ഹ്യൂസ്റ്റൺ : 2025 ജനുവരി 11 ശനിയാഴ്ച സ്റ്റാഫോർഡിലുള്ള ഫിൽഫിലെ റെസ്റ്റോറെന്റിൽവച്ചു N S S ന്റെ സ്ഥാപക അംഗം ശ്രീ അപ്പുനായർ സത്യവാചകം ചൊല്ലിക്കൊടുക്കുകയും പുതിയ ഭാരവാഹികൾ ഒത്തുചൊല്ലുകയും പുതിയ പ്രസിഡൻറ് ശ്രീ സുനിൽ രാധമ്മയും മറ്റു അംഗങ്ങളും ചേർന്ന് ഭദ്രദീപം തെളിയിക്കുകയും ചെയ്‌തതോടെ മന്നം ജയന്തി സമാരംഭിച്ചു. സെക്രട്ടറി ശ്രീ അഖിലേഷ് നായർ സ്വാഗതം ആശംസിക്കുകയും പുതുതായി കരയോഗത്തിൽ ചേർന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. ട്രഷറർ ശ്രീ മനോജ് നായരുടെ അംഗത്വ വിതരണത്തിനുശേഷം K H S മുൻ പ്രസിഡന്റ് .ശ്രീ ഹരി ശിവരാമന്റെ പ്രഭാഷണമായിരുന്നു.
ശ്രീ മന്നത്തു പത്മനാഭൻ (1878–1970) ഒരു പ്രമുഖ സാമൂഹിക പരിഷ്കർത്താവും, സ്വാതന്ത്ര്യ സമര സേനാനിയും, കേരളത്തിലെ നായർ സമൂഹത്തിന്റെ ഉന്നമനത്തിനായി സമർപ്പിച്ച ഒരു സ്വാധീനമുള്ള സംഘടനയായ നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്‌എസ്) സ്ഥാപകനുമായിരുന്നു. 1878 ജനുവരി 2 ന് ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ ജനിച്ച അദ്ദേഹം സാമൂഹിക ഘടനയെ ആധുനികവൽക്കരിക്കുന്നതിലും സമത്വം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു, പ്രത്യേകിച്ച് ക്ഷേത്ര പ്രവേശന അവകാശങ്ങൾക്കും സാമൂഹിക നീതിക്കും വേണ്ടി വാദിക്കുന്നതിനായി വൈക്കം സത്യാഗ്രഹവും സവർണ ജാഥയും നയിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങൾ അദ്ദേഹത്തിന് ഭാരത കേസരി (ഇന്ത്യയുടെ സിംഹം) എന്ന പദവി നേടിക്കൊടുത്തു. സ്വാതന്ത്ര്യാനന്തരം, അദ്ദേഹം തിരുവിതാംകൂർ നിയമസഭയിൽ സേവനമനുഷ്ഠിക്കുകയും സമൂഹത്തിന് നൽകിയ സംഭാവനകൾക്ക് 1966 ൽ പത്മഭൂഷൺ നൽകുകയും ചെയ്തു. സാമൂഹ്യ പരിഷ്കരണത്തിനായുള്ള അക്ഷീണ സമർപ്പണത്തിനും കേരളത്തിലെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി പോരാടിയതിനും ശ്രീ മന്നത്തു പത്മനാഭൻ ഓർമ്മിക്കപ്പെടുന്നു. ശ്രീ. ഹരി ശിവരാമന്റെ ചുരുങ്ങിയതും അർത്ഥവത്തും ഉജ്വലവും ഉത്തേജനാല്മകവുമായ ഈ പ്രഭാഷണം സദസ്സിനെ നിശ്ശബ്ദരാക്കുകയും ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് മുൻ N S S പ്രസിഡന്റ് ശ്രീ. അജിത് നായർ, മുൻ K H S പ്രസിഡന്റ് രമാ പിള്ളാ എന്നിവരും സംസാരിക്കുകയുണ്ടായി. കൊച്ചു കുട്ടികളുടെ ഭാരതകേസരിയെക്കുറിച്ചുള്ള പ്രസംഗം വളരെ അർഥവത്തായിരുന്നു. ശ്രീ. ശ്രീകു നായർ തയ്യാറാക്കിയ കുട്ടികൾക്കുള്ള ക്വിസ്സ് മത്സരം എന്തുകൊണ്ടും സന്ദര്ഭോചിതമായിരുന്നു. ഹ്യൂസ്റ്റൺ കരയോഗം പുതിയ പുതിയ മാനങ്ങൾ കണ്ടെത്തുന്നതിനായി ആവുന്നത്ര പരിശ്രമിക്കും എന്ന ആപ്ത വാക്യത്തോടെ യും ചായ സൽക്കാരത്തോടെയും കരയോഗം സമാപിച്ചു.