ഇടവഴി നടവഴി തൊടിവഴി നടന്നു ഇടം വലം ചെടി കൊടി വള്ളിച്ചെടി ഇടം കൈ വാഴത്തളിരില തലോടി വലം കൈ വർണപ്പൂക്കൾ തലോടി..
ഇടവഴി നടവഴി തൊടിവഴി നടന്നു
ഇടം വലം ചെടി കൊടി വള്ളിച്ചെടി
ഇടം കൈ വാഴത്തളിരില തലോടി
വലം കൈ വർണപ്പൂക്കൾ തലോടി..
ഇടമിഴി ഇനിയൊരു മറുവഴിയിൽ
ഇലഞ്ഞിക്കനികൾ കുല കുലയായ്
ആഞ്ഞിലി ഇലഞ്ഞി തുടു തുടു കനികൾ!
മാവിൽ മാമ്പൂ കുലനിരകൾ...
കാണാൻ കൊതിച്ചൂ മിഴി-നടയായ്....
വലം മിഴി മെല്ലെ തുടിച്ചു ചെന്നു-
തെങ്ങോല മേഞ്ഞൊരാ ചേലുള്ള വീട്,
മുറ്റത്തെ ചെന്തെങ്ങിൽ ചെങ്കുടങ്ങൾ!
ഇടമിഴി മറുവഴി നടന്നു നീളേ....
ഇരു നിര നിരയായ് കരിമ്പനകൾ-
പനയിൽ തൂങ്ങും നൊങ്കിൻ കുലകൾ,
തൂങ്ങിത്തുടിപ്പൂ തുരന്നു നുണയാൻ ....
വരമ്പിൽ നിര! നിര! വയൽപ്പൂക്കൾ!
ഇരുമിഴി , ഇടം വലം കാറ്റിലാടും-
വയൽച്ചെടിപ്പൂക്കൾ വരമ്പത്തിരുവശം,
ചാഞ്ചാടി ചാഞ്ചാടി നൃത്തമാടിടുന്നൂ...
നിറകതിർ പാടങ്ങൾ കുണുങ്ങിയാടും
പൊന്നലക്കാഴ്ച കണ്ടു മനം കുളിച്ചും
കാഞ്ചനപ്രഭയിൽ മിഴിനടനീട്ടി ഞാൻ,
നോക്കെത്താ നടവരമ്പിൽ നടന്നുപോയീ...
ഫ്രാൻസിസ് എ.തോട്ടത്തിൽ,ഡാളസ്