അരനൂറ്റാണ്ടോളം കോട്ടയം പൗരാവലിയുടെ ഹൃദയസ്പന്ദനങ്ങള്‍ സ്പര്‍ശിച്ചറിഞ്ഞ ഡോ. ജോര്‍ജ് ജേക്കബ് ദിവംഗതനായി. കോട്ടയം മെഡിക്കല്‍ കോളജിലും കാരിത്താസ് ആശുപത്രിയിലും കാര്‍ഡിയോളജി വിഭാഗം തലവനെന്ന നിലയില്‍ ശുശ്രൂഷകള്‍ ചെയ്ത ഡോ. ജോര്‍ജ് ജേക്കബ്, മധ്യതിരുവിതാംകൂര്‍ക്ക് സുപരിചിതനായിരുന്നു. കൃത്യനിഷ്ഠയോടെയുള്ള ജീവിതം, ശാന്തവും സൗമ്യവുമായ പെരുമാറ്റം, കുലീനത പ്രകാശിക്കുന്ന വ്യക്തിത്വം തുടങ്ങിയ മഹത്വത്തിന്‍റെ മുദ്രകളുമായി അദ്ദേഹം നമ്മോടൊപ്പം ജീവിച്ചു. ഏതാനും മണിക്കൂറുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സമ്പര്‍ക്കത്തിന്‍റെ അനുഭവങ്ങളുള്ള ഈയുള്ളവനും ഡോ. ജോര്‍ജ് ജേക്കബിന്‍റെ വിയോഗം ഒട്ടേറെ നല്ല ഓര്‍മ്മകള്‍ക്ക് വഴിയൊരുക്കി.
2012 സെപ്റ്റംബര്‍. വൈകുന്നേരം കോളജുകഴിഞ്ഞ് ഞാന്‍ എത്തിയപ്പോള്‍ ഒരു ഫോണ്‍ കോള്‍. "ഹലോ ബാബു സാറല്ലേ?" "അതേ ആരാണ്?" "കാരിത്താസില്‍ നിന്നും ഡോ. ജോര്‍ജ് ജേക്കബ് ആണ്." "സാര്‍" ഞാന്‍ അറിയാതെ എഴുന്നേറ്റുപോയി. "ബാബു സാറിനെ കാണാന്‍ എപ്പോഴാണ് സൗകര്യം. എനിക്കൊരു കാര്യം പറയാനുണ്ട്." ആശ്ചര്യചകിതനായി ഞാന്‍ പറഞ്ഞു. "സാര്‍... ഞാന്‍ അങ്ങോട്ടുവരാം." "വേണ്ട. ഞാനിപ്പോള്‍ ഗാന്ധിനഗറിലേക്ക് മടങ്ങുകയാണ് ഇപ്പോള്‍ വന്നാലോ?" "ശരി സാര്‍" ഞാന്‍ സമ്മതിച്ചു.
ഡോ. ജോര്‍ജ് ജേക്കബ്. കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്‍. റിട്ടയര്‍മെന്‍റിനുശേഷം കാരിത്താസ് ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം തലവനായി ശുശ്രൂഷ ചെയ്യുകയാണ്. തമ്മില്‍ അടുത്ത പരിചയമില്ല. മകള്‍ ഡോക്ടര്‍ ആതിര ആറു മാസക്കാലം കാരിത്താസിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ പരിശീലനം ചെയ്തിരുന്നുവെങ്കിലും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഹൃദ്രോഗ വിഭാഗത്തിലെ ഡോ. ജോണി മാത്യുവുമായിട്ടായിരുന്നു ഞങ്ങള്‍ക്കു ബന്ധം. ഡോ. ജോണിയുടെ മകള്‍ ഡോ. ആന്‍, ആതിരയുടെ സഹപാഠിയാണ്. ഉയരം കൂടിയ, കുലീനയായ ഡോ. ജോര്‍ജ് ജേക്കബ്സാര്‍ കഴുത്തില്‍ സ്റ്റെതസ്ക്കോപ്പുമിട്ട് അല്പം കുനിഞ്ഞ് കാരിത്താസിന്‍റെ ഇടനാഴികളിലൂടെ നടന്നു നീങ്ങുന്നത് അത്ഭുതാദരവുകളോടെ ഞങ്ങള്‍ നോക്കി നിന്നിട്ടേ ഉള്ളൂ. ആതിരയുടെ വിവാഹത്തിനും അവളുടെ ക്ഷണം സ്വീകരിച്ച് കൃത്യ സമയത്ത് വേദിയിലെത്തി വധൂവരന്മാരെ അനുഗ്രഹിച്ച ഡോക്ടറെ ഞാന്‍ ഓര്‍മ്മിക്കുന്നു.
പത്തു മിനിട്ട് കഴിയാറായപ്പോള്‍ ഡോക്ടറുടെ കാര്‍ എന്‍റെ വീട്ടു മുറ്റത്ത് വന്നു നിന്നു. മുറ്റത്തിറങ്ങിയ ഞാന്‍ കൂപ്പു കൈകളോടെ ഡോക്ടറെ അകത്തേക്കാനയിച്ചു. വന്ദ്യവയോധികനായ ആ മനുഷ്യന്‍ കുനിഞ്ഞ് ഷൂസുകള്‍ ഊരാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ അനുവദിച്ചില്ല "കാരിത്താസിലെ ഹൃദ്രോഗ വിഭാഗം വിപുലൂകരിക്കുകയാണ്. പുതിയ സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ പോവുകയാണ്. അതു സംബന്ധിക്കുന്ന ഒരു പാംലെറ്റ് പ്രസിദ്ധീകരിക്കണം. ഇംഗ്ലീഷില്‍ ഞാനതിന്‍റെ ഡ്രാഫ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ബാബു സാര്‍ അത് മലയാളത്തില്‍ ഭംഗിയായി ശരിയാക്കിത്തരണം. ഇക്കാര്യത്തില്‍ ബാബുസാര്‍ മിടുക്കനാണെന്ന് എന്നോട് കുന്നശേരി പിതാവാണ് പറഞ്ഞത്." അദ്ദേഹം ഒരു ഫോള്‍ഡര്‍ എന്‍റെ നേര്‍ക്ക് നീട്ടി. "രണ്ടു ദിവസത്തിനുള്ളില്‍ ശരിയാക്കി കാരിത്താസില്‍ കൊണ്ടുവന്നുതന്നു കൊള്ളാം" ഞാന്‍ വിനയത്തോടെ പറഞ്ഞു. "വേണ്ട ഞാന്‍ ഇതുപോലെ മടങ്ങിപ്പോകുമ്പോള്‍ വന്നു വാങ്ങിക്കൊള്ളാം." ചായയോ കാപ്പിയോ കുടിക്കാനുള്ള ഞങ്ങളുടെ ക്ഷണം ജേക്കബ് സാര്‍ നിരസിച്ചു. "ഞാന്‍ അങ്ങനെ ഒന്നും കുടിക്കാറില്ല." ജേക്കബ് സാര്‍ സൗമ്യനായി പറഞ്ഞു. മൂന്നാം ദിവസം ഇതേ സമയത്ത് എന്‍റെ എളിയ ഭവനത്തില്‍ ജേക്കബ് സാര്‍ എത്തി. ഞാന്‍ എഴുതിയതെല്ലാം വായിച്ചു മനസിലാക്കി ഭേദഗതികള്‍ വരുത്തി നന്ദിപറഞ്ഞു തിരിച്ചുപോയി. മധ്യതിരുവിതാംകൂറിലെ പ്രശസ്തനായ ഭിഷഗ്വരനും വന്ദ്യവയോധികനുമായ ഡോ. ജോര്‍ജ് ജേക്കബ് എന്നെ ഒരു പാഠം പഠിപ്പിച്ചു. നീ മര്യാദയുള്ളവനാകുക; മഹത്വമുള്ളവനാകുക
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍