LITERATURE

ബ്രിക്സ് വേദിയിൽ ഇന്ത്യയുടെ നയതന്ത്ര വിജയം

Blog Image

സെപ്റ്റംബർ 12 13 തീയതികളിൽ ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയും തുടർന്നുണ്ടായ ഡൽഹി ഡിക്ലറേഷനും ഇന്ത്യൻ നയതന്ത്രജ്ഞതയുടെയും ചെയർമാൻ നരേന്ദ്ര മോദിയുടെയും വിജയവീഥിയിലെ നാഴികക്കല്ലായി ആഗോള മാധ്യമങ്ങൾ ഉൾപ്പെടെ പ്രകീർത്തിക്കപ്പെടുകയാണല്ലോ. ബ്രിക്സ് രാഷ്ട്രങ്ങൾക്കു ഉൾപ്പെടെ ഉത്തരവാദിത്വമുള്ള യുദ്ധക്കെടുതികളാൽ ലോകം വീർപ്പുമുട്ടുമ്പോൾ ഒന്നിച്ചു കൂടാമെങ്കിലും ഏകമനസ്സോടെയുള്ള ഒരു സംയുക്ത പ്രസ്താവന സുസാധ്യമാണെന്നു അംഗ രാജ്യങ്ങൾ പോലും കരുതിയിരുന്നില്ല. അവിടെയാണ് ലോകത്തെ വിസ്മയിപ്പിച്ച നയതന്ത്ര വിജയം ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ചേരിചേരാ നയത്തിൽ നിന്നും നയതന്ത്ര നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ഈ മാറ്റം 
വർഷങ്ങളായി രാജ്യം ആർജിച്ചെടുത്ത അനുഭവ സമ്പത്തിന്റെയും പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ജയശങ്കറിന്റെയും വ്യക്തമായ ദീർഘ വീക്ഷണത്തിന്റെയും അനന്തര ഫലമാണ്. 
                          പത്തു പ്രധാന വിഷയങ്ങൾ സംബന്ധിച്ച ഡൽഹി ഡിക്ലറേഷൻ എന്ന സംയുക്ത പ്രസ്താവനയിൽ അംഗ രാഷ്ട്രങ്ങളുടെ പരസ്പര സഹായത്തോടെയും സഹകരണത്തോടെയുള്ള സുസ്ഥിര വികസനത്തിനായുള്ള പദ്ധതികൾ മുന്നോട്ടു വെക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പൊതുവായ വിഷയങ്ങളിൽ സമാന അഭിപ്രായം രൂപപ്പെടുത്തി ഒരു വിലപേശൽ ശക്തിയാകുകയെന്ന ഉദ്ദേശത്തോടെ 2006 ൽ രൂപപ്പെട്ട ബ്രിക്സിന് അന്നൊരു സംഘടനാ രൂപം ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് ധനതത്വ ശാസ്ത്രജ്ഞനായ ജിം ഓ നീൽ തന്റെ ഒരു പ്രബന്ധത്തിൽ അന്ന് ലോകത്തു ഉയർന്നുവരുന്ന സാമ്പത്തിക ശക്തികളായി ബ്രസീൽ റഷ്യ ഇന്ത്യ ചൈന എന്നീ നാലു രാജ്യങ്ങളെ ബ്രിക് എന്ന് വിശേഷിപ്പിച്ചു. ആ വിശേഷണത്താൽ പ്രചോദിതരായ നാലു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ 2009 ൽ റഷ്യയിൽ ആദ്യ യോഗം ചേരുകയും തുടർന്ന് 2010 ൽ സൗത്ത് ആഫ്രിക്കയെകുടി ഉൾപ്പെടുത്തി ബ്രിക്നെ അഞ്ചു രാജ്യങ്ങൾ ചേരുന്ന ബ്രിക്സ് ആക്കി സംഘടനാ രൂപം നൽകുകയും ചെയ്തു. യുനൈറ്റഡ് നേഷൻസ് ലോക ബാങ്ക് അന്താരാഷ്ട്ര നായണനിധി തുടങ്ങിയ ലോകവേദികളിലെ നിലവിലുണ്ടായിരുന്ന പാശ്ചാത്യ മേധാവിത്വത്തിൽ ഗ്ലോബൽ സൗത്ത് പ്രാതിനിധ്യം ഉറപ്പുവരുത്താനും പരസ്പരമുള്ള വ്യാപാര സഹകരണം ഉറപ്പിക്കാനും ലക്ഷ്യമിട്ടു ആരംഭിച്ച ബ്രിക്സ് കൂട്ടായ്മയിൽ ഇന്ന് 11 രാഷ്ടങ്ങൾ അംഗങ്ങളാണ്.
                          2026 ൽ ഇന്ത്യയുടെ അധ്യക്ഷതയിൽ പതിനെട്ടാമത് ഉച്ചകോടി ഡൽഹിയിൽ സമ്മേളിക്കുമ്പോൾ അടിസ്ഥാന വിഷയങ്ങളിൽ സമവായം ഉണ്ടാകാനുള്ള സാധ്യതകൾക്ക് വിഘാതമായി വർഷങ്ങളായി തുടരുന്ന റഷ്യ ഉക്രയിൽ യുദ്ധവും ഇറാൻ അമേരിക്കൻ ഇസ്രായേൽ പങ്കാളിത്വമുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങളും പരിഹരിക്കപ്പെടാത്ത പലസ്‌തീൻ പ്രശ്നവും നിലവിലുണ്ടായിരുന്നു. അനന്തമായി നീളുന്ന യുദ്ധങ്ങൾ ലോകത്തിന്റെ സർവ്വനാശത്തിലേക്കാണെന്നും അനുരഞ്ജനങ്ങളിലൂടെ തർക്കങ്ങൾ പരിഹരിച്ചു യുദ്ധം അവസാനിപ്പിക്കണമെന്നും 
റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടത് അംഗീകരിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അക്കാര്യത്തിൽ ഇന്ത്യയുടെ മധ്യസ്ഥതയാകാമെന്നു സമ്മതിച്ചതും തുടർ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് കൈയൊഞ്ഞ മധ്യസ്ഥനീക്കങ്ങൾ ഇന്ത്യക്കു ഏറ്റെടുക്കാമെന്ന സമ്മതം ഇന്ത്യയുടെ സ്വീകാര്യത വർധിപ്പിക്കുന്നു.
                               മുക്കാൽ നൂറ്റാണ്ടിലേറെക്കാലമായി തുടരുന്ന ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച് ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനീസ് പ്രസിഡന്റ് ഷീജിങ് പിംഗ് ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി ഉച്ചകോടിക്കിടെ ചർച്ച നടത്തിയത് ഒരു പുതിയ സമവാക്യത്തിന്റെ സൂചനയായി പ്രതിഫലിക്കുന്നു. രണ്ടാം ലോക യുദ്ധാനന്തരം രൂപപ്പെട്ട യുണൈറ്റഡ് നേഷൻസ് രക്ഷാ സമിതിയിലെ ഇന്ത്യയുടെ സ്ഥിര അംഗത്വം എന്ന ചിരകാല ആവശ്യം ചൈനയും റഷ്യയും അംഗീകരിക്കാനുള്ള സാധ്യതയും സമ്മേളനത്തിൽ തെളിഞ്ഞു. അങ്ങനെ വന്നാൽ ലോകശക്തിക ചേരിയിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവാണ് ഉണ്ടാകുക.  കേരളത്തിന്റ സാമ്പത്തിക ഭദ്രതയേയും സുരക്ഷിതത്വത്തെയും ഏറെ ആശങ്കപ്പെടുത്തുന്ന പശ്ചിമേഷ്യൻ യുദ്ധങ്ങളിൽ അമേരിക്കയുടെ സൈനിക താവളങ്ങൾ അനുവദിച്ചതിന്റെ പേരിൽ ഇറാൻ  യു എ ഇ ക്കെതിരെ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനായി ഇറാൻ യൂ എ ഇ രാഷ്ട്ര തലവന്മാരെയും സൗദി രാജാവിനെയും ഒരുമിച്ചിരുത്തി സംസാരിപ്പിക്കാൻ ഇൻഡ്യക്കായതു വലിയ നേട്ടമായി കാണേണ്ടതുണ്ട്.  നിർണ്ണായകമായ ഈ കുടിക്കാഴ്ചയെ അൽജസീറ വാർത്തപോലും പ്രകീർത്തിക്കുന്നു. അമേരിക്കയെ പേരെടുത്തു കുറ്റപ്പെടുത്താത്തതിൽ മാത്രമായി അൽജസീറ വിമർശനം മയപ്പെടുത്തിയിരുന്നു.
                              വളരെ മുൻകരുതലോടെ ഉചിതമായ പദപ്രയോഗങ്ങളിലൂടെ തയ്യാറാക്കിയ സംയുക്ത പ്രഖ്യാപനത്തിൽ ബ്രിക്സ് രാജ്യങ്ങൾ ഡോളർ ഒഴിവാക്കി ചൈനീസ് കറൻസിയിൽ പരസ്പരം വ്യാപാരം നടത്തണമെന്ന ചൈനയുടെ മുൻനിലപാടിൽ മാറ്റംവരുത്തി ഡോളർ ആഗോള വിനിമയ ഉപാധിയാക്കി നിലനിർത്തിക്കൊണ്ടു ബ്രിക്സ് രാജ്യങ്ങൾക്കു തദ്ദേശീയ കറൻസിയിൽ വ്യാപാരം നടത്താമെന്ന് സമ്മതിപ്പിച്ചത് ഇന്ത്യൻ റുപ്പീക്കുണ്ടായ നേട്ടമായി കണക്കാക്കാം. റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തി അമേരിക്ക റഷ്യൻ വ്യാപാരത്തെ തടഞ്ഞപ്പോൾ ലക്ഷക്കണക്കിന് ബാരൽ എണ്ണ ഇന്ത്യൻ റുപ്പീ ഉപയോഗിച്ച് റഷ്യയിൽ നിന്നും വാങ്ങിയതും ഇറാനിൽ നിന്നും ഇന്നും വാങ്ങുന്നതും ഇതോടൊപ്പം കാണേണ്ടതാണ്. ഈ വിഷയത്തിൽ അന്താരാഷ്ട്ര മാധ്യമമായ ഫിനാൻഷ്യൽ ടൈംസ് ഗ്ലോബൽ എക്കണോമിയുടെ 40% വും ലോക ജനസംഖ്യയിൽ പകുതിയിലേറെയും വരുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഈ നീക്കത്തെ പുതിയ ലോകക്രമത്തിന്റെ തുടക്കമായി വിലയിരുത്തുന്നു. ഇറാനും യു എ ഇ യുമായുള്ള കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയ ഇന്ത്യൻ വിദേശകാര്യ വകുപ്പിനെയും പ്രധാന മന്ത്രിയെയും ഡൽഹി ഡിക്ലറേഷൻ വിലയിരുത്തലിൽ മാധ്യമഭീമൻ റോയിട്ടേഴ്സും പ്രശംസിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റും നിർമ്മിതബുദ്ധി വിവര പങ്കുവെക്കലും ഇന്ത്യയുടെ മേഖലയിലുള്ള മേധാവിത്വത്തിനു പുത്തൻ ഉണർവ്വുണ്ടാക്കുമെന്നു ബി ബി സി യും സി എൻ എന്നും അഭിപ്രായപ്പെടുന്നു.
                                     ഇസ്രയേലുമായി സൗഹാർദ്ദപരമായ നിലപാടുകൾ തുടരുമ്പോളും പലസ്‌തീൻ പ്രശ്‌നത്തിൽ ഇന്ത്യയുടെ ദ്വിരാഷ്ട്ര പരിഹാര നിലപാട് സഖ്യ രാജ്യങ്ങളുടെ എതിർ ശബ്ദമില്ലാതെ സമ്മേളനത്തിൽ ആവർത്തിക്കാനും ഇന്ത്യക്കു കഴിഞ്ഞു. അമേരിക്കയുമായും യൂറോപ്യൻ യൂണിയനുമായും വിവിധ വ്യാപാര ഉടമ്പടികളിൽ പങ്കാളിയായ ഇന്ത്യ ബ്രിക്സ് സഖ്യം പാശ്ചാത്യ വിരുദ്ധമോ ഡോളർ വിരുദ്ധമോ അല്ലായെന്നു അർത്ഥശങ്കക്ക് ഇടയില്ലതെ വ്യക്തമാക്കാനും ഇതിനിടയിൽ ശ്രദ്ധിച്ചു.
ഇന്ത്യയുടെ വിദേശകാര്യ പാർലമെന്ററി കമ്മിറ്റി അധ്യക്ഷൻ ഡോ: ശശി തരൂർ ന്യൂയോർക്കിൽ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് രാഷ്ട്രീയത്തെക്കാൾ ഇന്ത്യയുടെ രാഷ്ട്ര താത്പര്യങ്ങൾ സംരക്ഷിക്കുന്ന സമാധാനപരവും സർവ്വാശ്ലേഷിയുമായ ലോകക്രമം കെട്ടിപ്പടുക്കാനുള്ള വിദേശ നയങ്ങളും തന്ത്രങ്ങളുമാണ് ഇന്ത്യ പിന്തുടരുന്നത് എന്നാണ്. ഇന്ത്യ അമേരിക്കക്കു എതിരാകുമെന്നു കരുതുന്നില്ലെന്നും ഇന്ത്യക്കു മേലുള്ള താരിഫ് ശതമാനം അൻപതിലേക്കും  നൂറിലേക്കും ഉയർത്തുമെന്ന് ഭീഷണിയുണ്ടായപ്പോളും 
അമേരിക്കയുമായി ഏറ്റുമുട്ടലിനു നിൽക്കാതെ സമാന്തര വിപണികൾ കണ്ടെത്തുകയാണ് ഇന്ത്യ ചെയ്തതെന്നും തരൂർ തുടർന്ന് പറഞ്ഞിരുന്നു.
നയതന്ത്ര രംഗത്തെ പ്രമുഖരെല്ലാം അഭിനന്ദിച്ച ബ്രിക്സ് ഉച്ചകോടിയിൽ കാര്യമായ ഒരു വിമർശനവും ഉന്നയിക്കാൻ കഴിയാതെ സമാപന സദ്യയിൽ സസ്യേതര ഭക്ഷണം നൽകിയില്ല എന്ന കണ്ടത്തലിൽ സായൂജ്യമടഞ്ഞ ഒരു പ്രതിപക്ഷ നേതാവിനെയും ഇന്ത്യയിൽ ഇത്തരുണത്തിൽ കാണാൻ കഴിഞ്ഞു.
                                ആഗോള രംഗത്ത് വലിയ പ്രതീക്ഷകൾ നൽകുന്ന സമ്മേളന പ്രഖ്യാപനങ്ങൾ പ്രമാണങ്ങളിലൊതുങ്ങാതെ പ്രയോഗത്തിൽ വരുത്തേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം പതിനൊന്നു അംഗ രാഷ്ട്രങ്ങൾക്കുമാണ്. അനേകം വെല്ലുവിളികൾ നിറഞ്ഞ വർത്തമാന കാലത്തു നടന്ന ഉച്ചകോടിയുടെ സുരക്ഷിതമായ സംഘാടനവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങലും ഇന്ത്യയുടെ കരുത്തിന്റെയും നയതന്ത്രങ്ങളുടെയും ആവർത്തിച്ചുള്ള വിജയം തന്നെയാണ്.

  സുരേന്ദ്രൻ നായർ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.