ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ കോഴിക്കോട് കമ്മീഷണറായി ഷൗക്കത്തലിയെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വമ്പന്‍ മാറ്റങ്ങള്‍.
വടക്കന്‍ മേഖല ലക്ഷ്യമിട്ട് വന്‍ മാറ്റങ്ങള്‍
ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി. പദവിയില്‍ ഇരുന്ന പുട്ട വിമലാദിത്യനെയാണ് നോര്‍ത്ത് സോണ്‍ ഐ.ജി.യായി സ്ഥലം മാറ്റി നിയമിച്ചിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായി മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന കാര്‍ത്തിക് കെ.യെ അവസാന നിമിഷം കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. കണ്ണൂര്‍ റേഞ്ചിലേക്ക് സ്ഥലംമാറ്റാന്‍ നിശ്ചയിച്ചിരുന്ന നാരായണന്‍ ടി.യെ തൃശൂര്‍ റേഞ്ച് ഡി.ഐ.ജി.യായിത്തന്നെ നിലനിര്‍ത്തുകയും ചെയ്തു. ആംഡ് പോലീസ് ബറ്റാലിയന്‍ ഐ.ജി.യായിരുന്ന എസ്. സതീഷ് ബിനോയാണ് പുതിയ ഇന്റേണല്‍ സെക്യൂരിറ്റി ഐ.ജി.
തസ്തിക കാത്തിരുന്നവര്‍ക്കും പുതിയ ചുമതലകള്‍
പാലക്കാട്, വയനാട്, തിരുവനന്തപുരം റൂറല്‍, കോട്ടയം തുടങ്ങിയ ജില്ലകളില്‍ നിന്നും മുന്‍പ് മാറ്റപ്പെടുകയും പുതിയ പോസ്റ്റിംഗിനായി കാത്തിരിക്കുകയും ചെയ്ത മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം പുതിയ ചുമതലകള്‍ ലഭിച്ചു.
മുന്‍ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിനെ നിലവിലുള്ള ഒഴിവില്‍ ടെലികോം എസ്.പി.യായി നിയമിച്ചു.
ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാടിലേക്ക് മാറ്റാന്‍ മുന്‍പ് ഉത്തരവുണ്ടായിരുന്ന മോഹനചന്ദ്രന്‍ നായര്‍ എം.പി.യെ പുതുതായി സൃഷ്ടിച്ച മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. തസ്തികയിലാണ് നിയമിച്ചിരിക്കുന്നത്.
മുന്‍ വയനാട് ജില്ലാ പോലീസ് മേധാവി അരുണ്‍ കെ. പവിത്രന്‍ കൊച്ചി സിറ്റി ഡി.സി.പി-2 (ക്രമസമാധാനവും ട്രാഫിക്കും) ആയും ചുമതലയേല്‍ക്കും.
മുന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ജുവ്വാനപ്പുടി മഹേഷ് തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ (സൗത്തേണ്‍ റേഞ്ച്) എസ്.പി.യാകും.
കോട്ടയം ജില്ലാ പോലീസ് മേധാവി പദവിയില്‍ നിന്നുമാറിയ ഷാഹുല്‍ ഹമീദ് എ.യെ തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇക്കണോമിക് ഒഫന്‍സസ് വിങ്) എസ്.പി.യായി നിയമിച്ചു.
കൊച്ചി സിറ്റി ഡി.സി.പി-2 ആയിരുന്ന ഷഹന്‍ഷാ കെ.എസ്. ആണ് പുതിയ തിരുവനന്തപുരം സിറ്റി ഡി.സി.പി (ക്രമസമാധാനവും ട്രാഫിക്കും).
വര്‍ദ്ധിച്ചുവരുന്ന ജോലിഭാരവും അന്വേഷണങ്ങളുടെ വ്യാപ്തിയും കണക്കിലെടുത്താണ് മലപ്പുറം ക്രൈംബ്രാഞ്ച്, കൊച്ചി സിറ്റി, തിരുവനന്തപുരം വിജിലന്‍സ്, തിരുവനന്തപുരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവിടങ്ങളില്‍ പേ മാട്രിക്‌സ് ലെവല്‍ 11-ല്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ പുതിയ എക്‌സ് കേഡര്‍ തസ്തികകള്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. വടക്കന്‍ കേരളത്തിലെ അഴിച്ചുപണിയിലൂടെ ക്രമസമാധാന പാലനത്തില്‍ വലിയൊരു ചുവടുവെപ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

