ഇലപൊഴിയും കാലത്തിലെത്തി നോക്കുമ്പോള്‍
കരളലിയിക്കും കഥകള്‍ പറഞ്ഞു കരിയിലകള്‍
അമ്മ മരത്തിന്‍റെ ഉണങ്ങിയ ചില്ലകള്‍
കണ്ണുനീര്‍ വാര്‍ത്തില്ല, ചേര്‍ത്തു പിടിച്ചില്ല.
അലറിയടിച്ചോടിയ കാറ്റിന്‍റെ ഭീകരശബ്ദത്തില്‍
ഉണക്കമരത്തിന്‍റെ തേങ്ങലാരും കേട്ടതില്ല
കരിയിലക്കൂട്ടങ്ങളെ നാലുപാടും ചിതറിച്ച കാറ്റും പോയി
ആ മരച്ചോട്ടില്‍ ആരുമില്ലാതെയായ്.
രാത്രിതന്‍ യാമങ്ങളില്‍ കോച്ചിവലിക്കുന്ന
കുളിരില്‍ വിറച്ചുപോയ് മാമരക്കൊമ്പുകള്‍
പണ്ടു വസന്തത്തില്‍ ആ മരഗര്‍ഭത്തില്‍
ആര്‍ത്തുകിളിര്‍ത്തൊരായിരം തളിര്‍നാമ്പുകള്‍
പച്ചപ്പും തണലുമായി അമ്മതന്‍ മാറിടത്തില്‍
ചേര്‍ന്നുകിടന്നാലോലം ആടിയ ചില്ലകള്‍
പൂക്കളായ് കായ്കളായ് പൂത്തുമ്പികള്‍ക്കോണമായ്
വസന്തം വഴിമാറിയപ്പോള്‍ ഗ്രീഷ്മം വരവായ്
അമ്മ മരത്തില്‍ കായ്കള്‍ പഴങ്ങളായ്
വിതയ്ക്കാതെ കൊയ്യാതെ കളപ്പുരകളില്‍ കരുതാതെ
വിണ്ണില്‍ പറക്കുന്ന കിളികള്‍ക്ക് വിരുന്നൂട്ടിയമ്മ
ഗ്രീഷ്മത്തിലെ സൂര്യന്‍ കടലിനടിത്തട്ടിലൊളിച്ചു.
ശിശിരം കടന്നുവന്ന് അമ്മമരത്തിനെ തൊട്ടു
കണ്ണിലിരുട്ടുകയറും പകലൊന്നില്‍
പച്ച ശരീരത്തില്‍ വീണു പുഴുക്കുത്തുകള്‍
വേച്ചു നടക്കുവാന്‍ പറ്റാത്ത ദിനങ്ങളില്‍
മരവിച്ചുപോയി മനസ്സിന്‍റെ മന്ത്രങ്ങള്‍
കൈയ്യെത്താ ദൂരത്തില്‍ പറന്നുപോയ കരിയിലമക്കളെ
കണ്ടിട്ടും കാണാതെ കരയാനാകാത്ത അമ്മയോട്
പൊറുക്കണെ വരാനുള്ള വസന്തത്തെയോര്‍ത്തെങ്കിലും.

ലൂസി കണിയാലി (ചിക്കാഗോ)

