PRAVASI

ഇന്ത്യയിലെ ആദ്യ ​ദയാമരണം; ഹരീഷ് റാണ വിട വാങ്ങി

Blog Image

ഇന്ത്യയിലെ  ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ. അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്.
ജീവന്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ സംവിധാനങ്ങളെല്ലാം നീക്കിയിരുന്നു. ഡല്‍ഹി എയിംസിലേക്ക് മാറ്റിയ റാണയുടെ ഓക്സിജന്‍ പിന്തുണ പിന്‍വലിക്കുകയും പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ജനറല്‍ ബെഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഭക്ഷണവും വെള്ളവും നല്‍കിക്കൊണ്ടിരുന്ന ട്യൂബും നീക്കിയിരുന്നു.നിഷ്‌ക്രിയ ദയാമരണത്തിനായി എയിംസില്‍ അനസ്തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ന്യൂറോ സര്‍ജറി, ഓങ്കോ- അനസ്തേഷ്യ, പാലിയേറ്റീവ് മെഡിസിന്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 10 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഹരീഷ് റാണയുടേത് പോലുള്ള അവസ്ഥകളില്‍ ദയാമരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മരണം വേഗത്തിലാക്കുന്നതിന് പകരം വേദനയും മറ്റ് പ്രയാസങ്ങളും കുറച്ചുകൊണ്ട് സ്വാഭാവിക മരണത്തിലേക്ക് നയിക്കുകയാണ് ചെയ്തത്.

13 വര്‍ഷമായി കോമയില്‍ കഴിയുന്ന റാണയുടെ ദയാവധത്തിന് ഈ മാസം 11നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ഗാസിയാബാദ് സ്വദേശിയായ റാണ ഛണ്ഡീഗഡിലെ സര്‍വകലാശാലയില്‍ ബിടെക് പഠിക്കുകയായിരുന്നു. 2013ലാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് കോമയിലാകുന്നത്. വര്‍ഷങ്ങള്‍ നീണ്ടതോടെ ദയാവധം ആവശ്യപ്പെട്ട് അച്ഛന്‍ അശോക് റാണയും അമ്മ നിര്‍മലയും രണ്ട് തവണ കോടതിയെ സമീപിച്ചു. 2024ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായത്തോടെ റാണയ്‌ക്ക് വീട്ടില്‍ പരിചരണം നല്‍കാമെന്ന് കോടതി നിര്‍ദേശിച്ചു. വീട്ടില്‍ പരിചരണം സാധ്യമല്ലെങ്കില്‍ നോയിഡയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു.എന്നാല്‍ റാണയുടെ നില ദിനംപ്രതി വഷളായതല്ലാതെ മാറ്റമുണ്ടായില്ല. ഇതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും അറിയിച്ചതോടെ ദയാവധത്തിന് ഉത്തരവിട്ടു. ഘട്ടംഘട്ടമായി റാണയുടെ ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ദയാവധത്തിനുള്ള അനുമതി നല്‍കിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.