'ഐ നോബഡി': വളരെ പ്രസക്തമായ ഒരു രാഷ്ട്രീയ വിഷയം ചർച്ച ചെയ്യുന്ന ഹെയ്സ്റ്റ് ആക്ഷൻ ത്രില്ലർ സിനിമയാണ് നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ഫിലിം ഐനോബഡി . നന്നായി തുടങ്ങിയ മികച്ച ഫസ്റ്റ് ഹാഫിന് ശേഷം പക്ഷേ തിരക്കഥയുടെ അലക്ഷ്യതയിൽ തട്ടി രണ്ടാം പകുതിയിൽ പടത്തിൻ്റെ ഗ്രാഫ് താഴ്ന്നു പോകുന്നു. 'റോഷാക്കി'ന് ശേഷം നിസാം ബഷീറും രചയിതാവ് സമീർ അബ്ദുലും ഒരുമിക്കുന്ന സിനിമ എന്ന നിലയ്ക്കുണർന്ന പ്രതീക്ഷയോട് പൂർണ്ണമായും നീതി പുലർത്തുന്നില്ലെങ്കിലും വർത്ത് ഫാക്റ്റേഴ്സ് ഉള്ള പടമാണ് 'ഐ നോബഡി'. തന്നെ വേട്ടയാടുന്ന സിസ്റ്റത്തോട് ഒരു മനുഷ്യൻ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. താറുമാറായ ദാമ്പത്യ ജീവിതത്തിലൂടെ കടന്നുപോകുന്ന പൃഥിരാജിൻ്റെ രാജീവ്, ഒരു ബാങ്ക് കവർച്ചക്കേസിൽ കൂടി അകപ്പെടുന്നതോടെ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പൂർണമായി ഒറ്റപ്പെടുന്നു. അയാളാണോ കവർച്ചയുടെ സൂത്രധാരൻ എന്ന ചോദ്യത്തിൻ്റെ ഉത്തരം നല്കാതെ ആദ്യപകുതി സസ്പെൻസിൻ്റെ ത്രിൽ നിലനിർത്തുന്നു. ഒരു വശത്ത് രാജീവും മറുവശത്ത് കുടുംബവും നിയമവും പൊലീസും ക്രിമിനലുകളും മാധ്യമങ്ങളുമെല്ലാം അണിനിരക്കുന്നതിലൂടെ സാമാന്യം ഗ്രിപ്പിങ് ആയിത്തന്നെ ആദ്യപാതിയിൽ പ്ലോട്ട് വികസിക്കുന്നു. അപ്പോഴും പൊലീസിങ്ങുമായി ബന്ധപ്പെട്ട മേഖലകളിൽ തിരക്കഥയുടെ കൃത്യതയും ശ്രദ്ധയും വലിയ തോതിൽ ചോർന്നുപോകുന്നുണ്ട്. ഹോംവർക്കിൻ്റെയും സൂക്ഷ്മതയുടെയും അഭാവം പ്രകടമാണ്.

എന്നിരുന്നാൽപ്പോലും ആക്ഷൻ ത്രില്ലറിൻ്റെയും സോഷ്യൽ ത്രില്ലറിൻ്റെയും ഘടകങ്ങളുടെ നല്ല ബ്ലെൻഡിൽ സ്ലോ ബിൽഡ് ചെയ്തുവരുന്ന പടം ആ ഘട്ടത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു. പക്ഷേ, പ്രമേയസന്ദർഭങ്ങൾ വിരസമായി ആവർത്തിക്കപ്പെടുകയും കഥാപ്രവാഹം പലവഴിയ്ക്കു കരകവിയുകയും ചെയ്യുന്നതിനാൽ രണ്ടാം പകുതി പലപ്പോഴും മടുപ്പിക്കുകയാണ്. രാജീവല്ലാതെ മറ്റാരും പ്രേക്ഷകൻ്റെ വിഷയമേയല്ലാതായി മാറുന്നത്ര ഡിസ്കണക്റ്റഡും റ്റീഡിയസുമായി മാറുന്ന സിനിമ, കൂടുതൽ ബോറിങ്ങായ ക്ലൈമാക്സിൽ ചെന്ന് പതിക്കുന്നു. ത്രില്ലർ സിനിമകൾക്ക് ലോജിക് 'ആവശ്യമല്ലാ'ത്തതിനാലാവാം അക്കാര്യം രണ്ടാം പകുതിയിൽ പാടേ മറന്നുപോകുന്നതും കാണാം. രണ്ടേ മുക്കാൽ മണിക്കൂറിലധികം നീളുന്ന സിനിമയിലെ അനാവശ്യ രംഗങ്ങൾ നന്നായി മുറിച്ചുമാറ്റിയിരുന്നെങ്കിൽ, നോബഡിയായ ഒരു മനുഷ്യനെ സിസ്റ്റം എത്ര ക്രൂരമായാണ് വേട്ടയാടുക എന്നും എവ്വിധമാണ് അതയാളെ മറ്റാരോ ആയി പരിവർത്തിപ്പിക്കുക എന്നുമുള്ള ചർച്ചയുടെ രാഷ്ട്രീയധാരയ്ക്ക് ഇടർച്ചയില്ലാത്ത കേന്ദ്രത്വം കൈവരുമായിരുന്നു. അത് ഈ സിനിമയെ കുറേകൂടി മികച്ചൊരു കലാസൃഷ്ടിയായി ഉയർത്തുകയും ചെയ്യുമായിരുന്നു.
ദൃശ്യ/ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും നടത്തുന്ന മാധ്യമ വിചാരണയ്ക്കും വേട്ടയ്ക്കുമെതിരെ 'ഐ നോബഡി' ഉയർത്തുന്ന ശക്തമായ വിമർശനമാണ് ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയവും ശ്ലാഘനീയവുമായ ഘടകം.
'മറുനാടൻ മലയാളി'യെ പലനാടൻ എന്നോ മറ്റോ സ്റ്റാൻ്റിൻ ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. കപടസൃഷ്ടമായ ഊഹക്കഥകൾ പറത്തി വിട്ട് അത്തരം മാധ്യമങ്ങൾ നടത്തുന്ന വ്യക്തിഹത്യകളെയും അതേറ്റുപിടിച്ച് സമൂഹവും
സിസ്റ്റവും ചേർന്ന് നടത്തുന്ന നായാട്ടുകളെയും സിനിമ കൃത്യമായി തുറന്നുകാട്ടുന്നു; അത്തരം വേട്ടക്കളങ്ങളിൽ അകപ്പെട്ടു പോകുന്ന മനുഷ്യരുടെ നിസ്സഹായതയും ദൈന്യവും ദുരിതങ്ങളും സമ്മർദ്ദവും ആത്മശോഷണവും തീവ്രമായി വരച്ചുകാട്ടുകയും ചെയ്യുന്നു. താനനുഭവിക്കുന്ന സോഷ്യൽ ടോർച്ചറിൽ നിന്നുള്ള അയാളുടെ ഉയിർപ്പിൻ്റെ വഴി തെളിക്കുവാൻ എൻവയേൺമെൻ്റൽ സയൻസിലെ പ്രാഥമിക പാഠമായ 'ഫുഡ് ചെയ്ൻ' എന്ന അനലജിയാണ് സമീർ അബ്ദുൽ ട്വിസ്റ്റ് ചെയ്ത് പ്രയോഗിക്കുന്നത്. പുല്ല്-പുൽച്ചാടി-തവള-പാമ്പ് ശൃംഖലയുടെ രേഖീയത മറികടന്ന്, പുൽച്ചാടിയ്ക്ക് തൻ്റെ പ്രിഡേറ്ററായ തവളയെയും ഭക്ഷിക്കേണ്ടി വരുമെന്ന തത്വം പടം മുന്നോട്ടു വെക്കുന്നു. പലതരം മർദ്ദിത വിഭാഗങ്ങൾ നിരന്തരവും നീതിരഹിതവുമായ പീഡനങ്ങളെത്തുടർന്ന് റാഡിക്കൽ-റിയാക്റ്റീവ് എക്സ്ട്രീമിസത്തിലേക്കും ടെററിസത്തിലേക്കും വഴിമാറിപ്പോകുന്നതിൻ്റെ ഉപമ കൂടി ഇതിൽ അന്തർലീനമാണ്.
രാജീവ് സദാ അനുഭവിക്കുന്ന സമ്മർദ്ദം അങ്ങനെത്തന്നെ ഒപ്പിയെടുക്കുന്ന പൃഥ്വിയുടെ പ്രകടനം പ്രശംസനീയമാണ്. രാജീവിൻ്റെ ഭാര്യ മീരയുടെ കലുഷിത ഭാവങ്ങൾ പാർവതിയും മികവുറ്റതാക്കി. ഹക്കിം ഷായും അശോകനും മധുപാലും നന്നായി പെർഫോം ചെയ്തു. മധുപാലിൻ്റെയും അശോകൻ്റെയും മെയ്ക്കോവർ അത്ഭുതകരമായിരുന്നു. ചില അപ്സ് മാറ്റിനിർത്തിയാൽ, പശ്ചാത്തല സംഗീതമെന്ന പേരിൽ ജെയ്ക്സ് ബിജോയ് പല ഭാഷകളിൽ ബഹളം വെക്കുന്ന പരിപാടി തുടരുകയാണ്. ദിനേശ് പുരുഷോത്തമൻ്റെ ചില ക്യാമറ ആംഗിളുകൾ, പ്രത്യേകിച്ച് ഇൻഹൗസ് രംഗങ്ങളിൽ, കൗതുകകരമായിരുന്നു. കണ്ടുമടുത്തതാണെങ്കിൽപ്പോലും കാർ ആക്സിഡൻ്റ് ഷോട്ട് നടുക്കം സൃഷ്ടിക്കുന്നത്ര സുന്ദരവുമായിരുന്നു.
ലാസ്റ്റ് വേഡ്: രണ്ടാം പകുതിയിലെ അനാവശ്യ ദൈർഘ്യവും രംഗങ്ങളും സംഘട്ടനങ്ങളും പടത്തിൻ്റെ മേന്മയെ ബാധിക്കുന്നുണ്ട്. അത് സഹിക്കാമെങ്കിൽ, ഒന്ന് കാണാനുള്ള വക പടത്തിൻ്റെ ഫസ്റ്റ് ഹാഫിൽ തന്നെയുണ്ട്.

കെ സി ഷൈജൽ

