PRAVASI

തൊഴിലിടത്തിൽ നിശബ്ദം മരവിച്ചുപോകുന്ന മനസുകൾ: അമിതമായ ജോലിസമ്മർദ്ദം തിരിച്ചറിയപ്പെടാതെ പോകുന്നതെങ്ങനെ?

Blog Image
ഒരു വ്യക്തിക്ക് താങ്ങാനാവുന്നതിലും അധികം ജോലി ഒരു തൊഴിലിടം ആവശ്യപ്പെടുമ്പോഴാണ് ജോലിസംബന്ധമായ സമ്മർദ്ദം ഉണ്ടാകുന്നത്. തൊഴിലുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദങ്ങൾ സാധാരണയാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അത് ബേൺ ഔട്ട് ആയി മാറുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന സമ്മർദ്ദം കാരണം മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണ് ബേൺ ഔട്ട്. അമിതമായ ജോലിഭാരം, ജോലികൾ ചെയ്തുതീർക്കാൻ ആവശ്യത്തിന് സമയമില്ലാത്ത അവസ്ഥ, മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണക്കുറവ്, സഹപ്രവർത്തകരുമായുള്ള ബന്ധത്തിലെ വിള്ളലുകൾ എന്നിവ ബേൺ ഔട്ടിന് കാരണമാകാം

ഏറെ ഉത്സാഹത്തോടെ ഉണർന്നെഴുന്നേൽക്കുന്ന ഒരു പകലിനെക്കുറിച്ച് സങ്കൽപ്പിക്കുക. അന്നത്തെ ദിവസം ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ ഒരു പട്ടിക മുന്നിലുണ്ട്. അവയോരോന്നായി പൂർത്തിയാക്കാനുള്ള എനർജിയുമുണ്ട്. പക്ഷെ ദിവസം പുരോഗമിക്കുന്തോറും കൂടുതൽ കൂടുതൽ കാര്യങ്ങൾ ആ പട്ടികയിലേക്ക് എത്തുന്നു. ഡെഡ്ലൈനുകൾ വളരെ വേഗം അടുത്തെത്തുന്നു. പതിയെപ്പതിയെ, രാവിലെ തോന്നിയിരുന്ന ഉത്സാഹവും ആവേശവുമെല്ലാം കെട്ടടങ്ങാൻ തുടങ്ങുന്നു. ആ സ്ഥാനത്ത് ആശങ്കകൾ വളരാൻ തുടങ്ങുന്നു. ഇതെല്ലാം ജോലിയുടെ ഭാഗമായുള്ള ചെറിയ സമ്മർദ്ദങ്ങളാണെന്ന് കരുതി നിസാരമായി തള്ളിക്കളയാൻ എളുപ്പമാണ്. എന്നാൽ ഈ സമ്മർദ്ദം, ഇതിലും വലിയ എന്തെങ്കിലുമൊന്നിൽ ചെന്നവസാനിച്ചാലോ? നമുക്ക് കൈകാര്യം ചെയ്യാനാകാത്തതിലും വലിയൊരു പ്രശ്നമായി പര്യവസാനിച്ചാലോ? ബേൺ ഔട്ട് എന്ന അവസ്ഥ വ്യക്തമായി വരുമ്പോഴേക്കും ചിലപ്പോൾ ഒരുപാട് വൈകിപ്പോയിരിക്കും. നമ്മുടെ മാനസികാരോഗ്യത്തിൽ അതുണ്ടാക്കുന്ന തകരാർ ചിലപ്പോൾ പരിഹരിക്കാൻ കഴിയാത്തതായിരിക്കും.

തൊഴിലിടത്തിൽ സമ്മർദ്ദവും ബേൺ ഔട്ടും ഉണ്ടാകുന്നതെങ്ങനെ?

ഒരു വ്യക്തിക്ക് താങ്ങാനാവുന്നതിലും അധികം ജോലി ഒരു തൊഴിലിടം ആവശ്യപ്പെടുമ്പോഴാണ് ജോലിസംബന്ധമായ സമ്മർദ്ദം ഉണ്ടാകുന്നത്. തൊഴിലുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദങ്ങൾ സാധാരണയാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അത് ബേൺ ഔട്ട് ആയി മാറുന്നു. ദീർഘകാലം നീണ്ടുനിൽക്കുന്ന സമ്മർദ്ദം കാരണം മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണ് ബേൺ ഔട്ട്. അമിതമായ ജോലിഭാരം, ജോലികൾ ചെയ്തുതീർക്കാൻ ആവശ്യത്തിന് സമയമില്ലാത്ത അവസ്ഥ, മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുള്ള പിന്തുണക്കുറവ്, സഹപ്രവർത്തകരുമായുള്ള ബന്ധത്തിലെ വിള്ളലുകൾ എന്നിവ ബേൺ ഔട്ടിന് കാരണമാകാം. മൂന്ന് പ്രധാന തലങ്ങളാണ് ബേൺ ഔട്ടിനുള്ളത്.

1.    നിരന്തരം അനുഭവപ്പെടുന്ന ക്ഷീണം, തളർച്ച, ജോലി ചെയ്യാനാകാത്ത അവസ്ഥ.
2.    ചെയ്യുന്ന ജോലിയോടും സഹപ്രവർത്തകരോടും ഓഫിസിനോടും നെഗറ്റീവായ സമീപനവും എപ്പോഴും കുറ്റങ്ങൾ കണ്ടുപിടിക്കുന്ന പ്രവണതയും.
3.    ചെയ്യുന്ന ജോലിക്ക് യാതൊരു അർത്ഥവുമില്ലെന്ന തോന്നൽ. ഈ ചിന്ത കാരണം നമ്മുടെ പ്രവർത്തനക്ഷമത കുറയുകയും ഒരു നേട്ടവും ഉണ്ടാക്കാൻ കഴിയുന്നില്ല എന്ന തോന്നൽ കൂടുകയും ചെയ്യുന്നു.

കൃത്യമായി പരിഹരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനിടയുള്ള അവസ്ഥയാണിത്. ജോലിയിലെ പ്രകടനം മോശമാവുകയും, ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും, ആരോഗ്യം മോശമാവുകയും ചെയ്യും. വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്കും അത് കാരണമാകാം. സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉയരുകയും ചെയ്യുന്നു. അങ്ങനെ ദൈനംദിന ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾക്ക് ബേൺ ഔട്ട് കാരണമാകാറുണ്ട്.

ബേൺ ഔട്ട് കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളെ ബേൺ ഔട്ട് കാര്യമായി ബാധിക്കാറുണ്ട്. വൈകാരികവും ബൗദ്ധികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾക്ക് പുറമെ, സ്വഭാവത്തിലും അത് കാര്യമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.

വൈകാരികമായ മാറ്റങ്ങൾ: ജോലി ചെയ്യാനുള്ള നമ്മുടെ മോട്ടിവേഷൻ (പ്രചോദനം) ബേൺ ഔട്ട് അപഹരിക്കരിക്കാനിടയുണ്ട്. നമ്മുടെ സന്തോഷവും ആത്മാർത്ഥതയും കവർന്നെടുത്ത്, ആശങ്കകളും ദേഷ്യവും ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അതുണ്ടാക്കുന്നു. തൊഴിലുമായുള്ള ബന്ധം നഷ്ടമായതുപോലെ തോന്നും. നേട്ടങ്ങളിൽ സന്തോഷം കണ്ടെത്താനാകാത്ത അവസ്ഥയുണ്ടായേക്കാം. മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്കിരിക്കാനുള്ള പ്രവണതയും ഉണ്ടാകാം.

ചിന്തകളിൽ വരുന്ന മാറ്റങ്ങൾ: ബേൺ ഔട്ടിലൂടെ കടന്നുപോകുന്നവർ, അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തെറ്റുകളെപ്പോലും വലിയ കാര്യമാക്കും. സ്വന്തം ജോലിയെ നിശിതമായി വിമർശിക്കും. എന്നാൽ ജോലിയിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അകന്നുനിൽക്കുന്നത് പോലെ അവർക്ക് അനുഭവപ്പെടുകയുമുണ്ടാകാം. നെഗറ്റീവായ ചിന്തകളാകും ഇക്കാലത്ത് മേധാവിത്വം പുലർത്തുക. ഓർമപ്രശ്നങ്ങൾ, തീരുമാനങ്ങളെടുക്കുന്നതിലെ പിഴവുകൾ, ആത്മവിശ്വാസക്കുറവ് എന്നിവ ദിവസങ്ങൾ പോകുന്തോറും കൂടിക്കൂടിവരും.

സ്വഭാവത്തിലെ മാറ്റങ്ങൾ: ജോലികൾ പിന്നീടത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണത കൂടും. ഫലപ്രദമായി ജോലികൾ ചെയ്തുതീർക്കാൻ കഴിയില്ല. അങ്ങനെ ജോലിക്ഷമത കുറയും. ഒത്തുകൂടലുകളിൽ നിന്നെല്ലാം സ്വയം ഒഴിവാകുകയും ഒറ്റപ്പെടുകയും ചെയ്യും. സ്ഥിരമായി ചെയ്തുവന്നിരുന്ന നിസാരജോലികൾ പോലും ചെയ്തുതീർക്കാൻ ബുദ്ധിമുട്ടും.

ശാരീരികമായ മാറ്റങ്ങൾ: കടുത്ത ക്ഷീണം, തളർച്ച, പേശിവേദന, തലവേദന, വയറിലെ അസ്വസ്ഥതകൾ, അണുബാധകൾ, ഉറക്കക്കുറവ് എന്നിവയ്ക്ക് ബേൺ ഔട്ട് കാരണമാകാറുണ്ട്. കൂടുതൽ ഗുരുതരമായാൽ ഉദരരോഗങ്ങൾക്കും ചില ത്വക്രോഗങ്ങൾക്കും വരെ അത് കാരണമാകാം.

ഈ സ്വഭാവസവിശേഷതകൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ബേൺ ഔട്ട് ഉണ്ടാകാൻ സാധ്യത കൂടുതലാണ് 

ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള വ്യക്തികളിൽ ബേൺ ഔട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ കാര്യവും തികഞ്ഞതും കുറ്റമറ്റതും ആയിരിക്കണമെന്ന് വാശിപിടിക്കുന്ന പെർഫെക്ഷനിസ്റ്റുകൾ, ജോലിയോട് ഒരു ലഹരിപോലെ അടിമപ്പെട്ടിരിക്കുന്ന വർക്കഹോളിക്കുകൾ, സ്വന്തമായി അതിരുകൾ നിർണയിക്കാതെ മറ്റുള്ളവരെ തന്നോട് എങ്ങനെവേണമെങ്കിലും പെരുമാറാൻ അനുവദിക്കുന്നവർ എന്നിവർ ഇതിൽപ്പെടും. ആത്മാഭിമാനം കുറഞ്ഞവർ, ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളോടും പുതിയ സാഹചര്യങ്ങളോടും പൊരുത്തപ്പെടാനാകാത്തവർ, എപ്പോഴും ജോലിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർ, വികാരങ്ങളെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്നവർ, വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്നവർ എന്നിവർക്കും ബേൺ ഔട്ട് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

വിഷമയമായ (ടോക്സിക്) തൊഴിലന്തരീക്ഷം,ആവശ്യത്തിന് അഭിനന്ദനങ്ങൾ കിട്ടാത്ത അവസ്ഥ, ആശയവിനിമയത്തിന് തുറന്ന അവസരങ്ങളില്ലാത്ത ഇടങ്ങൾ, ഓരോ വ്യക്തിയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ തമ്മിലുള്ള സംഘർഷം എന്നിവ മനസികസമ്മർദ്ദവും ബേൺ ഔട്ടും കൂടുതൽ കലശലാക്കും. അതുകൊണ്ടുതന്നെ, വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും ബേൺ ഔട്ടിനു വഴിയൊരുക്കുന്ന ഘടകങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

പരിഹാരമുണ്ട്: ബേൺ ഔട്ട് പ്രതിരോധിക്കാനുള്ള വഴികൾ 

വ്യക്തിയിൽ മാത്രം മാറ്റങ്ങൾ വരുത്തിയാൽ ബേൺ ഔട്ടിന് പൂർണപരിഹാരമാവില്ല. അതിന് തൊഴിലിടത്തിലും മാറ്റങ്ങൾ വരണം. ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തിയും, ആവശ്യത്തിന് ഇടവേളകൾ എടുത്തും, ഓവർടൈം ജോലി ചെയ്യുന്നത് കുറച്ചുകൊണ്ടും വ്യക്തിപരമായി നമുക്ക് ചില മാറ്റങ്ങൾ വരുത്താവുന്നതാണ്. സമയം നന്നായി ക്രമീകരിക്കാനും മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവുകൾ സ്വായത്തമാക്കണം. സ്വന്തം ക്ഷേമത്തിന് (സെൽഫ് കെയർ) മുൻതൂക്കം നൽകേണ്ടതും അനിവാര്യമാണ്. വ്യായാമം നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കാം. റിലാക്സേഷന് സഹായിക്കുന്ന പോംവഴികൾ ദിവസവും ചെയ്യാം. ആഹാരശീലത്തിലും ഒരു ബാലൻസ് കൊണ്ടുവരണം. വികാരങ്ങളെ നന്നായി നിയന്ത്രിക്കാനും പഠിക്കണം. വീട്ടിനകത്തും ഓഫിസിനകത്തും നമുക്ക് ശക്തമായ മാനസിക, വൈകാരിക പിന്തുണ നല്കുന്നവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കണം. സാമൂഹികജീവിതം മെച്ചപ്പെടുത്തണം. സഹപ്രവർത്തകരുമായും വീട്ടിലുള്ളവരുമായും ആശയവിനിമയം വ്യക്തവും സുദൃഢവുമായിരിക്കണം. അവരോട് നന്നായി സംസാരിക്കാനായാൽ തന്നെ നമ്മുടെ മാനസികസമ്മർദ്ദം വളരെ കുറയും.

തൊഴിലിടങ്ങളിലേക്ക് വരുമ്പോൾ, ജോലിസംബന്ധമായ ലക്ഷ്യങ്ങൾ മനുഷ്യസാധ്യമായതായിരിക്കണം. തീരുമാനങ്ങളെടുക്കുമ്പോൾ ജീവനക്കാരെക്കൂടി ചർച്ചയിൽ ഉൾപ്പെടുത്തണം. പോസിറ്റീവായതും ആരോഗ്യകരവുമായ ഒരു കൂട്ടായ്മ വളർത്തിയെടുക്കാനുള്ള നടപടികളുണ്ടാവണം. ആശയവിനിമയം,പരസ്പരബഹുമാനം, ജീവനക്കാരുടെ ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ഒരു തൊഴിലിടം സൃഷ്ടിക്കാനാണ് സ്ഥാപന ഉടമകൾ ശ്രദ്ധിക്കേണ്ടത്.

തൊഴിലിടത്തിലെ സമ്മർദ്ദം കുറയ്ക്കുന്നതിൽ തെറാപ്പിസ്റ്റുകളുടെ പ്രാധാന്യം

തൊഴിലിടത്തിലെ സമ്മർദ്ദവും ബേൺ ഔട്ടും കാര്യക്ഷമമായി നിയന്ത്രിക്കാൻ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകൾക്ക് സഹായിക്കാനാകും. ജീവിതത്തിനും തൊഴിലിനുമിടയിലുള്ള സമതുലിതാവസ്ഥ ഉറപ്പുവരുത്താനും കൂടുതൽ സമ്മർദ്ദങ്ങൾ ഒഴിവാക്കാനുമുള്ള സമഗ്രമായ വഴികൾ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുകളും സൈക്കോളജിസ്റ്റുകളും  നിർദേശിക്കാറുണ്ട്. പ്രധാനമായും താഴെപ്പറയുന്ന ചില മേഖലകൾ കേന്ദ്രീകരിച്ചാണ് അവരുടെ ഇടപെടലുകൾ.

1.    യാഥാർഥ്യത്തോട് ചേർന്നുനിൽക്കുന്ന ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കാം: അനാവശ്യമായ തിരിച്ചടികൾ ഒഴിവാക്കാൻ ജോലിസ്ഥലത്ത് മനുഷ്യസാധ്യമായ ടാർഗെറ്റുകൾ തെരഞ്ഞെടുക്കാൻ തെറാപ്പിസ്റ്റുകൾ സഹായിക്കും.
2.    സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള വഴികൾ കണ്ടെത്താം: ഓരോ വ്യക്തിയിലും സ്ട്രെസ് ഉണ്ടാക്കുന്ന കാരണങ്ങൾ (ട്രിഗറുകൾ) കണ്ടെത്തി അവരെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് പറഞ്ഞുതരാൻ തെറാപ്പിസ്റ്റുകൾക്ക് കഴിയും. ജോലിഭാരം മികച്ചരീതിയിൽ ബാലൻസ് ചെയ്യുന്നതിന് തെറാപ്പിസ്റ്റുകൾ ഈസൻഹോവർ  മെട്രിക്സ് പോലെയുള്ള പോംവഴികൾ നിർദേശിക്കാറുണ്ട്. ചെയ്യാനുള്ള ഓരോ ജോലികളെയും അവയുടെ പ്രാധാന്യത്തിനും ആവശ്യകതയ്ക്കും അനുസരിച്ച് വെവ്വേറെ പരിഗണിക്കുന്ന രീതിയാണിത്. മനസിന് ആശ്വാസം നല്കാൻ കഴിയുന്ന ധ്യാനം, പ്രോഗ്രസീവ് മ്യൂസിക് റിലാക്സേഷൻ, മൈൻഡ്ഫുൾനസ് തുടങ്ങിയ വഴികൾ സ്വീകരിക്കാം. ഒപ്പം മനസിന്റെ ഭാരം കുറയ്ക്കുന്ന മറ്റ് വഴികളും പറഞ്ഞുതരാൻ തെറാപ്പിസ്റ്റിന് കഴിയും.
3.    ജോലിക്കൊപ്പം വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്താം: കാര്യക്ഷമതയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ സ്വന്തം ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധിക്കാനും വിശ്രമവേളകൾ കണ്ടെത്താനും പ്രത്യേക പ്ലാനിങ് ആവശ്യമാണ്. സെൽഫ് കെയർ, പ്രൊഡക്ടിവിറ്റി, വിനോദം, വിശ്രമം എന്നിവയ്ക്കിടയിൽ ആരോഗ്യകരമായ ഒരു ബാലൻസ് കണ്ടെത്താൻ തെറാപ്പിസ്റ്റുകൾ സഹായിക്കും. ആവശ്യത്തിന് ഇടവേളകൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു സമയക്രമം നിത്യജീവിതത്തിന്റെ ഭാഗമാക്കാനുള്ള വഴികളാണ് തെറാപ്പിസ്റ്റുകൾ നിർദേശിക്കുന്നത്. മാനസികസമ്മർദ്ദം കുറയണമെങ്കിൽ ദിവസവും വ്യായാമം ചെയ്യേണ്ടതും നന്നായി ഉറങ്ങേണ്ടതും അനിവാര്യമാണ്.
4.    ജോലിസ്ഥലത്തെ മാറ്റങ്ങൾ: വ്യക്തികൾക്ക് മാത്രമല്ല, സ്ഥാപനങ്ങളും തെറാപ്പിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. ആരോഗ്യകരമായ ഒരു തൊഴിലിടം സൃഷ്ടിക്കാനും, ജീവനക്കാർക്കിടയിൽ അടുപ്പവും ആശയവിനിമയംവും വർധിപ്പിക്കാനും, പരസ്പരം അഭിനന്ദിക്കാനും പിന്തുണ നൽകാനുമെല്ലാം അത് സഹായിക്കും. അങ്ങനെ പോസിറ്റീവായ ഒരു അന്തരീക്ഷം ജോലിസ്ഥലത്ത് സൃഷ്ടിക്കാൻ കഴിയും. ആവശ്യമുള്ള ഘട്ടങ്ങളിൽ ആരോടെങ്കിലും സഹായം ചോദിക്കുന്നതിൽ ഒരു മടിയും വിചാരിക്കേണ്ടതില്ല. സഹപ്രവർത്തകരുമായും മാനേജർമാരുമായും എപ്പോഴും തുറന്നുസംസാരിക്കാനുള്ള വേദികൾ തുറക്കാനുള്ള വഴികൾ കണ്ടെത്താം. ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനുള്ള പോംവഴികളും തെറാപ്പിസ്റ്റുകൾ പറഞ്ഞുതരും.
5.    വ്യക്തിത്വം ശക്തിപ്പെടുത്താം: നമുക്ക് എന്താണ് വേണ്ടതെന്ന് സമർത്ഥിക്കാൻ നമുക്ക് കഴിയണം. പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ അവയെ പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണം. സമൂഹവുമായി ഇടപഴകുന്നതും ഒരു സ്കിൽ ആണ്. ഈ കഴിവുകളെല്ലാം വികസിപ്പിച്ചെടുക്കണം.
6.    ചിന്തകളെ വഴിതിരിച്ച് വിടാം: കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ ചിന്തകളെ വേറിട്ട രീതിയിൽ നോക്കിക്കാണാൻ വ്യക്തികളെ സഹായിക്കാനാകും.. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയിലൂടെ നമ്മുടെ ജോലിസ്ഥലത്തെ കുറിച്ചുള്ള നെഗറ്റീവായ ചിന്തകൾ മാറ്റിയെടുക്കാൻ ഒരു പ്രൊഫഷണൽ തെറാപ്പിസ്റ്റിന് കഴിയും. അങ്ങനെ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശേഷി വളർത്തിയെടുക്കുകയും ചെയ്യാം.
7.    സ്വയത്തെ കുറിച്ചുള്ള അവബോധമുണ്ടാവുക: സ്വയം തിരിച്ചറിയാനും മനസ്സിലാക്കാനും സ്വീകരിക്കാനും നമ്മെ സഹായിക്കുന്ന നിരവധി സൈക്കോതെറാപ്യൂട്ടിക്ക് രീതികൾ ഇപ്പോൾ ലഭ്യമാണ്. ഇമോഷണൽ ഇന്റലിജൻസ് വളർത്തിക്കൊണ്ട് നമ്മുടെ വികാരങ്ങളെ കൂടുതൽ നന്നായി നിയന്ത്രിക്കാൻ കഴിയും. 
വൈകിപ്പോകുന്നതിന് മുൻപ് ബേൺ ഔട്ട് തിരിച്ചറിയാം

ഏതൊരു വ്യക്തിയുടെയും കുടുംബജീവിതത്തിലെ കരിയറിലും വലിയ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന ഒന്നാണ് തൊഴിലിടത്തിൽ നിന്നുള്ള സമ്മർദ്ദങ്ങൾ. അതിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് സഹായം തേടേണ്ടത് മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും വളരെ പ്രധാനമാണ്. പ്രൊഫഷണലുകളുടെ സഹായത്തോടെ സമ്മർദ്ദം നിയന്ത്രിക്കാനും ഒരു ബാലൻസ് കണ്ടെത്തുന്നതിനും ബേൺ ഔട്ട് ഉണ്ടാകുന്നത് പ്രതിരോധിക്കാനും നമുക്ക് കഴിയും. കാര്യക്ഷമതയുള്ള ഒരു തൊഴിലിടം സൃഷ്ടിക്കണമെങ്കിൽ, വ്യക്തികളുടെ മാനസികാരോഗ്യം മാത്രം പരിഗണിച്ചാൽ പോര. സ്ഥാപനത്തിനകത്തുള്ള അന്തരീക്ഷവും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്.

ഡോ. ജോസഫ് സണ്ണി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.