PRAVASI

ഗുരുദക്ഷിണ

Blog Image

ഫൊക്കാനാ കലഹാരി കണ്‍വന്‍ഷന്‍ ലോബിയിലെ തിരക്കില്‍, പഴയ സൗഹൃദങ്ങള്‍ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോള്‍, കൈയിലൊരു മൃദുസ്പര്‍ശം.
ആരാണെന്നറിയുവാന്‍ വേണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ.
"ഓര്‍മ്മയുണ്ടോ സാറേ ഈ മുഖം?" പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. പഴയ ഓര്‍മ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല.
"സത്യം പറഞ്ഞാല്‍ എനിക്കു മനസ്സിലായില്ല." ഞാന്‍ ഉള്ള സത്യം പറഞ്ഞു.
"പെട്ടെന്നു മനസ്സിലായില്ല എന്നു പറയാതെ ശരിക്കൊന്നു ഓര്‍ത്തു നോക്കിക്കേ! പഴയ പരിചയക്കാരു വല്ലവരുമായിരിക്കും." ആ കമന്‍റ് എന്‍റെ ഭാര്യയുടെ സംഭാവനയാണ്. അവളുടെ സ്വരത്തില്‍ ഒരു കൊടുങ്കാറ്റിന്‍റെ ഇരമ്പല്‍!
"സാറേ, ഇതു ഞാനാ മേഴ്സി കുറിയാക്കോസ്. സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്." ചിരിച്ചുകൊണ്ടവര്‍ പറഞ്ഞു.
"ഞാനോ?" എനിക്ക് എന്നെത്തന്നെ സംശയം.
"നിങ്ങളിവരെ പഠിപ്പിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ അവര്‍ അങ്ങനെ ഉറപ്പു പറയില്ലല്ലോ. നിങ്ങളത്ര പുണ്യാളനൊന്നും ചമയണ്ടാ!" ആ സ്വഭാവസര്‍ട്ടിഫിക്കറ്റ് എന്‍റെ ഭാര്യയുടെ വകയാണ്.
മേഴ്സി കുര്യാക്കോസിന്‍റെ സമീപം ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആണൊരുത്തന്‍ നില്പുണ്ട്. അയാളുടെ മുഖത്ത് സംശയത്തിന്‍റെ ഒരു മസിലുപിടുത്തം.
"സാറേ! കൊട്ടാരക്കര 'കിംഗ്സ് കോളജില്‍' സാറായിരുന്നു ഇംഗ്ലീഷ് ലിറ്ററേച്ചറിനു ഞങ്ങള്‍ക്ക് ക്ലാസെടുത്തിരുന്നത്." മേഴ്സി സസ്പെന്‍സിനു വിരാമമിട്ടു.
ഓര്‍മ്മകള്‍ റീവൈന്‍ഡു ചെയ്തപ്പോള്‍ അങ്ങനെയും ഒരു കാലഘട്ടം എന്‍റെ ജീവിതത്തിലുണ്ടായിരുന്നു എന്ന ചിത്രം തെളിഞ്ഞുവന്നു.
"കര്‍ത്താവേ! ഒരു കാലത്ത് ഞാനൊരു അദ്ധ്യാപകന്‍റെ കുപ്പായം അണിഞ്ഞിരുന്നല്ലോ!" ഞാനൊന്നു ഞെളിഞ്ഞു.
'വേഷങ്ങള്‍ ജന്മങ്ങള്‍
വേഷം മാറാന്‍ നിമിഷങ്ങള്‍
നാമറിയാതാടുകയാണീ ജീവിതവേഷം...'
മനസ്സിന്‍റെ ഏതോ കോണിലിരുന്ന് ദാസേട്ടന്‍ മൂളുന്നു.
ഡിഗ്രി സമ്പാദിച്ചശേഷം ഒരു സര്‍ക്കാര്‍ജോലി തെണ്ടിനടക്കുന്ന ഇടവേളയിലൊരു അഭയകേന്ദ്രമായിരുന്നല്ലോ പഴയകാലത്ത് പലര്‍ക്കും പാരലല്‍ കോളജ്.


എന്‍റെ സഹോദരിഭര്‍ത്താവ്, രാജന്‍ സാറിന് കൊട്ടാരക്കരയില്‍ കിംഗ്സ് കോളജ് എന്ന പേരില്‍ പ്രശസ്തമായ ഒരു അദ്ധ്യാപന സ്ഥാപനം ഉണ്ടായിരുന്നതുകൊണ്ട്, അവിടെ ഒരു സ്റ്റാഫായി 'ഡയറക്ട്' അപ്പോയിന്‍റ്മെന്‍റ് കിട്ടി. ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ ഫ്രീ, വീക്കെന്‍ഡില്‍ വീട്ടില്‍ പോയി വരുവാനുള്ള അലവന്‍സും അനുവദിച്ചിരുന്നു. ബോണസ്സായി പുലമണ്‍ ജംഗ്ഷനിലെ പ്രശസ്തമായ പോറ്റി ഹോട്ടലില്‍ നിന്നും കാപ്പികുടി. ആ ഹോട്ടലിലെ ഇഡ്ഡലി ആയിരുന്നു ഇഡ്ഡലി. നാവിന്‍തുമ്പിലലിയുന്ന രുചി ഇന്നും രസമുകുളങ്ങളില്‍ തങ്ങിനില്‍ക്കുന്നു.
ഞാന്‍ 'ഫ്രഷ് ഓഫ് ദി കോളജ്' ആയിരുന്നതിനാല്‍ പല വിദ്യാര്‍ത്ഥികളും സമപ്രായക്കാരായിരുന്നു.
"അന്നു സാറിനെ കാണാന്‍ വലിയ തരക്കേടില്ലായിരുന്നു. ഇപ്പോഴെന്തു പറ്റി? ആകപ്പാടെ അങ്ങ് ഓഞ്ഞുപോയല്ലോ!" അടിമുടി എന്നെ ഒന്നു വീക്ഷിച്ചശേഷം, ഒരു മേഴ്സിയുമില്ലാതെ, മേഴ്സി എന്‍റെ ആകാരഭംഗിയെപ്പറ്റി ഒരു അവലോകനം നടത്തി.
"അതുപിന്നെ, അങ്ങേര്‍ക്ക് ഇത്രേം പ്രായമില്ലയോڈ ഞാനിങ്ങേരേക്കാള്‍ പത്തു വയസ്സിന് ഇളയതാ." പ്രായത്തിന്‍റെ കാര്യത്തില്‍ എന്‍റെ ഭാര്യ കുറച്ചു സെന്‍സിറ്റീവാണ്.
ആരെങ്കിലും അവളെ 'ചേത്തി, ആന്‍റി, അമ്മാമ്മേ' എന്നൊക്കെ സംബോധന ചെയ്യുമ്പോള്‍ എന്‍റെ ചങ്കിടിക്കും.
'എനിക്കത്ര പ്രായമൊന്നുമില്ല, എന്നെ പേരു വിളിച്ചാല്‍ മതി' എന്നൊരു മുന്നറിയിപ്പ് ചിലപ്പോള്‍ നല്കാറുമുണ്ട്.
'ഇങ്ങേരുടെ കൂടെ നടക്കുന്നതു കൊണ്ട്, ഞാനും ഒരു കിളവിയാണെന്നാണ് ചിലരുടെ വിചാരം.'
ആ കുറ്റവും അവള്‍ എന്‍റെ തലില്‍ കെട്ടിവെച്ചു. സ്കൂളില്‍ നേരത്തെ ചേര്‍ക്കുവാന്‍ വേണ്ടി, പ്രായം കൂട്ടിക്കാണിച്ചിരിക്കുകയാണെന്നു പല സ്ത്രീകളും പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു വയസ് പ്രായമുള്ളപ്പോള്‍ തന്നെ പലരും ഒന്നാം ക്ലാസില്‍ ചേര്‍ന്നിട്ടുണ്ടാവും.
മേഴ്സി ഒരു സംസാരപ്രിയ ആണെന്നു തോന്നുന്നു. "അന്നു സാറിനെ ഞങ്ങള്‍ 'ബോറന്‍' എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ ഒരു അപരനാമം എനിക്കുണ്ടായിരുന്നു എന്നുള്ളത് ഒരു പുതിയ അറിവാണ്. 'അളിയന്‍' എന്നു പിള്ളേരു വിളിച്ചിരുന്നത് ഞാനത്ര കാര്യമാക്കിയിരുന്നില്ല."
സാറ് ക്ലാസിലേക്ക് വരുമ്പോള്‍ 'ബോറന്‍ വരുന്നുണ്ടെന്നു' പറഞ്ഞ് ഞങ്ങള്‍ അടക്കം ചിരിക്കുമായിരുന്നു.
"ഇപ്പോഴും ആളൊരു ബോറനാ" അതുവഴി കടന്നുപോയപ്പോള്‍ കറുകപ്പള്ളി ഒരു കാര്യവുമില്ലാതെ ഒരു കമന്‍റ് പാസ്സാക്കി.
"സംശയമുണ്ടെങ്കില്‍ ഇന്നു വൈകിട്ടത്തെ 'ചിരിയരങ്ങ്' പരിപാടിയില്‍ കുറച്ചുനേരം ഇരുന്നാല്‍ മതി" കൂട്ടത്തില്‍ ഉണ്ടായിരുന്ന കാടാപുറം ജോസ് പോളിനെ പിന്താങ്ങി.
അതുകേട്ട് ഞാനൊഴികെ, എന്‍റെ ഭാര്യ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.
"എന്തിനാ എന്നെ ബോറന്‍ എന്നു വിളിച്ചിരുന്നത്?" ഏതിനും ഒരു കാരണം വേണമല്ലോ!
'"Bores' എന്നൊരു എസ്സെയാണ് സാറു ഞങ്ങളെ ആദ്യമായി പഠിപ്പിച്ചത്. സത്യത്തില്‍ സാറിന്‍റെ ക്ലാസ് വെറും ബോറായിരുന്നു. മേഴ്സി എന്നോട് ഒരു കരുണയും കാണിച്ചില്ല. "Bores' എന്നൊരു എസ്സേ ്യൂഞാന്‍ പഠിപ്പിച്ചെന്നോ?
ഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഒരു 'വാഴക്കുല' ലൈനിലായിരുന്നു എന്‍റെ പഠിത്തം. ഷേക്സ്പിയര്‍, ബര്‍ണാഡ് ഷാ, ചാള്‍സ് ഡിക്കന്‍സ് തുടങ്ങിയ ചില പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും അവരുടെ വിശ്വസാഹിത്യമൊന്നും എന്‍റെ പിടിയില്‍ ഒതുങ്ങുമായിരുന്നില്ല. എങ്കിലും ഞാനും ഒരു പോസ്റ്റ്ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. അത്ഭുതങ്ങള്‍, അതങ്ങു സംഭവിക്കുകയാണല്ലോ!
കണ്‍വന്‍ഷന്‍ കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും ഗിന്നസ് ബുക്കില്‍ ഇടംനേടിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടമേളവും മോഹിനിമാരുടെ മോഹിനിയാട്ടവും നന്ദനം നടി നവ്യാ നായരുടെ (അധിക) പ്രസംഗവും എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞുതുടങ്ങിയിരുന്നു.
'ബോറന്‍' എന്ന പേര് എനിക്കു സമ്മാനിച്ച ആ കാരണഭൂതന്‍ ആരാണെന്നറിയാനുള്ള ആകാംക്ഷ എന്നെ അലട്ടിക്കൊണ്ടിരുന്നു.
'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നാണല്ലോ പ്രമാണം. അന്വേഷിച്ചു, കണ്ടെത്തി.
ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത സാഹിത്യകാരനായിരുന്ന E.V. Lucas  എഴുതിയ "Bores' എന്ന എസ്സെയെപ്പറ്റി ആയിരുന്നു മേഴ്സിയുടെ പരാമര്‍ശം.
ദൈനംദിന ജീവിതത്തിലെ സാധാരണ വിഷയങ്ങളെക്കുറിച്ച് ലളിതവും രസകരവുമായ ശൈലിയാണ് അദ്ദേഹം എഴുതിയിരുന്നത്. ബോറന്മാരെക്കുറിച്ച് എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് എഴുതിയ ലേഖനം ഇന്നും വളരെ പ്രസക്തമാണ്. ഇക്കൂട്ടത്തില്‍പ്പെട്ട ധാരാളം ആളുകളെ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കാണാം.
ബോറന്മാര്‍ മറ്റുള്ളവരുടെ സമയത്തെപ്പറ്റി ഒട്ടും ബോധവാന്മാരല്ല. ഇവര്‍ മറ്റുള്ളവരെ സംസാരിക്കുവാന്‍ അനുവദിക്കാതെ, തങ്ങളുടെ വീരകൃത്യങ്ങള്‍ വിളമ്പിക്കൊണ്ടേയിരിക്കും.
തങ്ങളുടെ രോഗങ്ങള്‍, ശസ്ത്രക്രിയകള്‍, കഴിക്കുന്ന മരുന്നുകള്‍, ഭക്ഷണരീതി, വ്യായാമം എന്നിവയെപ്പറ്റി മറ്റുള്ളവരോട് വിശദീകരിച്ച് അവരെ അങ്ങേയറ്റം ബോറടിപ്പിക്കും. ചിലര്‍ തങ്ങളുടെ മൂലക്കുരു സര്‍ജറി നടന്ന ഭാഗം വരെ പ്രദര്‍ശിപ്പിക്കുവാന്‍ മടിയില്ലാത്തവരാണ്.
തങ്ങളുടെ മക്കളുടെ നേട്ടത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന പലരുമുണ്ട്. കൂട്ടത്തില്‍ അവരുടെ ഫോട്ടോയും.
ചിലര്‍ക്ക് കുടുംബ പാരമ്പര്യത്തെപ്പറ്റിയുള്ള പൊങ്ങച്ചം പറയുവാനുള്ള താല്പര്യം. 'പകലോമറ്റം' വിട്ടൊരു കളിയില്ല.
കേട്ടവര്‍ വീണ്ടും ചിരിക്കണം എന്നു വാശിപിടിച്ചുകൊണ്ട്, ഒരേ തമാശ പലതവണ ആവര്‍ത്തിച്ചു പറയുന്നവരുണ്ട്. (എന്നെപ്പറ്റി അങ്ങനെ ഒരു അപവാദം ഉള്ളതിനെപ്പറ്റി ഞാന്‍ ബോധവാനാണ്).
പ്രസംഗിച്ചു മനുഷ്യനെ ബോറടിപ്പിച്ചു വെറുപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തില്‍. എവിടെ മൈക്ക് കണ്ടാലും അവര്‍ ചാടിവീഴും.
പ്രസംഗത്തിലൂടെ ആളുകളെ മുഷിപ്പിക്കുന്ന ചില പുരോഹിതന്മാരുണ്ട്. ആരെങ്കിലും മരിച്ചെന്നറിഞ്ഞാല്‍, ഒരു പത്തു പതിനഞ്ചു പട്ടക്കാരെങ്കിലും സഭാവൈരം മറന്ന്, പരേതന് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവിടെയെത്തും. നല്ലകാര്യം. പക്ഷേ, ഈ പതിനഞ്ചുപേരും ചരമപ്രസംഗം നടത്തണമെന്നു വാശി പിടിക്കുന്നതു ശരിയല്ല. ഒരേ സന്ദേശമാണ് അവരവരുടെ ശൈലിയില്‍ അവര്‍ ആവര്‍ത്തിക്കുന്നത്.
ഏതെങ്കിലും കുട്ടികള്‍ മരിച്ചാല്‍ 'ഒരു തോട്ടക്കാരന്‍ തന്‍റെ തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പം നുള്ളിയെടുക്കുന്നതുപോലെ, സ്വര്‍ഗ്ഗീയ ഭവനം അലങ്കരിക്കുവാനായി കര്‍ത്താവ് ആ കുഞ്ഞിനെ നേരത്തെ വിളിച്ചു. അതില്‍ നമുക്കു സന്തോഷിക്കാം' കുഞ്ഞിന്‍റെ മരണത്തില്‍ നെഞ്ചു പൊട്ടിയിരിക്കുന്ന മാതാപിതാക്കളോടാണ് കത്തനാര് ഈ കാച്ച് കാച്ചുന്നത്.
"ഞാന്‍ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു" ജീവിച്ചിരുന്ന കാലത്ത് പള്ളിയില്‍ കയറാതെ, പട്ടക്കാരെ ചീത്തയും വിളിച്ചു നടന്ന വല്യപ്പനെപ്പറ്റിയാണ് പരാമര്‍ശം.
ചില വിവാഹവേളകളില്‍ ഉപദേശിമാര്‍ ഇത്തരം കൊലച്ചതി ചെയ്യാറുണ്ട്. ഒരു നല്ല കുടുംബജീവിതം എങ്ങനെ നയിക്കണമെന്ന് വധൂവരന്മാരെ ഉദ്ബോധിപ്പിക്കുകയാണ് നീണ്ട അറുബോറന്‍ പ്രസംഗത്തിലൂടെ.
"ഒന്നു നിര്‍ത്തി പോടേയ്. താനൊന്നു പോയിട്ടു വേണം ഞങ്ങള്‍ക്ക് കുടുംബം ഉണ്ടാക്കുവാനുള്ള ഒരു ശ്രമം നടത്തേണ്ടത്" എന്നായിരിക്കും വധൂവരന്മാരുടെ മനസ്സില്‍.
*****   *****   *****
വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ പഠിപ്പിച്ച ഒരു വിദ്യാര്‍ത്ഥി എന്നെ തിരിച്ചറിഞ്ഞു എന്ന സത്യമാണ്, ഈ ഫൊക്കാന കണ്‍വന്‍ഷനില്‍ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം.
'ബോറന്‍' എന്ന പേരു ഞാന്‍പോലും അറിയാതെ എനിക്കു ചാര്‍ത്തി തന്ന E.V. Lucas നോടും എനിക്കു നന്ദിയുണ്ട്.
*****   *****   *****
മേഴ്സി കുറിയാക്കോസിനോട് ഒരു അപേക്ഷയുണ്ട്. ഗുരുദക്ഷിണയായി എനിക്കൊന്നും വേണ്ടാ. എന്നെ ഇനി എവിടെ വെച്ചെങ്കിലും കാണാനിടയായാല്‍, ദയവ് ചെയ്ത് ഞാന്‍ മേഴ്സിയുടെ അദ്ധ്യാപകനായിരുന്നു എന്ന് ആരോടും പറയരുതേ!
'മാതാ പിതാ, ഗുരു, ദൈവം'!

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.