കേരള ഗവര്‍ണര്‍ ചുമതല ഒഴിഞ്ഞ് യാത്രയായ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇന്ന് രാജ്ഭവനില്‍ എത്തിയില്ല. തലസ്ഥാനത്ത് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉണ്ടായിരിക്കെയാണ് ഈ അവഗണന. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മരിച്ചതിനാല്‍ ഔദ്യോഗിക ദുഖാചരണം നിലനില്‍ക്കുന്നതിനാല്‍ ഗവര്‍ണര്‍ക്ക് യാത്രയയപ്പ് ചടങ്ങും നല്‍കിയിരുന്നില്ല.
ഇന്നലെ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ ഉപഹാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് നല്‍കിയത്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാരുമായി ഗവര്‍ണര്‍ നിരന്തരം ഏറ്റുമുട്ടിയതിനാല്‍ മുഖ്യമന്ത്രിയും ഗവര്‍ണറും മാനസികമായി അകല്‍ച്ചയിലായിരുന്നു. ഇതാണ് യാത്രയയപ്പ് സമയത്തും പ്രതിഫലിച്ചത്.
മാധ്യമങ്ങളെ കണ്ടപ്പോള്‍ മലയാളത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. “ഗവര്‍ണറുടെ കാലാവധി കഴിഞ്ഞു. പക്ഷെ കേരളവുമായുള്ള ആത്മബന്ധം തുടരും. തന്നെ സംബന്ധിച്ച് മനോഹര കാലമായിരുന്നു കേരളത്തിലേത്. നിങ്ങളെ എല്ലാം ഞാന്‍ എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്‍ക്കും നല്ലത് വരട്ടെ.” – ഗവര്‍ണര്‍ പറഞ്ഞു.
ബീഹാര്‍ ഗവര്‍ണര്‍ ആയാണ് ആരിഫ് മുഹമ്മദ് ഖാന്‍ പോകുന്നത്. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ ജനുവരി രണ്ടിനാണ് ചുമതല ഏല്‍ക്കുന്നത്.